ഗസ്സയിലെ 150 ഭൂഗർഭ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ; പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ ലോകത്തോട് സഹായം തേടി ഫലസ്തീനികള്‍, ഗസ്സയിലൂടനീളം കൂട്ടനിലവിളികൾ – വീഡിയോ

  • ഗസ്സയിലെ  150 ഭൂഗർഭ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ. 
  • സഹായം തേടി അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് കൂട്ടനിലവിളികളുയർന്നു.
  • ഗസ്സയിൽ ഒരിടത്തും സുരക്ഷിതമല്ലെന്ന് യു.എൻ.
  • ഗസ്സയിലെ 45 ശതമാനം പാർപ്പിട കേന്ദ്രങ്ങളും ഇസ്രായേൽ നശിപ്പിച്ചു.
  • 900 ത്തിലിധികം യുഎസ് സൈനികർ മിഡിലീസ്റ്റിലേക്ക് പുറപ്പെടും.
  • വെടി നിർത്തൽ പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സഭ
  • മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് തരാനാകില്ലെന്ന് ഇസ്രായേൽ അറിയിച്ചു.

 

 

അസാധാരണമായ ആക്രമണമാണ് ഇന്നലെ  രാത്രിയോടെ ഗസ്സയിൽ ഇസ്രായേൽ നടത്തിയത്. വൈദ്യുതി-ഇന്റർനെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ച് പുറംലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം തകർത്തതിന് ശേഷമായിരുന്നു ആക്രമണം. നൂറിലധികം വിമാനങ്ങൾ ഗസ്സക്ക് മേൽ ബോംബ് വർഷിച്ചുകൊണ്ടിരുന്നു. അതേ സമയം തന്നെ കടലിൽ നിന്നും കരയിൽ നിന്നും ആക്രമണം ആരംഭിച്ചു.  എന്നാൽ കടൽ മാർഗ്ഗം ഗസ്സയിലേക്ക് പ്രവേശിക്കാനുള്ള ഇസ്രായേൽ നീക്കത്തെ ഹമാസ് ശക്തമായി പ്രതിരോധിച്ചു.  ഇസ്രായേൽ കരയാക്രമണം ആരംഭിക്കുന്നത് മേഖലയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൗദി അധികൃതർ യുഎസിന് മുന്നറിയിപ്പ് നൽകി.

ഗസ്സയിലെ  150 ഭൂഗർഭ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ  സേന അവകാശപ്പെട്ടു. ഇന്ന് പുലർച്ചെ ഗാസയിൽ നിന്ന് പുറത്തുവന്ന ചില വീഡിയോകളിൽ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിലെ ഫലസ്തീൻ സ്ത്രീകൾ സഹായത്തിനായി നിലവിളിക്കുന്നത് കേൾക്കാമായിരുന്നു.

അൽ ശിഫ ആശുപത്രി പരിസരത്തുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. തകർന്ന കെട്ടിടങ്ങൾക്ക് താഴെ ആയിരങ്ങൾ കുടുങ്ങിയതായും സംശയമുണ്ടെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു.

വാർത്താവിനിമയ-ഇന്‍റർനെറ്റ് സൗകര്യങ്ങൾ പൂർണമായും തകർത്തതോടെ പരിക്കേറ്റവരുടെ ലൊക്കേഷൻ പോലും സന്നദ്ധപ്രവർത്തകർക്കും ആംബുലൻസുകൾക്കും ലഭിക്കാതായി. ചാമ്പലായ കെട്ടിടങ്ങളുടെയും കുന്നുകൂടിയ മൃതദേഹങ്ങളുടെയും നിലക്കാത്ത രോദനങ്ങളുടെയും നാടായി ഗസ്സ മാറി. തങ്ങളുടെ സന്നദ്ധ പ്രവർത്തകരുമായി ബന്ധപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞതായി ലോകാരോഗ്യ സംഘടനയും, റെഡ് ക്രസൻ്റ്, റെഡ് ക്രോസ് വിഭാഗങ്ങളും അറിയിച്ചു. ആശുപത്രികളിലും പരിസരങ്ങളിലും മൃതദേഹങ്ങൾ കുന്നുകൂടി.

 

 

 

 

 

ഇതിനിടെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പൊതുസഭ പ്രമേയം പാസ്സാക്കി. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് നിർത്തി മാനുഷികമായ താൽപര്യങ്ങൾ മുൻനിർത്തി സന്ധിയുണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ജോർദാൻ കൊണ്ടുവന്ന വെടിനിർത്തൽ പ്രമേയം 114 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പാസാക്കിയത്. ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങൾ വോട്ടെടുപ്പിൽ  നിന്ന് വിട്ട് നിന്നു.

ഗസ്സയിലെ ആശയവിനിമയ സംവിധാനങ്ങളെല്ലാം തകർന്നതിനാൽ ഇപ്പോൾ അവിടെ നിന്നുള്ള വിവരങ്ങൾ വൈകി മാത്രമേ പുറം ലോകത്തെത്തുന്നുള്ളൂ. അതിനാൽ ഇന്നലെയുണ്ടായ കൂട്ടകുരുതിയുടെ യഥാർത്ഥ വിവരങ്ങൾ പുറത്ത് വരാൻ ഇനിയും വൈകും. നൂറുകണക്കിന് പേർ ഇന്നലെ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

 

 

 

ഇതിനിടെ പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ ഫലസ്തീൻ ജനത ലോകത്തോട് സഹായം തേടി. ആശയവിനിമയ മാർഗങ്ങൾ തകർന്നതോടെയാണ് ഇവർ പുറം ലോകത്തോട് സംസാരിക്കാൻ പള്ളികളിലെ ലൗഡ്‌സ്പീക്കറുകൾ ഉപയോഗിച്ച് തുടങ്ങിയത്.

‘ആശയവിനിമയ മാർഗങ്ങളെല്ലാം മുറിഞ്ഞിരിക്കുകയാണ്. ദൈവമേ, നീ മാത്രമാണിനി രക്ഷ. അവർ അവരുടെ സർവശക്തിയും ഞങ്ങൾക്കെതിരെ പ്രയോഗിക്കുകയാണ്. നിന്റെ ശക്തിയിൽ ഞങ്ങൾ വിശ്വസിക്കുന്നു. മുസ്‌ലിം സമൂഹമേ, നിങ്ങളുടെ പ്രാർത്ഥനയാണ് ഞങ്ങൾക്ക് ആശ്രയം. ഞങ്ങളുടെ വിജയത്തിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം. കൂട്ടുപ്രാർത്ഥന നടത്തണം’- പള്ളിയിലെ ലൗഡ്‌സ്പീക്കറിലൂടെ ഒരാൾ വിളിച്ചുപറയുന്നു. ഇതിൻ്റെ വീഡിയോ പുറത്ത് വന്നു.

 

 

വെസ്റ്റ് ബാങ്ക് ഉൾപ്പെടെ ഫലസ്തീന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ആക്രമണം നടന്നു. ഇവിടങ്ങളിലെല്ലാം ഗസ്സയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫലസ്തീനികൾ തെരുവിലിറങ്ങി. ഇന്ന് ആയിരങ്ങൾ സുബഹി നമസ്‌കാരം (പ്രഭാതപ്രാർത്ഥന) നിർവഹിച്ചത് തെരുവുകളിലാണ്.

 

 

 

 

നാബ്ലുസ്, തൂൽകറം, ജെനിൻ, തൂബാസ് എന്നിവിടങ്ങളിലെല്ലാം ജനങ്ങൾ തെരുവിൽ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുകയാണ്.

ഇരുട്ടിന്റെ മറവിലാണ് ഫലസ്തീനികൾക്കുമേൽ ഇസ്രായേൽ രക്തച്ചൊരിച്ചിൽ തുടരുന്നത്. ഇസ്രായേൽ കര, നാവിക, വ്യോമ മാർഗങ്ങളിലെല്ലാം ആക്രമണം കടുപ്പിച്ചു. കഴിഞ്ഞ രാത്രിയിൽ നിരവധി കെട്ടിടങ്ങൾ കത്തിച്ചാമ്പലാകുകയും വലിയ തോതിൽ പുകച്ചുരുളുകൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൻ്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നറിയാനും പുറംലോകത്തെത്താനും ഏറെ സമയമെടുക്കും.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!