ഗസ്സയിൽ കരയുദ്ധം ശക്തമാക്കി ഇസ്രായേൽ, മരണം 8,000 കടന്നു; ജനങ്ങൾ കൊടും പട്ടിണിയിൽ, ക്രിസ്ത്യൻ സ്ഥാപനങ്ങൾ തകർക്കുമെന്ന് ഇസ്രായേലിൻ്റെ മുന്നറിയിപ്പ് – വീഡിയോ

ഇസ്രായേൽ കൂട്ടക്കുരുതിൽ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8,000 കടന്നു. യു.എസ് ഉൾപ്പെടെ ലോകരാജ്യങ്ങളുടെ പിന്തുണയോടെ ഇപ്പോഴും മുടക്കമില്ലാതെ ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന. അതിനിടെ, ഗസ്സയിലെ ക്രിസ്ത്യൻ സാംസ്‌കാരിക കേന്ദ്രവും സ്‌കൂളും ആക്രമിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതായാണു പുതിയ വിവരം.

ഗസ്സ ഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് ജോർദാൻ ചാനലായ റുഅ്‌യാ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗസ്സയിൽ സ്ഥിതി ചെയ്യുന്ന അറബ് ഓർത്തഡോക്‌സ് കൾച്ചറൽ ആൻഡ് സോഷ്യൽ സെന്ററിനും ഗ്രീക്ക് ഓർത്തഡോക്‌സ് പാട്രിയാക്കേറ്റ് സ്‌കൂളിനുമാണു മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ രണ്ടിടത്തുമായി നൂറുകണക്കിന് ഫലസ്തീനികൾ അഭയം തേടിയിട്ടുണ്ട്. ഓർത്തഡോക്‌സ് കൾച്ചറൽ സെന്ററിൽ ആയിരത്തോളം പേരും ഗ്രീക്ക് സ്‌കൂളിൽ 500ലേറെ പേരും അഭയാർത്ഥികളായി കഴിയുന്നുണ്ടെന്ന് മാധ്യമ പ്രവർത്തകൻ യൂനിസ് തിറാവി റിപ്പോർട്ട് ചെയ്യുന്നു. യൂനിസ് തിറാവിയുടെ എക്‌സ് പോസ്റ്റ് ഫലസ്തീനിൽനിന്നുള്ള ക്രിസ്ത്യൻ പുരോഹിതനായ മുൻദർ ഇസാഖും പങ്കുവച്ചിട്ടുണ്ട്.

 

 

 

 

 

ഇതിനിടെ ഇസ്രായേൽ ആക്രമണം രൂക്ഷമായ ഗസ്സയിൽ പട്ടിണിയും രൂക്ഷമായി. ഗസ്സയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭക്ഷണസാധനങ്ങൾ തീർന്നതിനാൽ മിക്ക ആളുകളും കൊടും പട്ടിണിയിലാണ്. ഐക്യരാഷ്ട്രസഭയുടെ സംഭരണശാലകളിൽ അതിക്രമിച്ചു കയറിയ ജനങ്ങൾ ഭക്ഷ്യവസ്തുക്കൾ എടുത്തുകൊണ്ടുപോയി. ഗസ്സ സിറ്റി, ഖാൻ യൂനിസ് തുടങ്ങിയ നഗരങ്ങളിലെ യു.എനിന്റെ സംഭരണശാലകളിൽ കയറിയ ആയിരങ്ങളാണ് ധാന്യപ്പൊടികൾ ഉൾപ്പെടെയുള്ളവ ചാക്കോടെ എടുത്തുകൊണ്ടുപോയത്.

 

 

 

ഇസ്രായേലിന്റെ ക്രൂരമായ ഉപരോധം മൂന്നാഴ്ച പിന്നിടുന്ന സാഹചര്യത്തിൽ ഗസയിലെ ജനങ്ങളിൽ നിരാശ വളരുന്നുവെന്നും ക്രമസമാധാന നില തകരുമെന്നും യു.എൻ ഏജൻസികൾ മുന്നറിയിപ്പു നൽകുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾ മാത്രമല്ല സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവശ്യമായ സാനിറ്ററി പാഡുകൾ വരെയില്ലാത്തതിനാൽ വലിയ ദുരിതത്തിലാണ് ഗസ്സക്കാർ.

അതിനിടെ യു.എൻ സുരക്ഷാകൗൺസിലിന്റെ നിർണായക യോഗം ഇന്ന് ചേരും. യോഗത്തിൽ വെടിനിർത്തൽ ഉടൻവേണമെന്ന യു.എ.ഇയുടെ പ്രമേയം അവതരിപ്പിച്ചേക്കും. മുമ്പ് അവതരിപ്പിച്ച പ്രമേയങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്.

 

ഇതിനിടെ ഹമാസ് തൊടുത്തുവിട്ട റോക്കറ്റ് പതിച്ച് ടെൽ അവീവിൽ നിരവധി വാഹനങ്ങൾക്ക് തീ പിടിച്ചു.

 

ഇതിനിടെ നെതന്യാഹുവിൻ്റെ രാജി ആവശ്യപ്പെട്ട് നൂറുകണക്കിന് ഇസ്രായേലികൾ നെതന്യാഹുവിൻ്റെ വീടിന് മുന്നിൽ പ്രതിഷേധവുമായെത്തി.

 

 

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!