യുദ്ധം ആരംഭിച്ച് ഒരു മാസമായിട്ടും ഇസ്രായേലിന് സൈനികമായി ഒന്നും നേടാനായില്ല; ഇസ്രായേൽ ചിലന്തി വലയേക്കാൾ ദുർബലം, ഹമാസിനെ സഹായിക്കാൻ പോരാട്ടം തുടരും – ഹിസ്ബുല്ല നേതാവ്

ഇസ്രായേൽ ചിലന്തി വലയേക്കാൾ ദുർബലമണെന്ന് ഫലസ്തീൻ ഓപ്പറേഷൻ തെളിയിച്ചതായി ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്‌റുല്ലാഹ് പറഞ്ഞു.  ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹിസ്ബുല്ല സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധം ആരംഭിച്ച് ഒരു മാസം വിശ്രമിമില്ലാതെ ഗസ്സയിൽ ആക്രമണം നടത്തിയിട്ടും ഇസ്രായേലിന് സൈനികമായ ഒരു നേട്ടവും കൈവരിക്കാൻ സാധിച്ചില്ലെന്നും ഹസൻ നസറുല്ലാഹ് പരിഹസിച്ചു. ഗസ്സയിൽ  പാവങ്ങളായ കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊന്നൊടുക്കുക മാത്രമാണ് ഇസ്രായേൽ ചെയ്യുന്നത്. ഹമാസിനെതിരെ ഒരു സൈനിക നേട്ടം പോലും എടുത്ത് കാണിക്കാൻ ഇസ്രായേലിന് കഴിയുന്നില്ല. ഇസ്രായേലിൻ്റെ ദൗർബല്യവും വിഡ്ഡിത്തവുമാണ്  ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഗസ്സയിൽ ഇസ്രായേൽ അതിക്രമം തുടങ്ങിയ ശേഷം ആദ്യമായാണ് ഹസ്സൻ നസറുല്ലാഹ് പൊതുപ്രസംഗം നടത്തുന്നത്.

‘അൽ അഖ്‌സ ഫ്‌ളഡ് എന്ന് പേരിട്ട ഹമാസ് ഓപ്പറേഷൻ ഇസ്രായേലുമായുള്ള യുദ്ധത്തിലെ ചരിത്ര ഘട്ടമാണ്. കൃത്യസമയത്ത് തന്നെ ധൈര്യസമേതം ഹമാസ് അത് നടത്തി. നേടാനാകാത്ത ലക്ഷ്യങ്ങളാണ് ഇസ്രായേലിന്റെ വലിയ പിഴവ്. ഹമാസിൻ്റെ പുതിയ ഓപ്പറേഷൻ ഇസ്രായേലിൽ ഒരു ഭൂമി കുലുക്കം തന്നയുണ്ടാക്കി. ഗസ്സയിലെ യുദ്ധത്തിൻ്റെ പൂർണ ഉത്തരവാദിത്തം അമേരിക്കക്കാണ്, ഇസ്രായേൽ അത് നടപ്പാക്കുന്ന വെറും ഉപകരണം മാത്രം. ഗസ്സയിലടക്കം നടക്കുന്ന യുദ്ധം പൂർണമായും ഫലസ്തീനിയൻ വിഷയമാണ്. മറ്റു പ്രാദേശിക പ്രശ്‌നങ്ങളുമായി യാതൊരു ബന്ധിമില്ല’ – ഹസ്സൻ നസറുല്ലാഹ് പറഞ്ഞു.

 

 

 

‘ഗസ്സയിൽ ഇപ്പോൾ നടക്കുന്നത് ഒരു നിർണായക യുദ്ധമാണ്. മുൻ കാലങ്ങളിൽ നടന്നത് പോലെയല്ല ഇത്. യുദ്ദത്തിൽ ഹമാസിനെ വിജയിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യം. അതിനായി ഹിസ്ബുല്ല തങ്ങളുടെ ഓപ്പറേഷൻ തുടരുകയാണ്. ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ പോകാതെ ഇസ്രായേൽ സൈന്യത്തെ ലെബനൻ അതിർത്തിയിൽ തന്നെ തളച്ചിടും. തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഒക്‌ടോബർ എട്ട് മുതലാണ് ഹിസ്ബുല്ല ഈ യുദ്ധക്കളത്തിൽ ഇറങ്ങിയത്. ലെബനാൻ അതിർത്തിയിൽ ഇസ്രായേൽ സേനയുമായി ദിവസേന നടക്കുന്ന വെടിവയ്പ്പ് ചെറുതായി തോന്നുമെങ്കിലും അത് വളരെ പ്രധാനമാണ്. 1948 ന് ശേഷം ഇത് പതിവാണ്. ഇതുവരെ 57 ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടിട്ടുണ്ട്’ – നസ്‌റുല്ല പറഞ്ഞു.

വിജയം വരെ പോരാട്ടം തുടരും. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ അറബ്-മുസ്ലിം രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണം. ഇസ്രായേലിന് ഇന്ധനം നൽകുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹ ആവശ്യപ്പെട്ടു. മാനുഷികവും ധാർമികവും മതപരവുമായ വീക്ഷണങ്ങളിലൂടെയെല്ലാം ഫലസ്തീനിലെ യുദ്ധം സത്യസന്ധവും ശ്രേഷ്ഠവുമാണ്. ഉറച്ച വിശ്വാസം, അചഞ്ചല ബോധ്യം, ഭക്തി, ലക്ഷ്യത്തോടുള്ള പ്രതിബദ്ധത എന്നിവയിലാണ് നമ്മുടെ യഥാർത്ഥ ശക്തിയെന്നും നസ്‌റുല്ല പറഞ്ഞു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!