തേജ് ചുഴലിക്കാറ്റ്; ഗൾഫ് രാജ്യങ്ങളിലും ജാഗ്രത നിർദേശം, ഒമാനിൽ രണ്ട് ദിവസം പൊതു അവധി, സൗദിയിലും മുന്നറിയിപ്പ്
അറബി കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിൻ്റെ പശ്ചാതലത്തിൽ ഗൾഫ് രാജ്യങ്ങളിലും ജാഗ്രത നിർദേശം. മുൻകരുതലിൻ്റെ ഭാഗമായി ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഒമാനിലെ ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണ് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചത്.
ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തേജ് ചുഴലിക്കാറ്റിനെതുടര്‍ന്ന് തീവ്ര മഴക്കുള്ള മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇന്ന് അർദ്ധരാത്രിയോടെ 50 മുതൽ 150 മിലി മീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തീവ്ര മഴയായി മാറും. ഈ ദിവസങ്ങളില്‍ 200 മുതൽ 500 മില്ലി മീറ്റർ മഴയായി മാറാമെന്നും 70 മൈല്‍ വരെ വേഗത്തിൽ കാറ്റ് വീശാം എന്നും മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
തേജ് ചുഴലിക്കാറ്റ് സൗദി അറേബ്യയുടെ ചില ഭാഗങ്ങളേയും പരോക്ഷമായി ബാധിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ വ്യാഴാവ്ച വരെ രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴയും കാറ്റുമുണ്ടാകാനിടയുണ്ട്.
ഒമാൻ അതിർത്തിയോട് ചേർന്നുള്ള റുബുല്‍ ഖാലി മരുഭൂമി, നജ്‌റാന്‍, ഖര്‍ഖീര്‍, ശറൂറ എന്നിവിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇവിടങ്ങളില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ പൊടിക്കാറ്റുമുണ്ടാകും.
തേജ് ചുഴലിക്കാറ്റ് അറബിക്കടലില്‍ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് നീങ്ങുന്നതിനാല്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിന് ശക്തിയേറും. ഒമാന്‍, യമന്‍ തീരത്തോട് അടുത്തുവരുന്നുണ്ടെങ്കിലും അവിടെയെത്തുമ്പോഴേക്ക് കാറ്റഗറി 2 ചുഴലിക്കാറ്റായി ഇത് മാറും. അത് മൂലം തീരങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. തിരമാലകള്‍ ഉയര്‍ന്നുപൊങ്ങുമെന്നും. ചില തീരപ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാക്കിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
അറബിക്കടലില്‍ തിരമാല അഞ്ച് മീറ്റര്‍ വരെ ഉയരത്തിലെത്തും. ഒമാനിലെ ദുഫാര്‍, അല്‍മഹ്‌റ ജില്ലകളില്‍ ജലനിരപ്പ് ഉയരും. ദുഫാര്‍, അല്‍വുസ്ഥ മേഖലകളിലും യമനിലെ ഹളര്‍മൗത്തിലും തിങ്കളാഴ്ച മൂന്നാം കാറ്റഗറിയിലുള്ള ചുഴലിക്കാറ്റാണ് വീശുക. ചൊവ്വാഴ്ച ഒമാന്‍, യമന്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഒന്നാം കാറ്റഗറിയിലുള്ള ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതിന്റെ ഭാഗമായി ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു. കൂടാതെ വടക്കൻ അതിർത്തികളിലും, മദീന, ഹായിൽ, തബൂക്ക്, അൽ-ജൗഫ് എന്നീ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയും കാഴ്ചയെ പരിമിതപ്പെടുത്തും വിധം ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ജിസാൻ, അസീർ, അൽ-ബാഹ, മക്ക എന്നീ പ്രദേശങ്ങളിൽ സജീവമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുള്ളതായും ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലിനുള്ള അവസരം പാകമാണെന്നും കേന്ദ്രം അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക