മംഗല്യ സ്വപ്നവുമായി ചെന്ന് കയറേണ്ടിയിരുന്ന വീട്ടിലേക്കെത്തിയത് ചേതനയറ്റ ശരീരം; ജിദ്ദയിൽ മരിച്ച സൈഫുദ്ദീൻ്റെ മൃതദേഹം നാട്ടിൽ മറവ് ചെയ്തു

രണ്ട് വർഷം മുമ്പാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ചെമ്പൻ മുഹമ്മദിൻ്റെയും, കാപ്പിലെ കുഞ്ഞീവിയുടെയും മകൻ മുഹമ്മദ് സൈഫുദ്ദീൻ സൌദിയിലെ ജിദ്ദയിലെത്തിയത്. ജിദ്ദയിൽ സന്തോഷകരമായ പ്രവാസ ജീവിതം നയിച്ചിരുന്ന 27 കാരനായ സൈഫുദ്ധീന് വേണ്ടി ഇതിനിടെ വീട്ടുകാർ ഒരു വിവാഹവും ഉറപ്പിച്ചു. മലപ്പുറം താനാളൂർ സ്വദേശിനിയായിരുന്നു പ്രതിശ്രുത വധു. അടുത്ത 19ാം തിയിതി ഇവുരുടെ വിവാഹം നടത്താനും ഇരു കുടുംബവും തീരുമാനിച്ചു. മംഗല്യരാവ് സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന സൈഫുദ്ധീൻ കഴിഞ്ഞ 27ന് വിവാഹത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. ഇരു കുടുംബങ്ങളിലും വിവാഹ ഒരുക്കങ്ങൾ സജീവമായി നടന്ന് വരികയായിരുന്നു.

എന്നാൽ നാട്ടിലേക്ക് പോകേണ്ട ദിവസത്തിന് ഒരാഴ്ച മുമ്പ് ഒട്ടും പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്. സ്ട്രോക്കിൻ്റെ രൂപത്തിൽ നിർഭാഗ്യം സൈഫുദ്ദീനെ തേടിയെത്തി.  തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് സൈഫുദ്ദീനെ  ജിദ്ദയിലെ അൽ സഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സുഹൃത്തുക്കളും കുടംബവും തകർന്നു. മംഗല്യരാവിലെ മൈലാഞ്ചി ചോപ്പ് സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന പ്രതിശ്രുത വധുവിനും സ്വപ്നങ്ങൾ അസ്തമിച്ചു തുടങ്ങി, പിന്നീടുള്ള ദിനരാത്രങ്ങൾ ഇരു കുടുംബത്തിനും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പ്രാർത്ഥനകളുടേതായിരുന്നു.

എന്നാൽ നാട്ടിലേക്ക് പോകാനായി ഒരുങ്ങിയിരുന്ന അതേ ഒക്ടോബർ 27ന് തന്നെ,  ഏവരുടേയും പ്രാർത്ഥനകൾ ബാക്കിയാക്കി ആ ചെറുപ്പക്കാരൻ്റെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു. അവസാനമായി തൻ്റെ കുടുംബത്തോടും പ്രതിശ്രുത വധുവിനോടും ഒന്ന് യാത്ര ചോദിക്കണമെന്ന് അയാൾ ആഗ്രഹിച്ചിട്ടുണ്ടാകാം. എന്നാൽ കടലിനിക്കരെ മണലാര്യത്തിലെ ആ ആശുപത്രിയിൽ ആരോടും യാത്ര പറയാനാകാതെ മംഗല്യ സ്വപ്നങ്ങൾ ബാക്കിയാക്കി ആ ആത്മാവ് വിണ്ണിലേക്ക് പറന്നുയർന്നു.

വിവാഹത്തിനായി പന്തലൊരുങ്ങേണ്ടിയിരുന്ന വെട്ടത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ വീട്ടുമുറ്റത്തേക്ക് വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും പ്രവഹിച്ചു തുടങ്ങി. വിവരമറിഞ്ഞ് വീട്ടിലെ മുറിക്കുള്ളിൽ തളർന്ന് കിടക്കുന്ന സൈഫുദ്ദീൻ്റെ ഉമ്മയെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും വന്നവരെല്ലാം ശ്രമിച്ചു.

മരണപ്പെട്ട സൈഫുദ്ദീൻ്റെ മൃതദേഹം നാട്ടിലേക്കെത്തിക്കണമെന്ന കുടുംബത്തിൻ്റെ ആഗ്രഹം നിറവേറ്റാൻ ജിദ്ദ കെഎംസിസിയുടെ വെൽഫയർ വിഭാഗം പ്രവർത്തകർ അഹോരാത്രം ഓടി നടന്നു. സഹായത്തിനായി സൈഫുദ്ദീൻ്റെ സുഹൃത്തുക്കളും, തൻ്റെ ഫുട്ബോൾ ക്ലബ്ബായ ബ്ലാസ്റ്റേഴ്സ് എഫ്.സിയിലെ സഹപ്രവർത്തകരും ഉണ്ടായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അന്ത്യോപചാരമർപ്പിക്കാനും മയ്യിത്ത് നമസ്കരിക്കാനുമായി ജിദ്ദ ശറഫിയ്യയിലെ റമദാൻ പള്ളിൽ നിരവധി സുഹൃത്തുകളും നാട്ടുകാരും എത്തിയിരുന്നു. മണവളാനായി നാട്ടിലേക്ക് യാത്ര അയക്കാനൊരുങ്ങിയിരുന്ന ആളെ പക്ഷേ ഇങ്ങിനെ യാത്രയയക്കേണ്ടി വന്നതോർത്ത് സുഹൃത്തുക്കൾ വിതുമ്പി.

ഇന്ന് രാവിലെ 9 മണിയോടെ കരിപ്പൂരിലെത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്നും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. 12 മണിയോടെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് വീട്ടുമുറ്റത്തെത്തി. ആരൊക്കെയോ ചേർന്ന് ആംബുലൻസിൽ നിന്ന് മൃതദേഹം സൂക്ഷിച്ച പെട്ടി താഴെയിറക്കി. അപ്പോഴേക്കും ദുഃഖം തളം കെട്ടി നിന്നിരുന്ന ആ വീടും പരിസരവും കണ്ണീർ മഴയിൽ കുതിർന്നിരുന്നു.

ആംബുലൻസിൽ നിന്നറക്കിയ പെട്ടിയിൽ നിന്നും മൃതദേഹം പുറത്തെടുത്ത് സ്ട്രക്ച്ചറിലേക്ക് മാറ്റി. ഏകദേശം 15 മിനുട്ടോളം വീട്ടിനകത്ത് വെച്ചു. വീട്ടുകാർക്കും സ്ത്രീകൾക്കും അന്ത്യോപചാരമർപ്പിക്കാനുള്ള സമയമായിരുന്നു അത്. ശേഷം വീട്ടുമുറ്റത്തെ പന്തലിൽ അര മണിക്കൂറോളം പൊതു ദർശനത്തിനായി വെച്ചു. സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളുമെല്ലാം അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു. കൂട്ടത്തിൽ സൈഫുദ്ദീൻ്റെ വിവാഹം ഉറപ്പിച്ചിരുന്ന താനാളൂരിലെ കുടംബവും അവിടെ എത്തിയിരുന്നു.

പൊതു ദർശനത്തിന് ശേഷം ആ വിട്ടുമുറ്റത്തെ പന്തലിൽ നിന്ന് പുത മണവാളനായി പുറപ്പെടേണ്ടിയിരുന്ന സൈഫുദ്ദീൻ്റെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി പള്ളിയിലേക്ക് കൊണ്ടുപോയി.  വെട്ടത്തൂർ ജുമാ മസ്ജിദിലെ മുൻ നിരയിൽ കിടത്തിയ മയ്യിത്ത് തൊട്ട് പിറകിലായി നിന്ന് മൂത്ത സഹോദരൻ മുഹമ്മദ് ബഷീർ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി.  ഉച്ചക്ക് ഒന്നര മണിയോടെ സൈഫുദ്ദീൻ്റെ മൃതദേഹം വെട്ടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തയ്യാറാക്കി വെച്ച ഖബറിൽ മറവ് ചെയ്തു. അവസാന അഭിവാദ്യവും നേർന്ന് ബന്ധുക്കളും കുടുംബാംഗങ്ങളും പള്ളിക്കാട്ടിൽ നിന്ന് മടങ്ങുമ്പോൾ സൈഫുദ്ദീൻ കൂട്ടി ഖബറിന് മുകളിൽ കുത്തിവെച്ച ഒരു മൈലാഞ്ചി ചെടി മത്രമായിരുന്നു.

സഹോദരങ്ങൾ: മുഹമ്മദ് ബഷീർ (ഖത്തർ), മൻസൂറലി (ദുബൈ), മൻസൂറലി (ദുബൈ), അബ്ദുൽ ഷുക്കൂർ (കുൻഫുദ), മുജീബ് റഹിമാൻ (ജിദ്ദ), നുസ്റത്ത് അലി (റിയാദ്), റൈഹാനത്ത്, സലീന

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!