സൗദിയിൽ അടുത്ത വർഷം പകുതിയോടെ ദേശീയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും; ആരോഗ്യ മേഖലയിൽ വൻ പദ്ധതികൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി
സൗദിയിൽ അടുത്ത വർഷം പകുതിയോടെ ദേശീയ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജെൽ പറഞ്ഞു. ആജീവനാന്തം നിലനിൽക്കുന്ന പദ്ധതിയായതിനാൽ എല്ലാ വർഷവും പുതുക്കേണ്ട ആവശ്യമില്ലാത്ത വിധമാണ് ദേശീയ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സബ്‌സിഡിയോടെയുള്ള ഇൻഷുറൻസ് പദ്ധതിയാണിത്. പ്രത്യേക പരിധിയോ, മുൻകൂർ അപ്രൂവലോ ആവശ്യമില്ലാതെ തന്നെ ആരോഗ്യ സ്ഥാപനങ്ങൾ ഇത് പരിഗണിക്കും. ആരോഗ്യ ക്ലസ്റ്ററുകളുടെ നെറ്റ്‌വർക്ക് വഴിയായിരിക്കും സേവനങ്ങൾ നൽകുക. സൗദി പൗരന്മാക്ക് ഇതിൽ പ്രത്യേക നെറ്റ് വർക്കുണ്ടാകും. ഓരോ പൌരനും നിരവധി ആനൂകൂല്യങ്ങൾ ഇതിലൂടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
എൺപത് വയസ്സ് തികയുന്നത് വരെ ഓരോ പൗരനെയും ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിർത്തുകയും, വ്യക്തിയുടെ ജീവിതത്തിന്റെ മുഴുവൻ ഘട്ടങ്ങളിലും ആരോഗ്യം മെച്ചപ്പെടുത്തുകയുമാണ് ദേശീയ ഇൻഷുറൻസിന്റെ ലക്ഷ്യം റിയാദിൽ നടന്ന ലോകാരോഗ്യ ഫോറത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലസ്റ്ററുകൾ ഈ വർഷാവസാനം വരെ നിലനിർത്തും. പിന്നീട് അവ ഹെൽത്ത് ഹോൾഡിംഗ് കമ്പനികളാക്കി മാറ്റും. സ്വിഹതീ ആപ്ലിക്കേഷൻ ഉൾപ്പെടെ, കോവിഡ് കാലത്ത് സജീവമായിരുന്ന ഹെൽത്ത് ഡിജിറ്റൽ സേവനങ്ങൾക്കായി ലീൻ കമ്പനി രൂപീകരിക്കും. നെബ്‌കോ കമ്പനിയെ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുംമെന്നും മന്ത്രി വ്യക്തമാക്കി.
സൗദി പ്രോട്ടോൺ തെറാപ്പി സെന്റർ ആരംഭിക്കുന്നതായും മന്ത്രി ഫോറത്തിൽ പ്രഖ്യാപിച്ചു, ഇത് രോഗികൾക്ക് പ്രതീക്ഷ നൽകുന്ന വളരെ നൂതനവും വാഗ്ദാനപ്രദവുമായ സാങ്കേതികവിദ്യയാണെന്നും ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണിതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ മെഡിക്കൽ ടൂറിസം മെച്ചപ്പെടുത്തുന്നതിന് ഈ കേന്ദ്രം ഗണ്യമായ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ആദ്യത്തെ രോഗിയെ സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
2030-ൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ആരോഗ്യമേഖലയുടെ സംഭാവന 199 ബില്യൺ റിയാലിൽ നിന്ന് 318 ബില്യൺ റിയാലായി ഉയരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിൽ സ്വകാര്യമേഖലയുടെ സംഭാവന 145 ബില്യൺ റിയാലായിരിക്കും, ഇത് സ്വകാര്യമേഖലയുമായുള്ള സംയോജനത്തിന്റെയും പങ്കാളിത്തത്തിന്റെയും ഫലമാണ്.
രാജ്യത്ത് ഒരു വ്യക്തിയുടെ ശരാശരി ആയുർദൈർഘ്യം 2016ൽ 74 വർഷം മാത്രമായിരുന്നു. എന്നാൽ 2022-ൽ ഇത് 77.6 വർഷമായി ഉയർന്നു,
റോഡപകടങ്ങൾ മൂലമുള്ള മരണനിരക്ക് 100,000 ൽ 28 പേരായിരുന്നു, എന്നാൽ ഇന്ന് അത് പകുതിയായി കുറഞ്ഞ് 100,000 ആളുകളിൽ 14 പേരായി. ഹൈപ്പർടെൻഷൻ, പ്രമേഹം, പൊണ്ണത്തടി മുതലായ വിട്ടുമാറാത്ത രോഗങ്ങളുടെ ഫലമായുണ്ടാകുന്ന അകാല മരണങ്ങളുടെ ശതമാനത്തിന്റെ സൂചകവും അദ്ദേഹം ചൂണ്ടിക്കാട്ടി. 100,000 ജനസംഖ്യയിൽ ഏകദേശം 600 ആളുകളായിരുന്നു ഇത്തരം രോഗങ്ങൾ മൂലം മരിച്ചിരുന്നത്. എന്നാൽ ഇന്ന് അത് 100,000 ആളുകൾക്ക് 500 ആയി കുറഞ്ഞു.
രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഹെൽത്ത് ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും, ഈ വർഷം അവസാനത്തോടെ ഇത് പൂർത്തിയാകുമെന്നും, രണ്ടാം ഘട്ടം ആരംഭിക്കുമെന്നും, ഈ ക്ലസ്റ്ററുകൾ ക്രമേണ കൈമാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ബജറ്റിന്റെ 15% ആരോഗ്യ മേഖലയ്‌ക്കായി ചെലവഴിക്കുന്നുവെന്നും വിദ്യാഭ്യാസത്തിലും മാനവ വിഭവശേഷി വികസനത്തിലും നിക്ഷേപം വർധിപ്പിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പ്രസ്താവിച്ചു. വളരെയധികം സാങ്കേതികവിദ്യയും റോബോട്ടിക്‌സും കടന്നുവരുന്നു, ആരോഗ്യമേഖല, ഡോക്ടർമാരുടെയോ ഉദ്യോഗസ്ഥരുടെയോ കഴിവുകളുടെ നിലവാരത്തെ ആശ്രയിച്ചിരിക്കുന്നു,
കിംഗ്ഡത്തിന്റെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതി ഒന്നര ബില്യണിൽ എത്തിയിട്ടുണ്ടെന്നും ഇത് ഇൻസുലിൻ വ്യവസായത്തെ 90% പ്രാദേശികവൽക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക