ഹമാസ് തുരങ്കങ്ങളിൽ നാഡീ വാതക രാസായുധ പ്രയോഗത്തിന് ഇസ്രായേൽ പദ്ധതിയെന്ന് റിപ്പോർട്ട്

ഫലസ്തീനെതിരെയുള്ള യുദ്ധത്തിൽ ഹമാസിന്റെ തുരങ്കങ്ങളിൽ നാഡീ വാതക-രാസായുധ പ്രയോഗത്തിന് ഇസ്രായേൽ പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുഎസ് ഡെൽറ്റ ഫോഴ്സ് കമാൻഡോകളുടെ മേൽനോട്ടത്തിൽ ഒരു തരം നാഡീ വാതകമോ (നെർവ് ഗ്യാസ്) രാസായുധമോ ഇസ്രായേൽ ഹമാസിന്റെ തുരങ്കങ്ങളിൽ നിറയ്ക്കുമെന്ന് ഫലസ്തീൻ ഗ്രൂപ്പുകൾ പ്രതീക്ഷിക്കുന്നതായി മിഡിൽ ഈസ്റ്റ് ഐയാണ് റിപ്പോർട്ട് ചെയതത്.

ഗസ്സ മുനമ്പിലെ അപ്രതീക്ഷിത ആക്രമണത്തിന്റെ ഭാഗമായാണ് നീക്കമെന്നും ഫലസ്തീൻ ഗ്രൂപ്പുകളുമായി പരിചയമുള്ള മുതിർന്ന അറബ് സോഴ്‌സാണ് വിവരം പങ്കുവെച്ചതെന്നും മിഡിൽ ഈസ്റ്റ് ഐ് റിപ്പോർട്ട് ചെയ്തു

 

രാസായുധ പ്രയോഗത്തിലൂടെ ഹമാസിന്റെ തുരങ്കങ്ങളിൽ ഇരച്ചുകയറി 220 ബന്ദികളെ രക്ഷപ്പെടുത്താനും അൽ-ഖസ്സാം ബ്രിഗേഡിലെ ആയിരക്കണക്കിന് സൈനികരെ കൊല്ലാനും കഴിയുമെന്നാണ് ഇസ്രായേലും യുഎസും പ്രതീക്ഷിക്കുന്നതെന്നും ഈ വിവരം ചോർന്നത് യുഎസിൽ നിന്നാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ ഈ വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ടിൽ പറഞ്ഞു.

അന്താരാഷ്ട്ര നിരോധിത വാതകങ്ങൾ, പ്രത്യേകിച്ച് നാഡീ വാതകങ്ങൾ, രാസായുധങ്ങൾ എന്നിവ ഉപയോഗിച്ച് യുദ്ധത്തിൽ നിർണായക വിജയം നേടാനാണ് പദ്ധതിയെന്നും വലിയ അളവിൽ അവ തുരങ്കങ്ങളിലേക്ക് പമ്പ് ചെയ്യപ്പെടുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.

ആറ് മുതൽ 12 മണിക്കൂർ വരെ ശാരീരിക ചലനത്തെ തളർത്താൻ കഴിവുള്ള നാഡീ വാതകം ഹമാസ് തുരങ്കങ്ങളിലേക്ക് വലിയ അളവിൽ പമ്പ് ചെയ്യുന്നതിന് യുഎസ് ഡെൽറ്റ ഫോഴ്സ് മേൽനോട്ടം വഹിക്കുമെന്നും പറയുന്നു.

 

മിക്ക നാഡീ വാതകങ്ങളും ചർമ്മത്തിലൂടെയോ ശ്വസനത്തിലൂടെ ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ 10 മിനിറ്റിനിടയിൽ ശരീരഭാഗങ്ങൾ തളർത്താൻ ശേഷിയുള്ളതാണ്. കേന്ദ്ര നാഡീവ്യൂഹത്തിന്റെ ശ്വസന കേന്ദ്രത്തെയും ശ്വാസകോശത്തിന് ചുറ്റുമുള്ള പേശികളെയും അവ തളർത്തും.

വാതകം ശരീരത്തിലെത്തിയാൽ ഓക്കാനം, കഠിനമായ തലവേദന, കാഴ്ച മങ്ങൽ, ചൊറിച്ചിൽ, പേശികളുടെ ഞെരുക്കം, ശ്വാസതടസ്സം, ബോധം നഷ്ടപ്പെടൽ എന്നീ ലക്ഷണങ്ങൾ കാണപ്പെടും. ഈ സമയത്ത് തുരങ്കങ്ങളിൽ കയറി ബന്ദികളെ രക്ഷിക്കുകയും ആയിരക്കണക്കിന് അൽ-ഖസ്സാം സൈനികർ കൊല്ലുകയുമാണ് ഇസ്രായേൽ പക്ഷം ലക്ഷ്യമിടുന്നത്.

വിഷയത്തിൽ പ്രതികരണം ചോദിച്ച് വൈറ്റ് ഹൗസിനെയും യുഎസ് പ്രതിരോധ വകുപ്പിനെയും ബന്ധപ്പെട്ടുവെങ്കിലും ഇത് വരെ മറുപടി ലഭിച്ചിട്ടില്ലെന്ന് മിഡിൽ ഈസ്റ്റ് ഐ പറഞ്ഞു.

ഗസ്സ അധിനിവേശത്തിന് മുന്നോടിയായി യുഎസ് ഇസ്രയേലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേൽ പ്രതിരോധ സെക്രട്ടറി യോവ് ഗാലന്റുമായി ദിവസേന ഫോൺ കോളുകൾ നടത്തി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. നഗര യുദ്ധത്തെ കുറിച്ച് അറിവുള്ള മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേലിലേക്ക് അയച്ചിട്ടുമുണ്ട്.

 

വടക്കൻ ഗസ്സയിലും തീരപ്രദേശത്തും ഇസ്രായേൽ കമാൻഡോകൾ ഇറങ്ങി നടത്തുന്ന ബഹുമുഖ ആക്രമണത്തിലൂടെ മേൽക്കൈ നേടാനാണ് കര ആക്രമണം സംബന്ധിച്ച് വ്യാജ വിവരങ്ങൾ പങ്കുവെക്കുന്നതെന്നും മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ രീതി ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു.

മേഖലയിൽ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കാൻ യുഎസിന് സമയം അനുവദിക്കുന്നതിനായി ഇസ്രായേൽ കര ആക്രമണം വൈകിപ്പിക്കാൻ സമ്മതിച്ചതായി ബുധനാഴ്ച വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേൽ കര ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് നെതന്യാഹുവും ബുധനാഴ്ച പറഞ്ഞു. എന്നാൽ വിശദാംശങ്ങൾ നൽകിയില്ല.

ബന്ദികളാക്കി പിടിച്ച് കൊണ്ടുവന്നവരിൽ അമ്പതോളം പേർ ഇത് വരെ ഇസ്രായേൽ ആക്രണത്തിൽ കൊല്ലപ്പെട്ടാതായി ഹമാസ് വ്യക്തമാക്കി. ഇസ്രായേൽ തടവുകാരെ അവർ തന്നെ കൂട്ടക്കൊല ചെയ്യുകയാണെന്നും ഹമാസ് ആരോപിച്ചു. ഹ​മാ​സി​ന്‍റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് 224 പേരെയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഹമാസിന്റെ പ്രതിനിധി സംഘം റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സന്ദർശനം നടത്തുകയാണ്. മുതിർന്ന ഹമാസ് അംഗം അബു മർസൂക്ക് അടക്കമുള്ളവരാണ് സംഘത്തിലുള്ളതെന്ന് റഷ്യൻ വാർത്ത ഏജൻസി ആർ.ഐ.എ റിപ്പോർട്ട് ചെയ്യുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!