‘എല്ലാ ബന്ദികളും ഭൂമിക്കടിയിലെ തുരങ്കങ്ങളിൽ, സൗഹൃദത്തോടെയാണ് അവർ പെരുമാറിയത്, എല്ലാ കാര്യങ്ങളും നോക്കി’; ഹമാസ് മോചിപ്പിച്ച ഇസ്രയേൽ വനിത – വീഡിയോ
ഹമാസ് പോരാളികൾ സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും എല്ലാ കാര്യങ്ങളും നോക്കാൻ അവിടെ ആളുണ്ടായിരുന്നുവെന്നും മോചിതരായ ഇസ്രായേലി വനിത. ഹമാസ് പ്രതിരോധ സംഘം ഇന്നു മോചിപ്പിച്ച രണ്ടു വനിതകളിൽ ഒരാളായ എൺപത്തഞ്ചുകാരി യോചേവദ് ലിഫ്ഷിറ്റ്സാണ് വാർത്താസമ്മേളനം നടത്തിയത്. ഒരുപാട് നാൾ ബന്ദികളെ ഒളിപ്പിക്കാൻ കഴിഞ്ഞ ഹമാസിന് ദീർഘകാല പദ്ധതിയുണ്ട് എന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.
‘ഓരോ ബന്ദികളെ നോക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും അവരാണ് നോക്കിയത്. എല്ലാറ്റിനെ കുറിച്ചും അവർ ഞങ്ങളോട് സംസാരിച്ചു. ഏറെ സൗഹൃദപൂർവ്വമായിരുന്നു അവരുടെ പെരുമാറ്റം. അവർ ഞങ്ങൾക്ക് ബ്രഡും വെണ്ണയും തന്നു. കൊഴുപ്പു കുറഞ്ഞ പാൽക്കട്ടിയും കക്കിരിയുമായിരുന്നു ഞങ്ങളുടെ ദിനേനയുള്ള ഭക്ഷണം. അവർ നന്നായി തയ്യാറെടുത്ത പോലെയുണ്ട്. ദീർഘനാൾ ഞങ്ങളെ മറച്ചുവയ്ക്കാൻ അവർക്കായി.’- അവർ പറഞ്ഞു.
‘അവർ ഞങ്ങളെ ഭൂമിക്കടിയിലെ തുരങ്കത്തിലേക്കാണ് കൊണ്ടുപോയത്. നനഞ്ഞ ചെളിയിൽ കിലോമീറ്ററുകൾ നടന്നുപോയി. ചിലന്തിവല പോലെ പടർന്നു കിടക്കുന്ന വലിയ തുരങ്കങ്ങൾ അവിടെയുണ്ട്. അവിടെയെത്തിയ വേളയിൽ, തങ്ങൾ ഖുർആനിൽ വിശ്വസിക്കുന്നവരാണ് എന്നും ഉപദ്രവിക്കില്ലെന്നും അവർ പറഞ്ഞു. ടണലിൽ തങ്ങളുടെ അതേ അവസ്ഥയിൽ, അവരിൽ ഒരാളായി ജീവിക്കാമെന്നും അവർ പറഞ്ഞു. ആവശ്യമുള്ളവർക്ക് അവർ ഡോക്ടർമാരെ എത്തിച്ചിരുന്നു. കിടക്കയിലാണ് ഞങ്ങൾ കിടന്നത്. എല്ലാം വൃത്തിയുള്ളതാണെന്ന് അവർ ഉറപ്പാക്കിയിരുന്നു.’ – അവർ കൂട്ടിച്ചേർത്തു.
ബന്ദികളാക്കിയവരിൽ അഞ്ചു പേർക്കു വീതം ഒരു ഗാർഡുണ്ടായിരുന്നു. ആ അഞ്ചു പേരുടെയും എല്ലാ കാര്യങ്ങളും ആ ഗാർഡാണ് നോക്കിയിരുന്നത്. സ്ത്രീകളുടെ ശുചിത്വ കാര്യങ്ങളിൽപ്പോലും വലിയ ശ്രദ്ധയാണ് അവിടെയുള്ളവർ ചെലുത്തിയത്. ടണലിൽ എത്തിയതു മുതൽ ബന്ദികൾക്ക് വെള്ള ചീസും വെള്ളരിയുമാണ് ഭക്ഷണമായി നൽകിയിരുന്നത്. ഇതേ ഭക്ഷണമാണ് ടണലിൽ ബന്ദികളുടെ കാര്യങ്ങൾ നോക്കാനായി ഉണ്ടായിരുന്ന ഹമാസിന്റെ ആളുകളും കഴിച്ചിരുന്നത്.
"They gave us pitta bread, hard cheese, some low fat cream cheese, and cucumber and that was our food for the entire day."
Freed Hamas hostage Yocheved Lifshitz recounts her experience saying "there were people there who took care of all the needs."
🔗 https://t.co/ViphYGDoVz pic.twitter.com/FNxgBznX0F
— Sky News (@SkyNews) October 24, 2023
ഒക്ടോബർ ഏഴിലെ ആക്രമണത്തെ കുറിച്ചും അവർ ഓർത്തെടുത്തു. ‘കിബുട്‌സിൽ ഞങ്ങൾക്കു നേരെ വലിയ ആക്രമണമാണ് ഉണ്ടായത്. മോട്ടോർ സൈക്കിളിലിരുത്തി കാട്ടിലൂടെയാണ് എന്നെ കൊണ്ടുപോയത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. 2.5 ബില്യൺ ചെലവിട്ട് നിർമിച്ച ഇലക്ട്രിക് വേലി ഒക്കെ പൊട്ടിച്ചാണ് ഞങ്ങളെ കൊണ്ടുപോയത്. ആൾക്കൂട്ടം വീടുകൾ കൊള്ളയടിച്ചിരുന്നു. ചിലരെ മർദിച്ചു. ചിലരെ ബന്ദികളാക്കി. അത് വളരെ വേദനാജനകമായിരുന്നു. അങ്ങനെയാണ് ടണലിന് മുമ്പിലെത്തിയത്.’ – ലിഫ്ഷിറ്റ്‌സ് പറഞ്ഞു.
മോചിപ്പിക്കുന്ന വേളയിൽ ഇവർ ഹമാസ് പോരാളിയെ ഹസ്തദാനം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ്, ഹമാസ് സേന സൗഹൃദപൂർവ്വമാണ് പെരുമാറിയത് എന്ന് ലിഫ്ഷിറ്റ്‌സ് മറുപടി നൽകിയത്. 85കാരിയായ ലിഫ്ഷിറ്റ്‌സിനെ കൂടാതെ 79 വയസ്സുള്ള നൂറിത് കൂപ്പർ എന്ന വനിതയെയും ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. റെഡ്‌ക്രോസ് വഴിയായിരുന്നു ഇവരുടെ കൈമാറ്റം. ഇരുവരും ഇപ്പോള്‍ തെല്‍ അവീവിലെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.
ഒക്ടോബർ ഏഴിന് നടന്ന അതിർത്തി ഭേദിച്ച് ഹമാസ് നടത്തിയ ഇസ്രായേൽ ആക്രമണത്തിൽ 220 പേരെയാണ് ബന്ദികളാക്കി എന്നാണ് റിപ്പോർട്ട്. ദിവസങ്ങൾക്ക് മുമ്പ് രണ്ട് അമേരിക്കൻ പൗരന്മാരെയും ഹമാസ് മോചിപ്പിച്ചിരുന്നു. മാനുഷിക പരിഗണന വച്ചാണ് ബന്ദികളെ മോചിപ്പിക്കുന്നതെന്ന് ഹമാസ് പറയുന്നു. ബന്ധികളിൽ അമ്പതോളം പേരെ ഉടൻ മോചിപ്പിക്കുമെന്നും അതിനുള്ള നയതന്ത്ര നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.