സ്‌ഫോടനത്തിൻ്റെ മറവിൽ വിദ്വേഷ പ്രചാരണം; സന്ദീപ് വാര്യർക്കെതിരെ പരാതി

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നുണപ്രചാരണം നടത്തിയതിന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരാതി നല്‍കി എ.ഐ.വൈ.എഫ്‌. സംസ്ഥാന പ്രസിഡന്റ് എൻ.അരുണാണ് കളമശ്ശേരി പോലീസിൽ പരാതി നൽകിയത്.

സമൂഹത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുക, മുസ്ലിം വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നീ ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് പ്രചാരണം നടത്തിയിട്ടുള്ളത്. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം. കടുത്ത ശിക്ഷയ്ക്ക് അര്‍ഹമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു.

സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി പോലീസില്‍ പരാതില്‍ നല്‍കിയിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരാതിരിക്കാന്‍ കര്‍ശന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

 

 

അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് നേരത്തെ പത്തനംതിട്ടയിൽ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പ്രൊഫൈൽ പൊലീസ് നിരീക്ഷിച്ച് വരികയാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!