നഗ്നവീഡിയോ കോൾ, പിന്നാലെ വിളിക്കുന്നത് ‘ACP അല്ലെങ്കിൽ യൂട്യൂബർ’; തട്ടിപ്പുസംഘത്തിലെ പ്രധാനി പിടിയിൽ

നഗ്നവീഡിയോകോള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയില്‍. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള നിരവധിപേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മഹേന്ദ്ര സിങ് എന്നയാളെയാണ് ഹരിയാണയിലെ മേവാത്തില്‍നിന്ന് ഡല്‍ഹി പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് ഒരു ഐഫോണ്‍, സൈ്വപ്പിങ് മെഷീന്‍, പെന്‍ഡ്രൈവ്, 16 ജി.ബി.യുടെ മെമ്മറി കാര്‍ഡ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു. (ചിത്രത്തിൽ പിടിയിലായ പ്രതിയുമായി (നടുവിൽ) പോലീസ് ഉദ്യോഗസ്ഥർ)

യുവതികളെ ഉപയോഗിച്ച് നഗ്നവീഡിയോകോള്‍ ചെയ്തശേഷം ഇവ റെക്കോഡ് ചെയ്ത് പണം തട്ടുന്നതാണ് മഹേന്ദ്രസിങ്ങിന്റെ രീതി. വര്‍ഷങ്ങളായി ഇയാള്‍ ഇത്തരത്തില്‍ പണം സമ്പാദിച്ചിരുന്നതായാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ഒടുവില്‍ ഡല്‍ഹി സ്വദേശിയായ യുവാവ് പരാതി നല്‍കിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ റാക്കറ്റിന്റെ പ്രധാനിയായ മഹേന്ദ്രസിങ് പിടിയിലായത്.

യുവതികളെ ഉപയോഗിച്ച് പുരുഷന്മാരുമായി ഫോണില്‍ ബന്ധം സ്ഥാപിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. പിന്നാലെ നഗ്നവീഡിയോ കോളിന് തയ്യാറാണെന്നും അറിയിക്കും. ഈ വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചാണ് പിന്നീട് ഭീഷണിപ്പെടുത്തുക. പോലീസ് ഉദ്യോഗസ്ഥനാണെന്നും യൂട്യൂബറാണെന്നുമെല്ലാം പരിചയപ്പെടുത്തി മഹേന്ദ്രസിങ്ങാണ് ഇരകളെ ഫോണില്‍ വിളിക്കുക. പണം നല്‍കിയില്ലെങ്കില്‍ നഗ്നവീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും കേസെടുത്ത് ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മിക്കവരും പണം നല്‍കും. നാണക്കേട് ഭയന്ന് ആരും പരാതി നല്‍കാനും കൂട്ടാക്കില്ല.

മഹേന്ദ്രസിങ്ങിന്റെ കെണിയില്‍വീണ ഡല്‍ഹി സ്വദേശിക്ക് ഒമ്പതുലക്ഷം രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്. ഒരു യുവതിയുടെ ഫോണ്‍കോളിലായിരുന്നു തുടക്കം. ഈ സൗഹൃദം നഗ്നവീഡിയോ കോളിലേക്ക് വഴിമാറി. പിന്നാലെ ‘എ.സി.പി. രാം പാണ്ഡേ’ എന്ന പേരില്‍ മഹേന്ദ്രസിങ് യുവാവിനെ വിളിച്ചു. നഗ്നവീഡിയോ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമായിരുന്നു ആവശ്യം. വീഡിയോ നീക്കംചെയ്യണമെങ്കില്‍ ഒമ്പതുലക്ഷം രൂപ നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടു.

ഇതോടെ പരാതിക്കാരന്‍ പണം കൈമാറി. എന്നാല്‍, ഇതിനുശേഷം 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് പ്രതി വീണ്ടും വിളിച്ചു. സംഭവത്തില്‍ കേസുമായി മുന്നോട്ടുപോകാതിരിക്കാനാണ് പണമെന്നും അല്ലെങ്കില്‍ യുവാവിനെയും കുടുംബത്തിനെയും ജയിലിലടയ്ക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. ഇതോടെ യുവാവ് ഭയന്നു. ആദ്യഘട്ടത്തില്‍ യുവാവ് ഇതേക്കുറിച്ച് ആരോടും വെളിപ്പെടുത്തിയില്ല. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്തിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞു. തുടര്‍ന്ന് ഈ സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!