ക്രിസ്തുമസും കുരിശും ഇല്ലാത്ത യഹോവ സാക്ഷികൾ ആരാണ്? മുഖ്യധാരാ ക്രൈസ്തവരിൽ നിന്നും ഇവരുടെ വ്യത്യാസങ്ങൾ എന്തൊക്കെ?

മുഖ്യധാരാ ക്രൈസ്തവരിൽ നിന്ന് വ്യത്യസ്തമായി ത്രിയേകദൈവത്തിൽ (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് അഥവാ ത്രിത്വം) വിശ്വസിക്കാത്ത ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ. യേശു ദൈവത്തിന്റെ പുത്രനാണ് എന്നും ദൈവമല്ല എന്നുമാണ് ഇവരുടെ വിശ്വാസം. 1870കളിൽ അമേരിക്കക്കാരനായ ചാൾസ് ടെസ് റസ്സൽ എന്നയാളാണ് യഹോവയുടെ സാക്ഷികൾ സ്ഥാപിച്ചത്. ലോകത്തുടനീളം 85 ലക്ഷം പേർ ഈ വിശ്വാസം പിന്തുടരുന്നുണ്ട് എന്നാണ് കണക്ക്. കേരളത്തിൽ ഇവര്‍ പതിനയ്യായിരത്തോളം വരും.

വാതിലുകൾ തോറും കയറിയിറങ്ങി നടത്തുന്ന സുവിശേഷ പ്രസംഗത്തിന് അറിയപ്പെട്ട വിഭാഗമാണിത്. പ്രത്യേക ലഘുലേഖകൾ ഇവർ വിതരണം ചെയ്യാറുണ്ട്. പ്രചാരകർ എന്നാണ് ഈ പ്രവർത്തകർ അറിയപ്പെടുന്നത്. ത്രിത്വത്തെ നിരാകരിക്കുന്നതിനൊപ്പം പരമ്പരാഗത ക്രിസ്ത്യൻ വിശ്വാസത്തിലെ ആത്മാവിന്റെ അനശ്വരത, നരകം എന്നിവയും ഇവർ വിശ്വസിക്കുന്നില്ല. ഇവയെല്ലാം വേദഗ്രന്ഥത്തിലില്ലാത്ത വിഷയങ്ങളാണ് എന്നാണ് ഇവർ പറയുന്നത്. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനങ്ങൾ എന്നിവയും ആചരിക്കാറില്ല. കുരിശ്, രൂപങ്ങള്‍ തുടങ്ങിയവയൊന്നും ആരാധിക്കാറുമില്ല.

ന്യൂ വേൾഡ് ട്രാൻസ്‌ലേഷൻ ഓഫ് ദ ഹോളി സ്‌ക്രിപ്‌ചേഴ്‌സ് എന്ന പേരിൽ ഈ വിഭാഗം ബൈബിളിന്റെ പ്രത്യേക പതിപ്പാണ് വിശുദ്ധഗ്രന്ഥമായി ഉപയോഗിക്കുന്നത്. പരമ്പരാഗത ബൈബിളിന്റെ പല ഭാഗങ്ങളും ആലങ്കാരിക ഭാഷയിലോ പ്രതീകങ്ങൾ ഉപയോഗിച്ചോ ആണ് എഴുതിയിരിക്കുന്നതെന്നും ഇവർ അവകാശപ്പെടുന്നു.

സൈനിക സേവനത്തെ യഹോവ സാക്ഷികളുടെ വിശ്വാസം എതിർക്കുന്നു. ദേശീയ ഗാനം, പതാക തുടങ്ങിയ രാഷ്ട്രപ്രതീകങ്ങളെ ഇവർ അഭിവാദ്യം ചെയ്യാറില്ല. കർണാടകയിലെ ഹിജാബ് വിവാദ വേളയിൽ, കൊച്ചിയിൽ യഹോവ സാക്ഷികൾ വിശ്വാസം പിന്തുടരുന്ന മൂന്നു വിദ്യാർത്ഥികൾ ദേശീയ ഗാനം ചൊല്ലാത്ത 1985ലെ സംഭവം നേരത്തെ ചർച്ചയായിരുന്നു. ഇന്ത്യയുടേത് മാത്രമല്ല, ഇംഗ്ലണ്ടിലെ ഗോഡ് സേവ് ദ ക്വീൻ, അമേരിക്കയിലെ അവർ ദ സ്റ്റാർ സ്പാംഗിൾഡ് ബാന്നർ ഗാനങ്ങളും ഇവർ ആലപിക്കാറില്ല.

സൈനിക സേവനത്തിന് സന്നദ്ധരാകാത്തതു മൂലം നിരവധി രാഷ്ട്രങ്ങളിൽ യഹോവ സാക്ഷികള്‍ പീഡനത്തിന് വിധേയരായിട്ടുണ്ട്. നാസി ജർമനിയിലും സോവിയറ്റ് റഷ്യയിലുമായിരുന്നു ഇവർക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുതലും. ഹിറ്റ്‌ലറുടെ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു മൂലം ആയിരക്കണക്കിന് യഹോവ സാക്ഷികളെ തടങ്കലിൽ പാർപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.

1905ലാണ് ഇവർ കേരളത്തിലെത്തുന്നത്. സ്ഥാപകനായ സി.ടി റസ്സൽ 1912ൽ പ്രസംഗിച്ച സ്ഥലം റസ്സൽപുരം എന്നാണ്  അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ ബാലരാമപുരം പഞ്ചായത്തിലാണ് റസ്സൽപുരം. തിരുവിതാംകൂർ മഹാരാജാവ് റസ്സലിനെ ഹാർദമായി സ്വാഗതം ചെയ്തു എന്നാണ് ചരിത്രം. തിരുവനന്തപുരം സർവകലാശാല സെനറ്റ് ഹാളിൽ റസ്സലിന്റെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!