മുൻ ഇന്ത്യൻ നാവികർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ച സംഭവം; ഇളവിനായി ശ്രമം ആരംഭിച്ച് ഇന്ത്യ, പ്രധാനമന്ത്രി ഇടപെടും

ഖത്തറിൽ മുൻ ഇന്ത്യൻ നാവികർക്ക് വധശിക്ഷ വിധിച്ച സംഭവത്തിൽ പ്രധാനമന്ത്രി ഇടപെടും. നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവസരം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, നാവികരുടെ കാര്യത്തിൽ ഇടപെടുന്നതിൽ കേന്ദ്ര സർക്കാരിന് വലിയ വീഴ്ച വന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ഖത്തറിൽ എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് വധശിക്ഷ നല്‍കിയത് ഞെട്ടിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചിരുന്നു. നാവികസേന ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി വിദേശകാര്യ മന്ത്രാലയം സംസാരിക്കുന്നുണ്ട്. നാവികരെ കാണാൻ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യൻ അംബാസഡറെ ഖത്തര്‍ അധികൃതര്‍ അനുവദിച്ചിരുന്നു. ഇന്ത്യ ഇവർക്കായി അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ അതീവ രഹസ്യ സ്വഭാവമുള്ള കേസായതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

വീണ്ടും നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ശിക്ഷ വിധിച്ച കോടതിക്ക് മുകളിൽ രണ്ട് കോടതികൾ കൂടിയുണ്ട്. അടുത്ത കോടതിയിൽ അപ്പീൽ നല്‍കാൻ നടപടി സ്വീകരിക്കും. ഇതോടൊപ്പം പ്രധാനമന്ത്രി ഖത്തർ അമീറുമായി സംസാരിക്കാനും ആലോചനയുണ്ട്. സങ്കീർണ്ണമായ വിഷയമാണെന്നും എല്ലാ വഴിയും ഇന്ത്യ തേടുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ, കേസ് കേന്ദ്ര സർക്കാർ ഗൗരവത്തോടെ എടുത്തില്ലെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി കുറ്റപ്പെടുത്തി. പാർലമെൻ്റിൽ നേരത്തെ ഈ വിഷയം ഉന്നയിച്ചതിൻ്റെ വീഡിയോ പങ്കുവച്ചാണ് സർക്കാർ നാവികരെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന് മനീഷ് തിവാരി ആരോപിച്ചത്. പാർലമെൻ്റിൽ വിദേശകാര്യ മന്ത്രി നല്‍കിയ ഉറപ്പുകൾ പാഴായെന്നും ദേശീയതയുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സർക്കാരിനാണ് ഈ വീഴ്ചയെന്നും മനീഷ് തിവാരി പറഞ്ഞു.

രാജ്യ ദ്രോഹകുറ്റമാണ് ഇവർ ചെയ്തതെന്ന് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേലിന് വേണ്ടി അന്തർവാഹിനി സംവിധാനത്തിലൂടെ ചാരവൃത്തി ചെയ്തതാണ് ഇവർ ചെയ്ത കുറ്റമെന്ന് ഒദ്യോഗകിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയും റിപ്പോർട്ട് ചെയ്തു.

ക്യാപ്റ്റന്‍ നവ്‌തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ പുരേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, നാവികന്‍ രാഗേഷ് (മലയാളി) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പിടിലിയാലവരെല്ലാം നാവിക സേനയിലെ ഉയർന്ന പദവയിൽ ജോലി ചെയ്തിരുന്നവരാണ്.

ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നൽകുന്ന ഒരു സ്വകാര്യ സ്ഥാപനമായ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ഇതിനിടെയാണ് ഇവരെ ഖത്തർ രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുക്കുന്നത്. പ്രതികൾക്കെതിരെ കൃത്യമായ ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്ന് ഖത്തർ അവകാശപ്പെടുന്നുണ്ട്.

2022 ഓഗസ്റ്റ് മുതൽ ഇവർ ജയിലിൽ കഴിയുകയാണ്. ദോഹയിൽ വച്ച് ഖത്തർ രഹസ്യാന്വേഷണ വിഭാഗമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മാർച്ച് അവസാനത്തോടെ കേസിൻ്റെ ആദ്യ വിചാരണ ആരംഭിച്ചു. കേസിലെ ഏഴാമത്തെ വാദം ഒക്ടോബർ മൂന്നിന് പൂർത്തിയായിരുന്നുവെന്നും, ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഒക്‌ടോബർ ഒന്നിന് ഇവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇവരുടെ ജാമ്യാപേക്ഷ പലതവണ ഖത്തർ അധികൃതർ തള്ളുകയും തടവ് നീട്ടുകയും ചെയ്തിരുന്നു. അതിന് ശേഷം ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്. ഈ മാസം വിധി വരുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേസിൻ്റെ രഹസ്യ സ്വഭാവം പരിഗണിച്ച് ഇന്ത്യയും ഖത്തറും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല.

എന്നാൽ അവർക്ക് കോൺസുലാർ സേവനങ്ങളും നിയമ സഹായങ്ങളും അനുവദിച്ചിരുന്നു. കൂടാതെ അവരുടെ മോചനത്തിനായി ഇന്ത്യ ഇടപെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!