പറക്കുന്നതിനിടെ എൻജിൻ ഓഫ് ചെയ്ത് വിമാനം തകർക്കാൻ ശ്രമം; ഉദ്വോഗത്തിൻ്റെ മുൾമുനയിൽ യാത്രക്കാർ, ഡ്യൂട്ടിയിലല്ലാത്ത പൈലറ്റ് അറസ്റ്റിൽ – വീഡിയോ

യാത്രാമധ്യേ എൻജിൻ ഓഫ് ചെയ്ത് വിമാനം അപകടത്തിൽപ്പെടുത്തി തകർക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഓഫ് ഡ്യൂട്ടിയിലായിരുന്ന പൈലറ്റ് അറസ്റ്റിൽ. യുഎസിലെ ഒറിഗോണിലാണ് സംഭവം. ഡ്യൂട്ടിയിലല്ലാത്തതിനാൽ വിമാനത്തിന്റെ കോക്പിറ്റിലുള്ള അധിക സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന പൈലറ്റാണ്, പറക്കുന്നതിനിടെ എൻജിനുകൾ ഓഫ് ചെയ്ത് വിമാനം തകർക്കാൻ ശ്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാൽപ്പത്തിനാലുകാരനായ ജോസഫ് ഡേവിഡ് എമേഴ്സനാണ് അറസ്റ്റിലായത്. (ചിത്രത്തിൽ അറസ്റ്റിലായ ജോസഫ് ഡേവിഡ്)

അപകടം മനസ്സിലാക്കിയ വിമാന ജീവനക്കാർത്തന്നെ ഇയാളെ കീഴ്പ്പെടുത്തി അധികൃതർക്കു കൈമാറി. കൊലപാതക ശ്രമം, വിമാനം അപകടത്തിൽപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. വാഷിങ്ടനിലെ എവറെറ്റിൽനിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള അലാസ്ക എയർലൈൻസിന്റെ വിമാനമാണ് ഓഫ് ഡ്യൂട്ടിയിലായിരുന്ന പൈലറ്റ് ബോധപൂർവം അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്. ഈ സമയത്ത് വിമാനത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 80 യാത്രക്കാരും നാലു വിമാന ജീവനക്കാരുമുണ്ടായിരുന്നു.

ഞായറാഴ്ച പ്രദേശിക സമയം വൈകിട്ട് 5.23ന് എവറെറ്റിൽനിന്ന് പുറപ്പെട്ട വിമാനം, ഒരു മണിക്കൂറിനു ശേഷമാണ് പോർട്ട്ലാൻഡിൽ അടിയന്തര ലാൻഡിങ് നടത്തിയത്. യാത്രക്കാരെ പിന്നീട് സാൻ ഫ്രാൻസിസ്കോയിൽ എത്തിച്ചതായും അലാസ്ക എയർലൈൻസ് അറിയിച്ചു.

അപകട ഭീഷണിയെ തുടർന്ന് വിമാനം ഒറിഗോണിലെ പോർട്ട്ലാൻഡിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. വിമാനത്തിന്റെ കോക്പിറ്റിലെ അധിക സീറ്റിൽ ഇരിക്കുകയായിരുന്ന ഡ്യൂട്ടിയിലല്ലാതിരുന്ന പൈലറ്റ് പറക്കുന്നതിനിടെ എൻജിനുകൾ ഓഫ് ചെയ്ത് വിമാനം അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചതായി അലാസ്ക എയർലൈൻസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. പൈലറ്റിന്റെ പേരു വിവരങ്ങൾ വെളിപ്പെടുത്താതെയാണ് എയർലൈൻസ് പ്രസ്താവന ഇറക്കിയത്.

പൈലറ്റിന്റെ കോ–പൈലറ്റിന്റെയും അവസരോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയതെന്നും പ്രസ്താവനയിലുണ്ട്. ഇരുവരും അതിവേഗം പ്രതികരിക്കുകയും എൻജിൻ ഓഫാകാതെ വിമാനം സുരക്ഷിതമാക്കിയതായും കമ്പനി അറിയിച്ചു. അതേസമയം, പ്രതിയുടെ കൈവശം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

അപകടം സൃഷ്ടിക്കാൻ ശ്രമമുണ്ടായതിനു പിന്നാലെ തന്നെ പൈലറ്റ് ഇക്കാര്യം എയർ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിച്ചു. അപകട ഭീഷണി ഉയർത്തിയയാളെ ഉടൻ തന്നെ കോക്പിറ്റിൽനിന്ന് നീക്കി കൈകൾ ബന്ധിച്ച് വിമാനത്തിന്റെ പിന്നിലേക്കു മാറ്റിയതായി പൈലറ്റ് അറിയിച്ചു. വിമാനം ലാൻഡ് ചെയ്യുന്ന ഉടൻ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ അധികൃതരുടെ സഹായവും പൈലറ്റ് തേടിയിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!