‘ബോംബ് വെച്ചത് ഞാന്‍ തന്നെ’; അവകാശവാദവുമായി ഡൊമിനിക് മാര്‍ട്ടിൻ്റെ ഫേസ്ബുക്ക് ലൈവ്
കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തൃശൂരിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിന്റെ ഫേസ്ബുക്ക് ലൈവ്. തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താൻ ശ്രമിച്ചതെന്നും ആറു വർഷം മുമ്പ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാൾ ലൈവിൽ പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഈ അക്കൗണ്ട് പൊടുന്നനെ അപ്രത്യക്ഷമായി. ഈ പേജ് നിലവിൽ ലഭ്യമല്ല.
ഒരുമണിയോടെയാണ് ഇയാൾ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അതേസമയം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ കസ്റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചു. ബാഗ് പരിശോധനയ്ക്കിടെ സംശയം തോന്നിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജാർഖണ്ഡ് സ്വദേശിയാണ് ഇയാൾ. വിശദമായ പരിശോധനയ്ക്കുശേഷമാണ് ഇയാളെ വിട്ടയച്ചതെന്നു പൊലീസ് അറിയിച്ചു.
മൂന്ന് മണിക്കൂർ മുമ്പായിരുന്നു ഡൊമിനിക് മാർട്ടിന്റെ ഫേസ്ബുക്ക് ലൈവ്. ലൈവിൽ പറയുന്ന കാര്യങ്ങൾ സത്യമാണോ എന്നും ഇതേ മാർട്ടിൻ തന്നെയാണോ കീഴടങ്ങിയതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കളമശ്ശേരിയിൽ നടന്ന സ്‌ഫോടനത്തിന്റെ പൂർണ ഉത്തരവാദിത്തമേറ്റെടുക്കുന്നു എന്ന് പറഞ്ഞാണ് മാർട്ടിന്റെ ലൈവ് തുടങ്ങുന്നത്. എന്തിനാണ് അത് ചെയ്തത് എന്ന് ബോധ്യപ്പെടുത്താനാണ് ലൈവ് എന്നുമാണ് പിന്നീടുള്ള വിശദീകരണം.
ഫേസ്ബുക്ക് ലൈവിലെ പ്രസക്ത ഭാഗങ്ങൾ ;
“പതിനാറ് വർഷത്തോളം പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആളാണ് ഞാൻ. അന്നൊന്നും ഇതിലെ കാര്യങ്ങളൊന്നും തന്നെ ഞാൻ സീരിയസായി എടുത്തിരുന്നില്ല. എല്ലാം ഒരു തമാശയായിരുന്നു. എന്നാൽ ഒരു ആറു വർഷം മുമ്പ് ഇതിലെ തെറ്റുകൾ ഞാൻ തിരിച്ചറിയാൻ തുടങ്ങി. യഹോവ സാക്ഷികൾ എന്നത് വളരെ തെറ്റായ ഒരു പ്രസ്ഥാനമാണ് ഇതിൽ പഠിപ്പിക്കുന്നതൊക്കെ രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. ആ തെറ്റുകൾ തിരുത്തണമെന്ന് പലവട്ടം അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആരും അത് കണക്കിലെടുക്കാൻ കൂട്ടാക്കിയില്ല”.
ഒരു രാജ്യത്ത് ജീവിച്ച് ആ രാജ്യത്തെ ജനങ്ങളെ മുഴുവൻ മോശക്കാരാക്കി, അവരെ നശിച്ചു പോകുന്ന സമൂഹമെന്ന് വിളിച്ച് അവരുടെ കൂടെ കൂടരുതെന്നും ഭക്ഷണം കഴിക്കരുതെന്നുമൊക്കെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണിത്. അതെനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
നാലു വയസ്സുള്ള കുട്ടിയോട് അവർ പറയുന്നത് മറ്റ് കുട്ടികളുടെ അടുത്ത് നിന്ന് ഒന്നും വാങ്ങിക്കഴിക്കരുതെന്നാണ്… ദേശീയഗാനം പാടരുതെന്നാണ്… ഇത്ര ചെറുപ്പത്തിലേ ഇത്രയധികം വിഷമാണ് കുട്ടികളുടെ മനസ്സിലിവർ കുത്തി വയ്ക്കുന്നത്. വോട്ട് ചെയ്യരുത്, മിലിട്ടറി സർവ്വീസിൽ ചേരരുത്, സർക്കാർ ജോലിക്ക് പോകരുത് എന്നു വേണ്ട ടീച്ചറാകാൻ പോലും പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് അനുവാദമില്ല. ഇതെല്ലാം നശിച്ചു പോകാനുള്ളവരുടെ പണിയാണെന്നാണ് വാദം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ്; മരിച്ച സ്ത്രീയെ കുറിച്ച് ദുരൂഹത