‘ഗർഭിണിയാക്കി, ഗർഭഛിദ്രം നടത്തിയതിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വേണം’: മുബഷിറയെ നാടകീയമായി കുടുക്കി പൊലീസ്

യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതിയെയും സുഹൃത്തിനെയും പൊലീസ് കുടുക്കിയത് തന്ത്രപരമായി. ഗർഭിണിയാക്കിയതിനും പിന്നീട് ഗർഭഛിദ്രം നടത്തിയതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തിയ കേസിൽ കോട്ടയ്ക്കൽ രണ്ടത്താണി കല്ലാർമംഗലം ചേരക്കുന്നത് പറമ്പിൽ മുബഷിറ ജുമൈല (25), സുഹൃത്ത് കോഴിക്കോട് മുക്കം ചെറുവാടി സ്വദേശി പാലത്ത് ഹർഷാദ് (34) എന്നിവരാണ് അറസ്റ്റിലായത്. പെരുവള്ളൂർ കരുവാങ്കല്ല് നടുക്കര സ്വദേശിയായ 27 വയസ്സുകാരന്റെ പരാതിയിലാണ് അറസ്റ്റ്.

പൊലീസിന്റെ നിർദേശപ്രകാരം ബാക്കി തുകയുടെ ചെക്കു നൽകാമെന്ന് പറഞ്ഞ് യുവതിയെ യുവാവ് തേഞ്ഞിപ്പലം കോഹിനൂരിലേക്കു വിളിച്ചുവരുത്തി. യുവാവ് സ്ഥലത്തെത്തിയെന്ന് അറിയിച്ചതോടെ ഹര്‍ഷാദും ഇവിടേക്ക് എത്തി. തുടര്‍ന്ന് യുവാവ് ചെക്ക് ഒപ്പിട്ടു നല്‍കാമെന്ന് പറയുന്നതിനിടെ സമീപത്തായി കാത്തിരുന്ന പൊലീസ് സംഘം ഇവരെ വളയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

 

 

നഷ്ടപരിഹാരമായി 15 ലക്ഷം രൂപയാണ് യുവതി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ മാസം 27നു കൊളപ്പുറത്തെ ഹോട്ടലിൽ വച്ച് 50,000 രൂപ കൈമാറി. പിന്നീട് ബാക്കി തുക ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. ഇതേത്തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

പരാതിക്കാരന്റ കോഴിക്കോട്ടെ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു യുവതി. നാലു മാസത്തോളം യുവാവിന്റെ സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു. ഇതിനിടെ ഇവർ സൗഹൃദത്തിലാകുകയും ഗർഭിണിയാകുകയും ചെയ്തെന്നാണ് യുവതി പറയുന്നത്. എന്നാൽ ഇക്കാര്യം യുവാവ് നിഷേധിച്ചു. ഗർഭഛിദ്രം നടത്തിയതിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരുമെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്ന് യുവാവ് പറയുന്നു.

പൊലീസിന്റെ പിടിയിലായതിനു പിന്നാലെ താന്‍ ദന്ത ഡോക്ടർ ആണെന്നു മുബഷിറ അവകാശപ്പെട്ടു. ഡോക്ടറുടെ വേഷത്തിലുള്ള ചില ചിത്രങ്ങളും യുവതിയുടെ ഫോണിലുണ്ടായിരുന്നു. എന്നാല്‍ യുവതി പഠിച്ചതായി അവകാശപ്പെട്ട കോളജില്‍ പൊലീസ് അന്വേഷണം നടത്തിയതോടെ മൊഴി കളവാണെന്നു വ്യക്തമായി. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!