‘ലീഗ് നേതാക്കളുടെ പ്രതികരണം തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു’; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് സി.പി.എം, കോണ്‍ഗ്രസ് വേണ്ട

സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി. മുസ്‍‍ലിം ലീഗ് നേതാക്കളുടെ പ്രതികരണം തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ പറഞ്ഞു.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ മുസ്‌ലീം ലീഗ് പങ്കെടുക്കുമെന്ന് മുതിര്‍ന്ന ലീഗ് നേതാവും എംപിയുമായ ഇ.ടി. മുഹമ്മദ് ബഷീറാണ് അറിയിച്ചത്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഏക സിവില്‍കോഡ് സെമിനാറില്‍ പങ്കെടുക്കാത്തത് സാഹചര്യം വേറെയായിരുന്നത് കൊണ്ടാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. രാജ്യവ്യാപകമായി ഇത്തരം റാലികള്‍ സംഘടിപ്പിക്കപ്പെടണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കൊച്ചിയില്‍ വ്യക്തമാക്കുകയുണ്ടായി.

‘സ്വഭാവികമായിട്ടും വിളിക്കുകയാണെങ്കില്‍ പോകാവുന്നതേയുള്ളൂ. ഞങ്ങളെ വിളിച്ചതായിട്ട് അറിയില്ല. നടക്കാന്‍ പോകുന്നതല്ലേയുള്ളൂ. ഇതുവരെ ക്ഷണം വന്നിട്ടില്ല. പാര്‍ട്ടി കൂടിയാലോചിച്ചിട്ടില്ല. പക്ഷേ പോകാവുന്നതേയുള്ളൂ. ഈ വിഷയത്തില്‍ രാജ്യവ്യാപകമായി ചര്‍ച്ച നടക്കേണ്ടതുണ്ട്. ലോകത്തെ നടുക്കിയ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഓരോ ദിവസവും നമ്മള്‍ വായിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അത് ഞാന്‍ വിശദീകരിക്കേണ്ട കാര്യമില്ല. ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെ നില്‍ക്കുകയാണ് ഉണ്ടായതെന്നും ആ പാരമ്പര്യത്തെ എല്ലാവരും കാത്തുസൂക്ഷിക്കേണ്ടതുണ്ട്’ ഇ.ടി പറഞ്ഞു.
മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് അവരെ ഔദ്യോഗികമായി പരിപാടിയിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റർ വ്യക്തമാക്കിയത്.  വ്യക്തമാക്കുകയും ചെയ്തു
 
‘ഏകസിവില്‍ കോഡ് വിഷയത്തില്‍ വളരെ ആത്മാര്‍ത്ഥമായി ക്ഷണിച്ചെങ്കിലും അവര്‍ പ്രയാസം അറിയിച്ചു. ആ പ്രയാസം ഞങ്ങള്‍ മനസിലാക്കി. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല്‍ വീണ്ടും പ്രയാസം ഉണ്ടാകും എന്ന് കരുതിയാണ് ക്ഷണിക്കാതിരുന്നത്. ക്ഷണിച്ചാല്‍ പങ്കെടുക്കും എന്ന് ലീഗ് നേതൃത്വം പറഞ്ഞത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. ആ നിലപാടില്‍ സന്തോഷം. ലീഗിനെ ഔദ്യോഗികമായി പരിപാടിയിലേക്ക് ക്ഷണിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം’ പി.മോഹനന്‍ പറഞ്ഞു.

‘യുദ്ധ മര്യാദകൾ കാറ്റിൽ പറത്തി അമേരിക്കയുടെ പിന്തുണയോടെ ക്രൂരമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ആർക്കാണ് ഇസ്രായേലിന്റെ നടപടികളെ ന്യായീകരിക്കാൻ കഴിയുക. ഇസ്രായേലിന്റെ അധിനിവേശത്തിൽ പൊറുതിമുട്ടിയുണ്ടായ പ്രത്യാക്രമണമായി തന്നെയാണ് ഒക്ടോബർ എഴിന് ഹമാസ് നടത്തിയ ആക്രമണത്തെ കാണുന്നത്. എന്നാൽ ആളുകൾ കൊല്ലപ്പെട്ടതിനെ ന്യായീകരിക്കാൻ ലീഗും തയാറാകില്ല എന്നാണ് കരുതുന്നത്’-പി.മോഹനൻ മാസ്റ്റർ.

ചിലര്‍ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാട് ശശി തരൂരിലൂടെ ലോകം കണ്ടു. അതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ നിലപാട്. ഇന്നുവരെ അതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം എവിടെയും പറഞ്ഞിട്ടില്ല. വീണ്ടും കോണ്‍ഗ്രസിനെ പരിപാടിയിലേക്ക് ക്ഷണിച്ച് ഇസ്രയേല്‍ അനുകൂല നിലപാട് പരത്താന്‍ ആഗ്രഹിക്കുന്നില്ല. കോൺഗ്രസിന്റേത് സങ്കുചിത നിലപാടാണെന്നും, ശശി തരൂരിന്റേത് പോലുള്ള നിലപാടല്ല തങ്ങൾക്കെന്നും അദ്ദേഹം പ്രതികരിച്ചു. പരിപാടിയിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കുന്നത് എവിടെയോ കിടക്കുന്ന മഴു വലിച്ച് കാലില്‍ ഇടുന്നതിന് തുല്യമാണെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

ഏക സിവില്‍കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ ലീഗ് സിപിഎം പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്.

പരിപാടിയിലേക്ക് കോൺഗ്രസിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് കോൺഗ്രസിന്റെ മുൻ നിലപാടിൽ നിന്നും കോൺഗ്രസ്‌ വ്യതിചലിച്ചിട്ടുണ്ടെന്നും കോൺഗ്രസിന്റെ നിലപാട് നമ്മൾ കണ്ടതല്ലേ എന്നുമായിരുന്നു മറുപടി.

കോഴിക്കോട് സിപിഎം നടത്തുന്ന റാലിയിൽ സമസ്ത നേതാവ് ഉമർ ഫൈസി, കാന്തപുരം വിഭാഗം നേതാവ് മുഹമ്മദ്‌ ഫൈസി, ഫസൽ ഗഫൂർ (എംഇസ്), ഹുസൈൻ മടവൂർ (കെഎൻഎം) എന്നിവരും പങ്കെടുക്കും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!