സൗദിയിൽ ഔദ്യോഗിക ഇടപാടുകൾ ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറുന്നു; പുതിയ മാറ്റങ്ങൾ എന്തൊക്കെ എന്നറിയാം
സൗദിയിൽ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഇടപാടുകളും ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറും. ഇതിന് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രി അംഗീകാരം നൽകി. റിയാദിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റിന്റെ പ്രതിവാര സമ്മേളനമാണ് തീരുമാനമെടുത്തത്. ഇത് വരെ ഹിജ്റി കലണ്ടർ അടിസ്ഥാനമാക്കി നടത്തിയിരുന്ന എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളുടേയും ഇടപാടുകളുടേയും കാലാവധി ഇനി മുതൽ ഹിജ്റി കലണ്ടർ അടിസ്ഥാനമാക്കിയായിരിക്കും നടത്തുക.
വിദേശികളുടെ ഇഖാമ, ഡ്രൈവിംഗ് ലൈസൻസ്, ലെവി, വിമാനത്താവളങ്ങളിലെയും അതിർത്തി ചെക്ക് പോസ്റ്റുകളിലേയും സ്റ്റാംമ്പിംഗ് തുടങ്ങിയ പല കാര്യങ്ങളിലും സർക്കാർ ഫീസുകളിലും കണക്കാക്കി പോരുന്നത് ഹിജ്റി കലണ്ടർ അടിസ്ഥാനമാക്കിയാണ്. ഇതിലെല്ലാം ഇനി മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൌദിയിലെ ഔദ്യോഗികവും നിയമപരവുമായ ചില നടപടിക്രമങ്ങളിൽ ഗ്രിഗോറിയൻ കലണ്ടറിന്റെ അടിസ്ഥാനത്തിൽ കാലയളവ് പരിഗണിക്കാൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രാജ്യത്തെ ആദ്യ ഔദ്യോഗിക കലണ്ടർ ആയി ഹിജ്‌രി കലണ്ടർ ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഗ്രിഗോറിയൻ രണ്ടാം കലണ്ടറായും ഉപയോഗിക്കുന്നുണ്ട്. ഹിജ്‌രി കലണ്ടർ ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ വർഷത്തിൽ 11 അല്ലെങ്കിൽ 12 ദിവസങ്ങൾ കുറവായിരിക്കും.
2016 ൽ തൊഴിലാളികളുടെ വേതനം, ബോണസ്, അലവൻസുകൾ തുടങ്ങിയ കാര്യങ്ങൾക്ക് ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ 2016 ലെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പുതിയ തീരുമാനത്തോടെ മതപരമായ കാര്യങ്ങൾ ഒഴികെയുള്ള എല്ലാ കാര്യങ്ങളും ഗ്രിഗോറിൻ കലണ്ടർ അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക