കളമശേരിയിലേത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് ഡിജിപി; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം, 24 മണിക്കൂർ പട്രോളിങ്, അന്വേഷണത്തിന് കേന്ദ്ര സംഘമെത്തും
കളമശേരിയിലേത് ബോംബ് സ്ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അൽപ സമയത്തിനുള്ളിൽ ഇദ്ദേഹം കളമശേരിയിേലക്കു പോകും. ‘‘മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ആസൂത്രിതമായ ആക്രമണമാണുണ്ടായത്’’ – അദ്ദേഹം പറഞ്ഞു.
ടിഫിൻ ബോക്സിനുള്ളിലാണു സ്ഫോടകവസ്തു വച്ചതെന്നു പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്തു വെടിമരുന്നിന്റെ സാന്നിധ്യവുമുണ്ടെന്നും പൊലീസ് അറിയിച്ചു.
കളമശേരി സ്ഫോടനത്തിന്റെ അന്വേഷണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടിരുന്നു. ഡൽഹിയിൽനിന്ന് എൻഎസ്ജിയുടെയും എൻഐഎയുടെയും ഉന്നത ഉദ്യോഗസ്ഥർ കളമശേരിയിലെത്തും. അഞ്ചംഗ സംഘമാണ് കളമശേരിയിലെത്തുക. സംസ്ഥാനത്തെ എൻഐഎ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു.
സ്ഫോടനമുണ്ടായതിനു പിന്നാലെ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ്. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാൾ, ചന്തകൾ, കൺെവൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് ഡിജിപി നൽകിയ സന്ദേശത്തിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പരിശോധനയും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.
പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി
ചീഫ് സെക്രട്ടറി സംഭവ സ്ഥലത്തെത്തി. കൊച്ചിയിൽ കൺട്രോൾ റൂം തുറന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അജിത് കുമാർ സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
സംഭവത്തെ ഗൗരവമായി തന്നെ കണ്ടുകൊണ്ട് കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീകരാക്രമണം സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിവരങ്ങൾ കിട്ടിയിട്ട് പറയാം എന്നായിരുന്നു പ്രതികരണം.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്ലാവരും സമാധാനം പാലിക്കണമെന്നും ഡി.ജി.പി അഭ്യര്‍ഥിച്ചു.
ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണു സ്ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിച്ചു. നിരവധിപ്പേർക്കു പരുക്കേറ്റു. നിരവധി ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണ് വിവരം. 23 പേർക്കു പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം.