‘ഗസ്സയിൽ ആണവ ബോംബിടണമെന്ന് ആവശ്യം’: പരാമര്‍ശം വിവാദമായതോടെ മന്ത്രിക്കെതിരെ നടപടിയുമായി ഇസ്രായേൽ ഭരണകൂടം

ഗസ്സയിൽ ആണവബോംബിടാനുള്ള ആവശ്യമുയർത്തിയ ഇസ്രായേൽ മന്ത്രിക്ക് സസ്‌പെൻഷൻ. ഇസ്രായേൽ ജറൂസലം-പൈതൃക വകുപ്പു മന്ത്രി അമിഹൈ ഏലിയാഹുവിനെതിരെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടപടി സ്വീകരിച്ചത്. മന്ത്രിസഭാ യോഗങ്ങളിൽനിന്നാണ് അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തിയതെന്ന് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു.

ഒരു പ്രാദേശിക റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഏലിയാഹുവിന്റെ വിവാദ പരാമർശം. ഗസ്സ മുനമ്പിൽ ആണവബോംബിട്ട് എല്ലാവരെയും കൊന്നുകളഞ്ഞാൽ എങ്ങനെയുണ്ടാകുമെന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതൊരു സാധ്യതയാണെന്നായിരുന്നു ഇതിനോട് എലിയാഹുവിന്റെ പ്രതികരണം.

ഗസ്സയിൽ പോരാളികൾ മാത്രമാണുള്ളതെന്നും അങ്ങോട്ടേക്ക് മാനുഷിക സഹായം അയക്കുന്നത് പരാജയമാകുമെന്നും അഭിമുഖത്തിൽ ഏലിയാഹു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫലസ്തീൻ ജനതയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോൾ അവർ അയർലൻഡിലോ ഏതെങ്കിലും മരുഭൂമിയിലേക്കോ പോയ്‌ക്കൊള്ളട്ടെയെന്നായിരുന്നു മറുപടി. ഗസ്സക്കാർ നാസികളാണെന്നും അവർക്കു മാനുഷികസഹായം നൽകരുതെന്നും ഏലിയാഹു തുടരുന്നുണ്ട്.

പരാമർശം വലിയ കോളിളക്കം സൃഷ്ടിച്ചതോടെ മുഖംരക്ഷിക്കാനായി നെതന്യാഹു തന്നെ രംഗത്തെത്തി. യാഥാർത്ഥ്യവുമായി നിരക്കാത്തതാണ് ഏലിയാഹുവിന്റെ പ്രസ്താവനയെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്തിയുടെ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് ഇസ്രായേൽ ആക്രമണമെന്നും നിരപരാധികളെ ഒഴിവാക്കിയിട്ടുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു.

എന്നാൽ, പ്രസ്താവന ആലങ്കാരിക പ്രയോഗമാണെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു. അക്കാര്യം ആർക്കും മനസിലാകുന്നതാണ്. എന്നാൽ, ഭീകരവാദത്തിനെതിരെ ശക്തമായ മറുപടി വേണമെന്നും ബന്ദികളെ തിരിച്ചെത്തിക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!