വാഹനപരിശോധന കണ്ട് 19കാരൻ്റെ മരണപ്പാച്ചിൽ; ബോണറ്റിൽ തൂങ്ങിക്കിടന്ന പൊലീസുകാരനുമായി കാർ പാഞ്ഞത് 300 മീറ്ററിലധികം ദൂരം! – വീഡിയോ

സൂറത്ത്∙ വാഹന പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പത്തൊൻപതുകാരൻ ഓടിച്ച കാർ ഇടിക്കാതിരിക്കാൻ അതേ കാറിന്റെ ബോണറ്റിൽ തൂങ്ങി പൊലീസുകാരൻ. ബോണറ്റിൽ തൂങ്ങിക്കിടന്ന പൊലീസുകാരനുമായി കാർ പാഞ്ഞത് 300 മീറ്ററിലധികം ദൂരം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ഹേംരാജ് ഭദിയയാണ് പൊലീസ് ഉദ്യോഗസ്ഥൻ ബോണറ്റിൽ തൂങ്ങിക്കിടക്കെ കാർ ഓടിച്ചുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

അൽകാപുരി പാലത്തിനു താഴെ ‍ഞായറാഴ്ച രാത്രി പൊലീസ് സംഘം വാഹന പരിശോധന നടത്തുമ്പോഴാണു സംഭവം. റജിസ്ട്രേഷൻ നമ്പർ ഇല്ലാതെ വന്ന കാർ ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ രക്ഷക് ഗൗതം ജോഷി വാഹനം നിർത്താൻ ആംഗ്യം കാണിച്ചു. എന്നാൽ കാർ അതിവേഗം ജോഷിക്കുനേരെ ഓടിച്ചുവരികയായിരുന്നു. ഇടിച്ചുതെറിപ്പിക്കാതിരിക്കാൻ ജോഷി ബോണറ്റിൽ പിടിച്ചുതൂങ്ങി.

എന്നിട്ടും കാർ അതിവേഗം ഓടിച്ചുപോയ വിദ്യാർഥി, ജോഷിയെ ബാരിക്കേഡിൽ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. വളച്ചും തിരിച്ചും കാർ ഓടിച്ച് ജോഷിയെ നിലത്തു വീഴ്ത്തിയ ശേഷം ദേഹത്തുകൂടെ കാർ ഓടിച്ചുകയറ്റാനും ഹേംരാജ് ശ്രമിച്ചു. ഭാഗ്യം കൊണ്ടുമാത്രമാണ് ജോഷി രക്ഷപ്പെട്ടതെന്ന് അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു.

ഹേംരാജിനെ പിന്തുടർന്ന പൊലീസ് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. റോഡിൽ വീണുകിടന്ന ജോഷിയെ പൊലീസുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

വീഡിയോ കാണാം..

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!