സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്; സ്റ്റേഷൻ ജാമ്യം ലഭിക്കില്ല, ചുമത്തിയത് രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പ്

മാധ്യമപ്രവർത്തകയോടുള്ള മോശം പെരുമാറ്റം വിവാദമായതിനു പിന്നാലെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. മാധ്യമപ്രവർത്തകയ്‌ക്കെതിരായ മോശം പെരുമാറ്റത്തിൽ ഐപിസി 354 എ  വകുപ്പ് പ്രകാരമാണ് കേസ്.  ലൈംഗിക ഉദ്ദേശത്തോട് കൂടിയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.

സ്റ്റേഷൻ ജാമ്യം ലഭിക്കാത്തതാണ് വകുപ്പ്. രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ശനിയാഴ്ച ഉച്ചയോടെ മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. പരാതി നടക്കാവ് പൊലീസിന് അന്വേഷണത്തിനായി കൈമാറി. തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മൊഴിയടക്കം രേഖപ്പെടുത്തേണ്ടതുണ്ട്.

സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നു മാധ്യമപ്രവർത്തക വ്യക്തമാക്കിയിരുന്നു. ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യംചോദിക്കവേയാണു സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുകയും മോശമായി പെരുമാറുകയും ചെയ്തത്.

കഴിഞ്ഞ ദിവസം കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമ പ്രവർത്തകയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.

ഈ വിഷയത്തിൽ  മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചെന്നു വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 31നു കോട്ടയത്ത്‌ പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി പറഞ്ഞു. മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലെന്നും വിഷയത്തെ ഗൗരവമായാണു വനിത കമ്മിഷൻ കാണുന്നതെന്നും സതീദേവി വ്യക്തമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!