മുൻഭാര്യയുമായി വഴക്കിട്ട യുവാവിന്‍റെ ‘കടുംകൈ’; എയർപോർട്ട് നിശ്ചലമായത് 18 മണിക്കൂർ, 100ലേറെ വിമാനങ്ങൾ റദ്ദാക്കി

ജർമ്മനിയിലെ ഹാംബർ​ഗ് വിമാനത്താവളത്തിന്റെ പ്രവർത്തനം അനിശ്ചിതത്തത്തിലാക്കി യുവാവിന്റെ സാഹസം. ഹാംബർ​ഗ് വിമാനത്താവളം ബന്ദിയാക്കിയ യുവാവ് വലിയ പൊല്ലാപ്പാണ് സൃഷ്ടിച്ചത്. ഇതേ തുടർന്ന് വിമാനത്താവളം 18 മണിക്കൂർ അടച്ചിടേണ്ടി വന്നു.

ശനിയാഴ്ച പ്രാദേശിക സമയം രാത്രി 8 മണിക്കാണ് സംഭവം തുടങ്ങിയത്. 35കാരനായ യുവാവ് തന്റെ നാലു വയസ്സുള്ള മകളുമായി കാറിൽ വിമാനത്താവളത്തിലേക്ക് ചീറിപ്പാഞ്ഞെത്തിയ ശേഷം എയർപോർട്ടിന്റെ സുരക്ഷാവേലി കടന്ന് അകത്ത് കയറി. ഒരു തുർക്കി എയർലൈൻസ് വിമാനത്തിന് സമീപം നിലയുറപ്പിച്ചതിനെ തുടർന്നാണ് വിമാനത്താവളത്തിൽ ആശങ്ക പരന്നത്.

വിമാനത്താവളത്തിലേക്ക് കയറിയപ്പോൾ ഇയാൾ രണ്ട് തവണ വെടിവെക്കുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തതോടെ സ്ഥിതി​ഗതികൾ വഷളായി. ഇയാൾക്കൊപ്പമുള്ള കുഞ്ഞിന്റെ സുരക്ഷയെ കരുതി അതീവ ​ജാ​​ഗ്രതയോടെയാണ് അധികൃതർ കാര്യങ്ങൾ മുമ്പോട്ട് നീക്കിയത്. ഉടൻ തന്നെ നിർത്തിയിട്ടിരുന്ന വിമാനങ്ങളിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ശനിയാഴ്ച രാത്രി മുതൽ നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്.

നൂറിലേറെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും 17  വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തതായാണ് റിപ്പോർട്ട്. 286 വിമാനങ്ങൾ ഞായറാഴ്ചത്തേക്ക് ഷെഡ്യൂൾ ചെയ്യുകയുമായിരുന്നു. ഏകദേശം 3,000 യാത്രക്കാരാണ് യുവാവിന്റെ സാഹസം മൂലം വലഞ്ഞത്.

യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ഇന്നലെ ഉച്ചകഴിഞ്ഞ് യുവാവ് കീഴടങ്ങുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന കുട്ടി സുരക്ഷിതയാണ്. കുട്ടിയുടെ സംരക്ഷ്ഷണവുമായി ബന്ധപ്പെട്ട് ഇയാളും മുൻ ഭാര്യയും തമ്മിലുണ്ടായ തർക്കമാണ് യുവാവിന്റെ പ്രവൃത്തിക്ക് കാരണമായതെന്ന് അധികൃതർ പറഞ്ഞു. മുൻ ഭാര്യയുമായുണ്ടായ തർക്കത്തിന് പിന്നാലെ കുട്ടിയെ യുവാവ് കൂട്ടിക്കൊണ്ട് പോകുകയും തുടർന്ന് മുൻ ഭാര്യ പരാതി നൽകുകയുമായിരുന്നു. എന്നാൽ ഇതാദ്യമായല്ല തുർക്കി പൗരനായ ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുന്നത്. കഴിഞ്ഞ വർഷം കുട്ടിയുമായി ഇയാൾ അനുവാദമില്ലാതെ തുർക്കിയിലേക്ക് പോയിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ തിരികെ ജർമ്മനിയിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.

 

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!