ഗസ്സയിലാകെ കൂട്ടക്കുരുതി; ഗസ്സയെ രണ്ടായി മുറിച്ചെന്ന് ഇസ്രായേൽ, മരണം പതിനായിരത്തോട് അടുക്കുന്നു – വീഡിയോ

ഗസ്സയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ സൈന്യം. ഗസ്സ സിറ്റിയെ ഇസ്രയേൽ സൈന്യം വളഞ്ഞെന്നും വടക്കൻ ഗസ്സ, തെക്കൻ ഗസ്സ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്നും ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെസ്റ്റ് ബാങ്കും ഇറാഖും സന്ദർശിച്ചതിനു പിന്നാലെയായിരുന്നു  ഡാനിയൽ ഹഗാരിയുടെ പ്രതികരണം. 48 മണിക്കൂറിനുള്ളിൽ ഗസ്സ സിറ്റിയിൽ ഇസ്രയേൽ സൈന്യം പ്രവേശിക്കുമെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രാത്രിയിൽ വെസ്റ്റ് ബാങ്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അമ്പതോളം ഫലസ്തീനികളെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്യുകയും ചെയ്തു.

 


ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മകൻ്റെ മൃതദേഹവും ചുമന്ന് ഒരു പിതാവ് ആശുപത്രിയിലേക്ക് വരുന്ന കാഴ്ച കണ്ണ് നിറക്കുന്നതായിരുന്നു.

 

ഗസ്സയിൽ ഇസ്രായേൽ സേന ബോംബിട്ട് തകർത്ത വീടിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ തൻ്റെ ഭാര്യയേയും മക്കളേയും തിരയുന്ന പിതാവ്.

 

കൊല്ലപ്പെട്ട സഹോദരൻ്റെ മൃതദേഹത്തിനരികിലിരുന്ന് വിലപിക്കുന്ന ഫലസ്തീനി

 

അതേ സമയം ഗസ്സയിൽ പ്രവേശിക്കാനുള്ള ഇസ്രായേൽ ശ്രമത്തെ ശക്തമായി പ്രതിരോധിക്കുന്നതായി ഹമാസ് വ്യക്തമാക്കി. കരയുദ്ധത്തിൽ മാത്രം ഇത് വരെ മുപ്പതോളം ഇസ്രായേലി  സേനകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിൻ്റെ പ്രത്യേകമായ യുദ്ധ തന്ത്രങ്ങൾക്ക് മുന്നിൽ ഇസ്രായേൽ കരസേനക്ക് അടി തെറ്റുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേ സമയം കഴിഞ്ഞ ദിവസവും ഗസ്സയിൽ ഇസ്രായേലിൻ്റെ വ്യോമാക്രമണം ശക്തമായി തുടരുകയാണ്. ആശുപത്രികൾക്കും സ്കൂളുകൾക്കും അഭയാർത്ഥി ക്യാമ്പുകൾക്കും നേരെ വ്യാപകമായ ആക്രമണം ഉണ്ടായി. രാത്രി വൈകിയും ആക്രമണം തുടരുകയായിരുന്നു.

 

 

രണ്ട് അഭയാർഥി ക്യാംപുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്കു പരുക്കുണ്ട്. മഗസി അഭയാർഥി ക്യാംപിനുനേരെയുണ്ടായ വ്യോമാക്രമണത്തിൽ 40 പേർ കൊലപ്പെടുകയും 34 പേർക്കു പരുക്കേൽക്കുകയും ചെയ്തു.സെൻട്രൽ ഗാസയിലെ ബുരേജി അഭയാർഥി ക്യാംപിനു സമീപമുള്ള വീടിനു നേരെയും ആക്രമണമുണ്ടായി. 13 പേരോളം കൊല്ലപ്പെട്ടതായി അൽ അക്സ ആശുപത്രി സ്റ്റാഫ് പറഞ്ഞു. യുദ്ധം തുടങ്ങി ഒരുമാസം ആകുമ്പോൾ 9,700 ൽ അധികം ഫലസ്തീനികൾ ഇതുവരെ കൊല്ലപ്പെട്ടെന്നും ഇതിൽ 4,000 പേർ കുട്ടികളാണെന്നുമാണു ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

 

 

വീടിനു നേരെയുണ്ടായ ബോംബാക്രമണത്തെ തുടർന്ന് ഒരു ഫലസ്തീനിയൻ സ്ത്രീ തന്റെ പേരക്കുട്ടികളെ ആശുപത്രിയിലെ മൃതദേഹങ്ങൾക്കിടയിൽ തിരയുന്ന വേദനാജനകമായ നിമിഷങ്ങൾ 

 

ഇസ്രായേൽ സേന ബോംബിട്ട് തകർത്ത വീട്ടിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഫലസ്തീനി ബാലൻ തൻ്റെ ശരീരത്തിൻ്റെ വിറയൽ സഹോദരനെ കാണിക്കുന്നു.

 

അതിനിടെ യുദ്ധത്തിനിടെ മേഖലയിൽ രണ്ടാമത്തെ സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെസ്റ്റ് ബാങ്കിലെ റമല്ലയിൽ ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ചർച്ച ഒരു മണിക്കൂറിനകം അവസാനിച്ചു. ചർച്ചയ്ക്കു ശേഷം പതിവുള്ള സംയുക്തപ്രസ്താവന ഉണ്ടായില്ല. ഗസ്സയി‍ലേതു വംശഹത്യയാണെന്നും വെടിനിർത്തൽ ഉടൻ വേണമെന്നും മഹമൂദ് അബ്ബാസ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവർത്തിച്ചു.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!