കളമശേരി സ്ഫോടനം; രണ്ട് പേർ കസ്റ്റഡിയിൽ, ഒരാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി, മറ്റൊരാൾ കണ്ണൂരിൽ പിടിയിലായി

കളമശേരിയിലെ ബോംബ് സ്ഫോടനത്തിനു പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി. കൊച്ചി സ്വദേശിയാണ് കീഴടങ്ങിയത്. താനാണു  ബോംബ് വച്ചതെന്നാണു യുവാവിന്റെ വാദം. ഒരുമണിയോടെയാണ് ഇയാൾ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. യുവാവിനെ ചോദ്യംചെയ്തു വരികയാണ്. ഇയാളെ ഇവിടെ നിന്നും കളമശേരിയില്‍ എത്തിച്ചേക്കും.

അതേസമയം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഒരാളെ കസ്റ്റഡിയിൽ എടുത്തു. ബാഗ് പരിശോധനയ്ക്കിടെ സംശയം തോന്നിയതോടെയാണു ഇയാളെ കസ്റ്റഡിയിലെടുത്തത്.  ഗുജറാത്ത് സ്വദേശിയാണ് ഇയാൾ.

സ്ഫോടനവുമായി ബന്ധപ്പെട്ട് കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സ്‌ഫോടനമുണ്ടായ സമയത്ത് സംഭവസ്ഥലത്തുനിന്നും ഒരു നീല മാരുതി സുസുകി ബലേനോ കാര്‍ അതിവേഗം പുറത്തേക്ക് പോയിരുന്നു. ഇതിന്റെയടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു. കാറിലുണ്ടായിരുന്നവരാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. എന്നാല്‍, ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനസ്ഥലത്തുനിന്നു തന്നെ പിന്നിലുള്ളവരിലേക്ക് എത്തുന്ന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍.

അതേസമയം സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വാഹനങ്ങളും പരിശോധിച്ചുവരികയാണ്. സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുത്തവരെ പോകാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കളും വാഹനങ്ങളും കൊണ്ടുപോകാന്‍ അനുവദിച്ചിട്ടില്ല.

അതിവിദഗ്ധമായാണ് ബോംബ് നിർമിച്ചിരിക്കുന്നത്. രണ്ടു തവണ സ്ഫോടനമുണ്ടായി. ടിഫിൻ ബോക്സിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഇപ്പോൾ നടക്കുന്നത്.

സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഐ.ഇ.ഡിയില്‍ (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച ബാറ്ററിയുടെ ഭാഗമാണ് കണ്ടെത്തിയത്. കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ബാറ്ററിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഒന്നില്‍ കൂടുതല്‍ ബാറ്ററി അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.

സ്ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാന പൊലീസ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാൾ, ചന്തകൾ, കൺവൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് ഡിജിപി നൽകിയ സന്ദേശത്തിൽ പറയുന്നു.
Share
error: Content is protected !!