കളമശ്ശേരി സ്ഫോടനം: ജനം ടി.വിക്കെതിരെ കേസെടുത്തു; ഉദ്ദേശിച്ച ഇരയെ കിട്ടാത്തതിൽ മാധ്യമങ്ങൾക്ക് നിരാശയെന്ന് എം.എം. അക്ബർ
കളമശ്ശേരി സ്‌ഫോടന സംഭവത്തിൽ വിദ്വേഷം പ്രചരിപ്പിച്ചതിന് ജനം ടി.വിക്കെതിരെ പൊലീസ് കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ പരാതിയിലാണ് എളമക്കര പൊലീസ് കേസെടുത്തത്.
കലാപമുണ്ടാക്കാനുള്ള ആഹ്വാനത്തോടെ പ്രകോപനമുണ്ടാക്കിയതിനാണ് ഐ.പി.സി 153 പ്രകാരം പ്രകാരം കേസ്. ഒരു പ്രത്യേക മതവിഭാഗമാണ് സ്ഫോടനത്തിന് പിന്നിൽ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും ജനം ടി.വി പ്രചരിപ്പിച്ചതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ജനം ടിവിയിലെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് കേസെടുത്തത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീഡിയോ വഴി വിദ്വേഷ പ്രചരണം നടത്തിയെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കുമരകം പോലീസാണ് കേസെടുത്തത്. കളമശേരി സംഭവത്തിന്റെ പശ്ചാതലത്തിൽ തയ്യാറാക്കിയ വീഡിയോ യു ട്യൂബിൽ കഴിഞ്ഞ ദിവസം ഇയാൾ അപ് ലോഡ് ചെയ്തിരുന്നു. ഷാജൻ സ്‌കറിയക്ക് എതിരെ കഴിഞ്ഞ ദിവസം പി.വി അൻവർ എം.എൽ.എയും രംഗത്തെത്തിയിരുന്നു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും പൊലീസ് കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കണമോയെന്ന ആശയകുഴപ്പത്തിലായിരുന്ന പൊലീസ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പ്രവർത്തകനെതിരെ കേസെടുക്കുന്നത് ഇത് ആദ്യമാണ്.
ഐ.പി.സി 153 (സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനുള്ള ഇടപെടൽ), 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകൾ പ്രകാരംമാണ് ചേന്ദ്രശേഖറിനെതിരെ കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്.
എന്നാൽ തനിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഒന്നിച്ചുവെന്നാണ് ചന്ദ്രശേഖറിൻ്റെ വിമർശനം. ഹമാസ് പ്രീണനം തുറന്നുകാട്ടുകയാണ് താൻ ചെയ്തതെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.
സ്‌ഫോടന സംഭവത്തിൽ വസ്തുതകൾ പുറത്ത് വന്നതോടെ ചില മാധ്യമങ്ങൾ ഉൾപ്പെടെ പലർക്കും കടുത്ത നിരാശയാണെന്ന് ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ എം.എം അക്ബർ പറഞ്ഞു. ഉദ്ദേശിച്ച ഇരയെ കിട്ടാത്തതിലാണ് മാധ്യമങ്ങളുടെ നിരാശ. അരമനകളിലെ ജിഹാദ് ഗവേഷകർക്ക് മൗനവും വെറുപ്പുൽപാദകരായ നവനാസ്തികർക്ക് വിഷയ ദാരിദ്ര്യവുമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കടിച്ചുകീറാനുള്ള ഇസ്‌ലാംഇറച്ചി നഷ്ടപ്പെട്ടതിലുള്ള മോഹഭംഗം!! യഹോവാസാക്ഷികളിൽ നിന്ന് രാജിവെച്ചയാളുടെ മനസ്സിൽ ഇത്ര ഭീകരമായ ‘ദേശീയത’ നിറച്ചതാരാണ് എന്ന് ചോദിക്കാനുള്ള നട്ടെല്ല് പോലും അന്തിചർച്ചകളിൽ അഭിരമിക്കുന്നവർക്കില്ലെന്നും അദ്ദേഹം കുറിപ്പിൽ കുറ്റപ്പെടുത്തി.
മലയാളത്തിലെ നിരവധി മാധ്യമങ്ങളും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകരും സ്ഫോടനത്തിൻ്റെ മറവിൽ വിദ്വേഷ പ്രചരണം നടത്താൻ ശ്രമിച്ചിരുന്നു. കേസെടുത്തത് ജനം ടിവിക്ക് എതിരെ മാത്രമാണെങ്കിലും, മറ്റു പ്രമുഖ മാധ്യമങ്ങളും സമാനമായ നിലപാടായിരുന്നു സ്വീരിച്ചത്. കേസ് പ്രതി ആരെന്ന് കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഒരു പ്രത്യേക സമുദായത്തെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള പരമാർശങ്ങളും ചർച്ചകളും മാധ്യമങ്ങളിൽ ആരംഭിച്ചിരുന്നു. അനിൽ ആൻ്റണി ഉൾപ്പെടെയുള്ള പല നേതാക്കളും ഇതിന് ഇന്ധനം പകരുകയുമുണ്ടായി. എന്നാൽ ഇവർക്കെതിരിൽ ആരും പരാതി നൽകിയതുമില്ല, കേസെടുത്തതുമില്ല.
ഒരു മുസ്ലീം യുവാവിൻ്റെ ചിത്രം തെറ്റായി നൽകി കൊണ്ടാണ് ഒരു ചാനൽ പ്രതി പിടിയിലായി എന്ന് പ്രചരിപ്പിച്ചത്. ഇത് വരെ അവർ തെറ്റ് തിരുത്താൻ പോലും തയ്യാറായിട്ടില്ല. മറ്റൊരു ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമ നിരീക്ഷകനായ മറ്റൊരാളുമായി നടത്തിയ ചർച്ചയിൽ സ്ഫോടനത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികളുമായി കൂട്ടിക്കെട്ടാനും ഹമാസുമായി ബന്ധിപ്പിക്കാനും ശ്രമിച്ചതും സംഭവ ദിവസം തന്നെയാണ്. യഥാർത്ഥ പ്രതി പിടിയിലായിട്ടും ഇത് വരെ ആ പറഞ്ഞ കാര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കാൻ പോലും അവർ തയ്യാറായില്ല.
പിടിയിലായ പ്രതി ഡൊമിനിക്ക് മാർട്ടിന് സാക്കിർ നായിക്കുമായി ബന്ധമുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞത്. സന്ദീപ് വാര്യരും അനിൽ ആൻ്റണിയും പടച്ച് വിട്ട നുണകൾ പതിവ് പോലെ പിന്നീട് പിൻവലിക്കുകയും ചെയ്തു. എന്നാൽ ഇതിൽ മിക്ക ആളുകൾക്കെതിരെയും ഇത് വരെ നടപടിയുണ്ടായിട്ടില്ല.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക