കളമശ്ശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേർക്ക് പരിക്ക്
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. രാവിലെ സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളിൽ സ്ഫോടനമുണ്ടായി. മൂന്നുനാലിടങ്ങളിൽ ഇത്തരത്തിലുള്ള പൊട്ടിത്തെറിയുണ്ടായി എന്നാണ് പൊലീസ് പറയുന്നത്. മരിച്ചയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.
എറണാകുളം ഡി.സി.പി അടക്കമുള്ള ഉന്നത പൊലീസ് സംഘവും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ നിന്നും 500 മീറ്റർ അകലെ മാത്രമാണ് കണ്‍വെന്‍ഷന്‍ സെന്‍റർ സ്ഥിതി ചെയ്യുന്നത്. എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല.
അതിനിടെ, കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക