സമൂഹമാധ്യമത്തിൽ വിദ്വേഷപ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചിയിൽ കേസെടുത്തു; ചുമത്തിയത് ജാമ്യം ലഭിക്കാത്ത വകുപ്പ്

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കണമോയെന്ന ആശയകുഴപ്പത്തിലായിരുന്ന പൊലീസ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പ്രവർത്തകനെതിരെ കേസെടുക്കുന്നത് ഇത് ആദ്യമാണ്.

ഐ.പി.സി 153 (സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനുള്ള ഇടപെടൽ), 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകൾ പ്രകാരംമാണ് കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്.

ഇന്നലെ മുഖ്യമന്ത്രിയുൾപ്പടെ രാജീവ് ചന്ദ്രശേഖറിനെ രുക്ഷമായി വിമർശിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറിനെതിരെ നിരവധി പരാതികൾ നിരവധി സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആദ്യമായി ഇത് ഒരു ഭീകരപ്രവർത്തനമാണെന്നും കേരളം ഇതിനെ സപ്പോർട്ട് ചെയ്യുകയാണെന്നും പ്രതികരിച്ചയാളാണ് രാജീവ് ചന്ദ്രശേഖർ അതുകൊമണ്ട് തന്നെ വലിയ ഗൗരവത്തോടു കൂടിയാണ് പൊലീസ് ഇതിനെ കാണുന്നത്. കൃത്യമായ നിയമോപദേശത്തിന് ശേഷമാണ് പൊലീസ് നടപടി.

കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചശേഷം രാജീവ് ചന്ദ്രശേഖർ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. തീവ്ര ഗ്രൂപ്പുകളോടു മുഖ്യമന്ത്രി മൃദു സമീപനം പുലർത്തുകയാണെന്നും കോൺഗ്രസും അതിനു കൂട്ടു നിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. കൊച്ചിയിൽ ബോംബു പൊട്ടിയപ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയായിരുന്നു. സമാധാനം നിലനിർത്താൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് രാജീവ് ചന്ദ്രശേഖറിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി.

വർഗീയവാദി, വിഷം ചീറ്റൽ തുടങ്ങിയ പ്രയോഗങ്ങൾ മുഖ്യമന്ത്രി നിർത്തണം. മുഖ്യമന്ത്രിയുടെ കഴിവുകേടിനെയും അഴിമതിയെയും പ്രീണന രാഷ്ട്രീയത്തെയും മറയ്ക്കാനുള്ള മറയാണ് ആ പ്രയോഗങ്ങളെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

ഇതിനെതിരെ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖറിനെ മുഖ്യമന്ത്രി വീണ്ടും വിമര്‍ശിച്ചിരുന്നു.. കേന്ദ്രമന്ത്രി വമിപ്പിക്കുന്നതു വെറും വിഷമല്ല, കൊടും വിഷമാണ്. ഇതൊരു ആക്ഷേപമായല്ല, അലങ്കാരമായാണ് അദ്ദേഹം കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സംസാരിക്കുന്നതു പോലെയല്ല, വിടുവായൻ പറയുന്നതു പോലെയാണു രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് അദ്ദേഹവും കൂട്ടാളികളും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!