‘വിനായകന് ഒരു പരിഗണനയും നൽകിയിട്ടില്ല, 3 വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി;’ ജാമ്യം നൽകിയതിൽ വിശദീകരണവുമായി ഡിസിപി

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി എസ്.ശശിധരൻ. ഒരു സ്വാധീനത്തിനും  വഴങ്ങിയിട്ടില്ലെന്നും ഡിസിപി പറഞ്ഞു. വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് ജാമ്യത്തിൽ വിട്ടതെന്ന് ഉമാ തോമസ് എംഎൽഎ ആരോപിച്ചിരുന്നു. സഖാവ് എന്ന പ രിഗണനയാണോ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിന് കാരണമെന്നും ഉമാ തോമസ് ചോദിച്ചിരുന്നു. ‘മുകളിൽ’ നിന്ന് നിർദേശമുണ്ടായോയെന്ന് സംശയമുണ്ടെന്നും അവർ പറഞ്ഞു. വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടുവെന്ന് ഉമാ തോമസ് ഫെയ്സ്ബുക്കിലും ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവർ മാധ്യമങ്ങളോടും പ്രതികരിച്ചത്.

ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ഡിസിപി രംഗത്തെത്തിയത്.

‘പൊലീസ് ഒരു സ്വാധീനത്തിനും വഴങ്ങിയിട്ടില്ല. ബഹളമുണ്ടാക്കിയതിനും ഡ്യൂട്ടി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും കേരള പൊലീസ് ആക്ട് പ്രകാരം മൂന്നു വർഷം വീതം തടവു ലഭിക്കാവുന്ന രണ്ടു വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ വിനായകൻ ശ്രമിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. ഇതിൽ നിന്ന് കയ്യേറ്റ ശ്രമമുണ്ടായെന്നു തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കും’– ഡിസിപി പറഞ്ഞു.

‘അദ്ദേഹത്തിന്റെ ഒരു വ്യക്തിപരമായ പ്രശ്നം ഉണ്ടാകുമ്പോൾ പൊലീസ് പോകും. പൊലീസ് ഇടപെടും. വ്യക്തിപരമായ പ്രശ്നമായതുകൊണ്ട് പറയുന്നില്ല’– എന്നും ഡിസിപി പറഞ്ഞു. വിനായകനെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയുണ്ടോ എന്ന ചോദ്യത്തിന് പരിശോധിക്കട്ടെ, പരിശോധിച്ചശേഷം മറുപടി നൽകാമെന്ന് അദ്ദേഹം പറഞ്ഞു. വിനായകൻ പ്രശ്നക്കാരനാണോ എന്ന ചോദ്യത്തിന് ‘പുള്ളി മദ്യപിച്ചുകഴിഞ്ഞാൻ ഇങ്ങനെ കുറച്ച് പ്രശ്നങ്ങൾ. മുൻപൊരിക്കൽ ഇതുപോലെ ചെറിയൊരു പ്രശ്നം ഉണ്ടായിട്ടുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് 4.30ന് താമസിക്കുന്ന കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ ഫ്ലാറ്റിലേക്കു വിനായകൻ പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. കുടുംബവഴക്കിനെ തുടർന്നായിരുന്നു ഇത്. ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണു കുടുംബവഴക്കിനു കാരണമെന്നു മനസ്സിലാക്കിയ പൊലീസ് രണ്ടുവശവും കേട്ടശേഷം വിനായകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മടങ്ങാൻ ഒരുങ്ങി. ഇതോടെ പൊലീസിനോടും വിനായകൻ കയർത്തു. നിങ്ങൾ ഒരുവശം മാത്രമാണു കേൾക്കുന്നതെന്നും സ്ത്രീകൾ പറയുന്നതു മാത്രമാണു വിശ്വസിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു വിനായകൻ ഫ്ലാറ്റിലെത്തിയ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ മടക്കി അയച്ചത്. പിന്നാലെ, രാത്രി 7.30നു പൊലീസ് സ്റ്റേഷനിലെത്തിയ വിനായകൻ, പൊലീസ് ഉദ്യോഗസ്ഥരെ അസ‌ഭ്യം പറഞ്ഞതോടെയാണ് അറസ്റ്റ് ചെയ്ത് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയത്.
പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയതെന്നും പൊലീസ് ഉദ്യോഗസ്ഥനോടു തന്നെ ചോദിക്കണമെന്ന് വിനായകൻ പ്രതികരിച്ചിരുന്നു. വിനായകനെ കണ്ട് ആശുപത്രി പരിസരത്ത് ആളുകൾ കൂടി. പിന്നീട് പൊലീസെത്തി അവരെ മാറ്റിയപ്പോൾ വിനായകൻ ശാന്തനായി പരിശോധനകളോട് സഹകരിക്കുകയായിരുന്നു.
Share
error: Content is protected !!