ഗസ്സയിൽ മരണം ആറായിരം കവിഞ്ഞു; ആശുപത്രികൾ ഇന്ന് രാത്രിയോടെ പ്രവർത്തനം നിറുത്തേണ്ടി വരും, യുഎന്നിനെതിരെ കടുത്ത നടപടിയുമായി ഇസ്രായേൽ, ക്രൂരമായ ആക്രമണം തുടരുന്നു – വീഡിയോ

ഹമാസ്-ഇസ്രായേൽ ആക്രമണം ആരംഭിച്ച് ഇത് വരെ ഗസ്സയിൽ മാത്രം 6055 പേർ മരിച്ചതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 2360 പേർ കുട്ടികളാണ്. 1500 ഓളം പേർ ഇപ്പോഴും നിരവധി കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണ്. ആക്രമണത്തിൽ ഇത് വരെ 15,143 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

 

 

ഗസ്സയിലും വെസ്റ്റ് ബാങ്കിലും ശക്തമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലായി. ആശുപത്രികൾ ഇന്ന് രാത്രിയോടെ പ്രവർത്തനം നിർത്താൻ നിർബന്ധിതരാകുമെന്ന് യു.എൻ ഏജൻസി അറിയിച്ചു. 130 നവജാത ശിശുക്കളും, ആയിരത്തിലധികം കിഡ്നി രോഗികളുമടക്കമാണ് ജീവന് ഭീഷണി നേരിടുന്നത്.

 

 

 

 

 

അതേസമയം ഗസ്സയിൽ ഇസ്രായേലിലും വെസ്റ്റ് ബങ്കിലും ആക്രമണം തുടരുകയാണ്. സിറിയയിലെ സേനാ കേന്ദ്രങ്ങളും ഇസ്രായേൽ ആക്രമിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു. ഇന്ധനമെത്തിക്കുന്നതിനുള്ള വിലക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അതിനിടെ, യു.എൻ സെക്രട്ടറി ജനറൽ ഫലസ്തീന് അനുകൂലമായ നിലപാട് എടുത്തത് ജനറൽ അസംബ്ലിയിൽ ചൂടേറിയ ചർച്ചയ്ക്കും വഴിയൊരുക്കി.

 

 

 

ഹമാസിന്റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ല എന്നാണ് അന്റോണിയോ ഗുട്ടറസ് തുറന്നടിച്ചത്. 56 വർഷം ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിനാണ് ഫലസ്തീൻ വിധേയമായതെന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. ഹമാസിന്റെ ഭീകരമായ ആക്രമണത്തെ അപലപിച്ച ഗുട്ടെറസ്‌ അതിന്റെപേരില്‍ പലസ്തീന്‍കാരെ ഒന്നടങ്കം ശിക്ഷിക്കുന്നതിന് ഇസ്രയേലിനെ കുറ്റപ്പെടുത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്നും പറഞ്ഞു. സായുധസംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീതരല്ലെന്നും ഇസ്രയേലിന്റെ പേരു പരാമര്‍ശിക്കാതെ ഗുട്ടറസ് പറഞ്ഞു. യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

 

 

ഗുട്ട്റസിൻ്റെ ഈ ഇസ്രായേലിനെ വല്ലാതെ ചൊടിപ്പിച്ചു. നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിച്ചാണ് ഇസ്രായേൽ വിദേശകാര്യമന്ത്രി ഏലി കോഹൻ പ്രസംഗം തുടങ്ങിയത്. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ സെക്രട്ടറി ജനറലിന്റെ ആവശ്യവും ഇസ്രായേൽ തള്ളി.

ഇസ്രായേലിനെതിരായ അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവനക്ക് പിന്നാലെ ഐക്യരാഷ്ട്ര സഭക്കെതിരെ കടുത്ത നിലപാടുമായി ഇസ്രായേൽ. യു.എൻ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിക്കാനാണ് തീരുമാനം. അന്താരാഷ്ട്ര സമ്മർദം മുറുകുമ്പോഴും വൻശക്തി രാജ്യങ്ങളുടെ പിന്തുണയോടെ ആക്രമണത്തിന് ആക്കംകൂട്ടുകയാണ് ഇസ്രായേൽ.

ആസ്ത്രേലിയയുടെ രണ്ട് യുദ്ധവിമാനങ്ങൾകൂടി പശ്ചിമേഷ്യയിലേക്ക്പുറപ്പെട്ടു. സിറിയയിലെ സേനാ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിച്ചു.

 

 

അതേ സമയം ഹമാസിനെ തകര്‍ക്കാതെ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു. ഹമാസിനെ തകര്‍ക്കുക എന്ന ഒരേയൊരു ദൗത്യമേ ഇസ്രയേലിനുള്ളൂവെന്നും ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ അത് നിര്‍ത്തില്ലെന്നും നെതന്യാഹു പറഞ്ഞു. ഇതിന് പിന്നാലെ കരയാക്രമണത്തിന് തങ്ങള്‍ സജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിക്കുകയും ചെയ്തു.

 

 

 

യുഎന്‍ സെക്രട്ടറി ജനറലിന്റെ വെടിനിര്‍ത്തല്‍ ആഹ്വാനത്തെ ഇസ്രയേലിന് പിന്നാലെ യുഎസും കാനഡയും തള്ളി. ‘ഒരു തീവ്രവാദ സംഘടന അന്താരാഷ്ട്ര നിയമങ്ങളെയോ വെടിനിര്‍ത്തലിന് വേണ്ടിയുള്ള ഏതെങ്കിലും ആഹ്വാനത്തെയോ മാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല’ കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇസ്രയേലിന് മാത്രമല്ല, ലോകത്തിനുതന്നെ ഭീഷണിയായ ഹമാസിനെ ഇല്ലാതാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലും-ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് ശരിയായ സമയം ആയിട്ടില്ലെന്ന് നേരത്തെ വൈറ്റ് ഹൗസും വ്യക്തമാക്കുകയുണ്ടായി.

 

 

അതിനിടെ സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഹിസ്ബുല്ല ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. കിഴക്കൻ സിറിയയിലെ ദേർ എൽ-സൂർ പ്രവിശ്യയിലെ അൽ-ഒമർ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അൽ-ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തെക്കുറിച്ച് വാഷിങ്ടൻ പ്രതികരിച്ചിട്ടില്ല. ജോർദാൻ, ഇറാഖ് അതിർത്തികൾക്ക് സമീപമുള്ള അൽ-താൻഫ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

 

 

കഴിഞ്ഞ ദിവസം പ്രസംഗം പാതിയിൽ നിർത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മടങ്ങിയിരുന്നു. ഇസ്രയേൽ – ഹമാസ് വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മടങ്ങിയത്. ‘വെളിപ്പെടുത്താത്ത പ്രശ്നം’ കാരണം ‘സിറ്റുവേഷൻ റൂമി’ൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായി വന്നതിനെ തുടർന്ന് മടങ്ങിയതെന്നാണ് റിപ്പോർട്ട്.

‘എനിക്ക് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നമുണ്ട്, അതിനായി സിറ്റുവേഷൻ റൂമിലേക്ക് പോകേണ്ടതുണ്ട്’– എന്നു പറഞ്ഞ ശേഷം ബൈഡൻ മടങ്ങുകയായിരുന്നു. ഒക്‌ടോബർ 7ന് ആരംഭിച്ച ഇസ്രയേൽ – ഹമാസ് സംഘർഷത്തെ തുടർന്ന് ഗാസയിൽ തടവിലായിരുന്ന രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.  ഡ്രോൺ ആക്രമണത്തെ തുടർന്നാണ് അദ്ദേഹം പ്രസംഗം നിർത്തി മടങ്ങിയതെന്നാണ് സൂചന.

 

 

ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങളിൽ ഉണ്ടായ ഡ്രോൺ ആക്രമണ പരമ്പരയിൽ രണ്ട് ഡസൻ യുഎസ് സൈനികർക്ക് പരുക്കേറ്റതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞിരുന്നു. എന്നാൽ പെന്റഗൺ ഈ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!