ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു മരണം

ഇടുക്കി: ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു മരണം. ചേരിയാർ സ്വദേശി ശാവുംപ്ലാക്കൽ റോയി ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ കിടന്നുറങ്ങിയ റോയിയുടെ മുകളിലേക്ക് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു.

വലിയ മണ്ണിടിച്ചിൽ ആയിരുന്നില്ല ചേരിയാറില്‍ ഉണ്ടായതെങ്കിലും റോയ് താമസിച്ചിരുന്നത് ദുർബലമായ കെട്ടിടത്തിലാണ് എന്നതാണ് ജീവഹാനിക്ക് കാരണമായതെന്നാണ് വിവരം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ, ഇടുക്കിയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലുമാണ് ഉരുൾപൊട്ടിയത്. പൂപ്പാറയിലും കുമളി മൂന്നാർ – റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.

പേത്തൊട്ടിയിൽ പ്രധാന റോഡിലേക്കാണ് ഉരുൾപൊട്ടിയെത്തിയത്. രണ്ട് വീടുകൾക്ക് സമീപത്തേക്ക് ഉരുള്‍പൊട്ടിയെത്തി. ഉരുൾപൊട്ടലിൽ കച്ചറയിൽ മിനിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചു. വെള്ളം മാറിയൊഴുകിയതിനാല്‍ വന്‍ അപകടം ഒഴിവായി. വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. രാത്രി ഒമ്പതിനാണ് മിനിയുടെ വീടിനകത്തേക്ക് മലവെള്ളപ്പാച്ചിൽ എത്തിയത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും മലവെള്ളപ്പാച്ചിലിൽപെട്ടു. ദളം ഭാഗം പൂർണമായി ഒറ്റപ്പെട്ടു. റോഡ് ഗതാഗതവും വൈദ്യുത ബന്ധവും നിലച്ചു. ഉരുള്‍പൊട്ടി വലിയ ഉരുളന്‍ കല്ലുകളും മരങ്ങളും കടപുഴകിയെത്തി. ഏക്കര്‍ കണക്കിന് ഏലം കൃഷി പൂര്‍ണമായി ഒലിച്ചുപോയി പ്രദേശം ഒരു നീര്‍ച്ചാലായി മാറി.

 

ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

കേരളത്തില്‍ തുലാവര്‍ഷം സജീവമായി തുടരും. തിങ്കളാഴ്ച തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പാണ്.

അറബിക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 11 വരെ മഴ തുടരാനാണ് സാധ്യത.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!