പാഠപുസ്തകങ്ങളിലും ‘ഇന്ത്യ’ വേണ്ട, പകരം ഭാരതം മതി; ഹിന്ദുരാജാക്കൻമാരുടെ യുദ്ധവിജയങ്ങളും പഠിപ്പിക്കും. പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്താൻ ശുപാര്‍ശ

പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ യ്ക്ക് പകരം’ഭാരത്’ എന്നാക്കാന്‍ എന്‍.സി.ഇ.ആര്‍.ടി പാനല്‍ ശുപാര്‍ശ. എന്‍.സി.ഇ.ആര്‍.ടി.സോഷ്യല്‍സയന്‍സ് പാനല്‍ ആണ് നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് കമ്മിറ്റി ചെയര്‍മാന്‍ സി.ഐ ഐസക് മാധ്യമങ്ങളോട് പറഞ്ഞു. എന്‍.സി.ഇ.ആര്‍.ടി ഏഴംഗ ഉന്നതതല സമിതി ഐകകണ്ഠ്യേനയാണ് ശുപാര്‍ശ നല്‍കിയതെന്നും പാനല്‍ തയ്യാറാക്കിയ സാമൂഹിക ശാസ്ത്ര ഫൈനല്‍ പൊസിഷന്‍ പേപ്പറിലും ഇക്കാര്യം പരാമര്‍ശിച്ചതായും ഐസക് പറഞ്ഞു.

”ഇന്ത്യ’ എന്ന വാക്കിന് 5,000-ത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ‘ഇന്ത്യ’ എന്ന പദം സാധാരണയായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപനത്തിനും 1757 ലെ പ്ലാസി യുദ്ധത്തിനും ശേഷമാണ്. ഈ പശ്ചാത്തലത്തിലാണ് ഏഴംഗസമിതി എല്ലാ ക്ലാസുകളിലേയും പാഠപുസ്തകത്തില്‍ പേരുമാറ്റ നിര്‍ദേശം മുന്നോട്ട് വെച്ചത്’; സി.ഐ ഐസക് ഹിന്ദുസ്ഥാന്‍ ടൈംസിനോട്‌ പറഞ്ഞു

മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നുപയോഗിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ആസിയാന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ആറിന് പുറത്തിറക്കിയ കുറിപ്പില്‍ ‘പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നും സെപ്റ്റംബര്‍ ഒന്‍പതിന് ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നും രേഖപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാഠപുസ്തകങ്ങളില്‍ പേരുമാറ്റ നിര്‍ദേശം വന്നിരിക്കുന്നത്

അടുത്ത അധ്യയനവര്‍ഷം മുതല്‍ പാഠപുസ്തകങ്ങളില്‍ പേരുമാറ്റം കൊണ്ടുവരാനാണ് ശുപാര്‍ശ. എന്നാല്‍ പാനല്‍ ശുപാര്‍ശ നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ നിലവില്‍ തീരുമാനമായിട്ടില്ലെന്നും എന്‍.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ന്യൂസ് 18-നോട് പറഞ്ഞു.

എല്ലാ വിഷയങ്ങളുടെ സിലബസിലും ഇന്ത്യന്‍ നോളജ് സിസ്റ്റം (ഐകെഎസ്), ‘പുരാതന ചരിത്ര’ (Ancient History)ത്തിന്‌ പകരം ‘ക്ലാസിക്കല്‍ ഹിസ്റ്ററി’ എന്നാക്കണമെന്നും പാനല്‍ നിര്‍ദേശിച്ചതായി ഐസക് മാധ്യമങ്ങളോട് പറഞ്ഞു

ചരിത്ര പഠനത്തിലും മാറ്റം വരുത്താൻ ശുപാർശയുണ്ട്. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന വിഭജനം മാറും. പുരാതന ചരിത്രം എന്നതിനു പകരം ക്ലാസിക്കൽ ചരിത്രം എന്നാക്കും. ബ്രിട്ടിഷുകാരാണ് ഇന്ത്യൻ ചരിത്രത്തെ മൂന്നു ഘട്ടമായി വേർതിരിച്ചത്. അറിവിന്റെ കാര്യത്തിൽ ഒരുകാലത്ത് ഇന്ത്യ ഇരുട്ടിലായിരുന്നുവെന്നും ശാസ്ത്രപരമായ അറിവുകളോ അതിന്റെ വളർച്ചയോ ഉണ്ടായിരുന്നില്ലെന്നും ഈ വിഭജനത്തിൽ വ്യാഖ്യാനമുണ്ട്.

എന്നാൽ, സോളർ സിസ്റ്റം മോഡലുമായി ബന്ധപ്പെട്ട് ആര്യഭട്ടയുടെ രചന ഉൾപ്പെടെ അക്കാലത്തെ ഇന്ത്യയുടെ നേട്ടങ്ങൾ വിവരിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ ലഭ്യമാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ മധ്യകാല, ആധുനിക ചരിത്രത്തിനൊപ്പം ക്ലാസിക്കൽ ചരിത്രം കൂടി പഠിപ്പിക്കാൻ സമിതി ശുപാർശ ചെയ്തതായി ഐസക് അറിയിച്ചു.

ഹിന്ദുരാജാക്കൻമാരുടെ യുദ്ധവിജയങ്ങൾ കൂടുതലായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും ഐസക് വിശദീകരിച്ചു. ‘നിലവിൽ നമ്മുടെ പരാജയങ്ങളാണ് പാഠപുസ്തകങ്ങളിൽ കൂടുതലായുള്ളത്. മുഗളൻമാർക്കും സുൽത്താൻമാർക്കുമെതിരെ നാം നേടിയ വിജയങ്ങൾ അക്കൂട്ടത്തിലില്ല.

വിവിധ വിഷയങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് ശുപാർശ നൽകുന്നതിനായി എൻസിഇആർടി 2021ൽ രൂപീകരിച്ച 25 ഉന്നതതല സമിതികളിൽ ഒന്നാണ് സാമൂഹിക ശാസ്ത്രത്തിനുള്ള ഐസക് അധ്യക്ഷനായ സമിതി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!