കളമശ്ശേരി സ്‌ഫോടനത്തിന് പിന്നിൽ എസ്.ഡി.പി.ഐ എന്ന് പ്രചരിപ്പിച്ചു; പത്തനംതിട്ടയിൽ കേസ്, ബോംബുണ്ടാക്കിയത് വീടിൻ്റെ ടെറസിൽ, സ്ഫോടനം പിൻ സീറ്റിലിരുന്ന് പ്രതി തന്നെ മൊബൈലിൽ പകർത്തി – വീഡിയോ
കളമശ്ശേരി ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് പത്തനംതിട്ടയിൽ കേസ്. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പ്രൊഫൈൽ പൊലീസ് നിരീക്ഷിച്ച് വരികയാണ്. എന്നാൽ പരസ്യമായി സോഷ്യൽ മീഡിയ വഴി വിദ്വേഷവും വിഭാഗീയതയും വളർത്താൻ ശ്രമിച്ച നിരവധി പോസ്റ്ററുകൾ പല പ്രൊഫൈലുകളിൽ നിന്നും പ്രത്യക്ഷപ്പെട്ടെങ്കിലും ഇത് വരെ കേസെടുത്തതായി വിവരമില്ല. സോഷ്യൽ മീഡിയയിൽ ശക്തമായ നിരീക്ഷണമുണ്ടാകുമെന്ന് ഡി.ജി.പി അറിയിച്ചിരുന്നു. ഇതൊന്നും വകവെക്കാതെ പല പ്രമുഖരുടെ പ്രൊഫൈലുകളിൽ നിന്ന് പോലും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ആർക്കെതിരെയും ഇത് വരെ കേസ് രജിസ്റ്റർ ചെയ്തതായി അറിവില്ല.
#WATCH | Kerala: Morning visuals from Zamra International Convention & Exhibition Centre, Kalamassery where three people died in an explosion that took place yesterday. pic.twitter.com/kzBVT7nPfG
— ANI (@ANI) October 30, 2023
അതേ സമയം നാലിടത്തായി ബോംബ് സ്ഥാപിച്ചുവെന്നും സ്ഫോടന ദൃശ്യങ്ങൾ പിൻനിരയിലിരുന്ന് മൊബൈലിൽ ചിത്രീകരിച്ചെന്നും പ്രതി മൊഴി നൽകി. പുലർച്ചെ അഞ്ച് മണിക്കാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. രണ്ട് ബാഗുകളിലായിട്ടായിരുന്നു ബോംബുകൾ. ബൈക്കിലായിരുന്നു യാത്ര. കൺവെൻഷൻ സെന്ററിൽ എത്തിച്ച ബോംബ് നാലിടത്തായി സ്ഥാപിച്ചുവെന്നാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
വിശ്വാസികൾ എല്ലാവരും പ്രാർഥനയിലായിരിക്കുമ്പോൾ ഇയാൾ പിൻനിരയിൽ നിന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. മാത്രമല്ല, സംഭവസ്ഥലത്തെ പൊട്ടിത്തെറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക കൂടി ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഡൊമിനിക് മാർട്ടിൻ ഹാജരാക്കിയ ഓരോ തെളിവുകളും പോലീസ് കൃത്യമായി പരിശോധിക്കുന്നുണ്ട്. പലകടകളിൽ നിന്നായിട്ടാണ് സ്ഫോടവസ്തുക്കൾ അടക്കം വാങ്ങിയിട്ടുള്ളത്. ഇവയുടെ എല്ലാ ബില്ലുകളും പോലീസിന് ഡൊമിനിക് നൽകിയതായാണ് വിവരം.
കൃത്യം താൻ ഒറ്റക്ക് തന്നെ ചെയ്തു എന്നാണ് മാർട്ടിൻ പോലീസിന് നൽകിയ മൊഴി. എന്നാൽ ആദ്യഘട്ടത്തിൽ പോലീസ് ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. എല്ലാവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാൾക്കൊപ്പം വേറെ ആരെങ്കിലും സ്ഥലത്ത് എത്തിയോ, മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്ന വിവരങ്ങളൊന്നും തന്നെ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. പോലീസ് ഈ വശങ്ങളും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഒട്ടനവധി വിവരങ്ങൾ ലഭിച്ചതായാണ് വിവരം.
സ്ഫോടനം നടത്തിയ ശേഷം തൃശൂരിൽ മുറിയെടുത്ത് താമസിച്ചു. ഇവിടെ നിന്നാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ പകർത്തിയതെന്നാണ് സൂചന.
കൊരട്ടിയിൽ നിന്നും തൃശൂരിലേക്കുള്ള ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന മിറാക്കിൾ റെസിഡൻസിയിലാണ് മാർട്ടിൻ റൂം എടുത്തത്.10.45ഓടെ എടുത്ത റൂം 11 മണിയോടെ വെക്കേറ്റ് ചെയ്തു.
ഡൊമിനിക്ക് മാർട്ടിന് സാങ്കേതിക കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസ് അനുമാനിക്കുന്നത്. നെടുമ്പാശേരി അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് നിർമാണം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് സ്ഫോടക വസ്തുക്കൾ വെച്ചത്. നാടൻ വസ്തുകളാണ് സ്ഫോടനത്തിനു ഉപയോഗിച്ചത്. സ്ഫോടനത്തിന് ശേഷം പ്രതി ഫോണിൽ സംസാരിച്ച കൊച്ചി സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്യും. സ്‌ഫോടനത്തിൽ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതി ഡൊമിനിക് മാർട്ടിൻ ബോംബ് നിർമിച്ചത് വീടിന്റെ ടെറസിൽ വെച്ചായിരുന്നു. ഇന്റര്‍നെറ്റ് നോക്കിയാണ് ബോംബ് നിർമിക്കാൻ പഠിച്ചതെന്നും ഇയാൾ പൊലീസിനു മൊഴി നല്‍കി. ഡൊമിനികിന്‍റെ യുട്യൂബ് ലോഗിന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്.
ഇന്നലെയാണ് ആലുവയ്ക്കടുത്തുള്ള തറവാട്ടു വീട്ടിൽ ഡൊമിനിക് മാർട്ടിൻ എത്തിയത്. ബോംബുണ്ടാക്കിയ ശേഷം നേരെ കളമശേരിയിലെ കൺവൻഷൻ സെന്ററിലേക്കു പോയി. രാവിലെ ഏഴു മണിയോടെ കസേരയുടെ അടിയിൽ ബോംബു വച്ചു. ആ സമയം ഹാളിൽ ഉണ്ടായിരുന്നത് മൂന്നു പേർ മാത്രമായിരുന്നെന്നും പ്രതി പൊലീസിനോടു പറഞ്ഞു.
കടവന്ത്ര സ്വദേശിയെന്നാണു മാർട്ടിൻ സ്വയം പൊലീസിനു പരിചയപ്പെടുത്തിയത്. എന്നാൽ 6 വർഷമായി കുടുംബത്തിനൊപ്പം തമ്മനത്തു വാടകയ്ക്കു താമസിക്കുകയാണെന്നു പിന്നീട് വ്യക്തമാക്കി.
പുലർച്ചെ 5ന് വീട്ടിൽനിന്ന് ഇറങ്ങിയ ഡൊമിനിക് സ്ഫോടക വസ്തുക്കൾ സഹിതം കളമശേരിയിലെ കൺവൻഷൻ സെന്ററിലെത്തി. 8 മണിക്കു ശേഷം 2 തവണ ഹാളിൽ കയറിയിറങ്ങി. അതുവരെയുള്ള തന്റെ മുഴുവൻ നീക്കങ്ങളും ഡൊമിനിക് സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
വർഷങ്ങൾക്കു മുൻപു യഹോവയുടെ സാക്ഷികളുടെ വിശ്വാസിയായിരുന്ന ഡൊമിനിക് സഭയുടെ ബൈബിൾ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. പിന്നീടു വിദേശത്തേക്കു പോയ മാർട്ടിൻ സഭയിൽ നിന്നകന്നു. യഹോവയുടെ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ് കൃത്യം ചെയ്യാൻ കാരണമെന്നു മാർട്ടിൻ വിഡിയോയിൽ പറഞ്ഞു.
സ്ഫോടനങ്ങളിൽ ഇത് വരെ 3 പേർ മരച്ചു. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ (55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53) , മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന (12) എന്നിവരാണു മരിച്ചത്. 52 പേർക്കു പരുക്കേറ്റു. മരിച്ചവരിലൊരാൾ ലെയോണയാണെന്നു രാത്രി വൈകിയാണു ബന്ധുക്കൾ തിരിച്ചറിഞ്ഞത്. 90% പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ലിബിന പുലർച്ചെ ഒന്നോടെയാണു മരിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക