ഗസ്സയിലേക്ക് സഹായം അയച്ച് ഇന്ത്യ; മെഡിക്കല്‍-ദുരന്ത നിവരാണ സാമഗ്രികളുമായി വ്യോമസേനാ വിമാനം ഈജിപ്തിലേക്ക് പുറപ്പെട്ടു – വീഡിയോ

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ കനത്ത ദുരിതംപേറുന്ന ഗസയിലെ ജനങ്ങള്‍ക്ക്‌ സഹായങ്ങളയച്ച് ഇന്ത്യ. മെഡിക്കല്‍-ദുരന്ത നിവരാണ സാമഗ്രികളാണ് വ്യോമസേന വിമാനത്തില്‍ കയറ്റി അയച്ചത്.

‘ഫലസ്തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍ സഹായവും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഈജിപ്തിലെ അല്‍ഹരീഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു’ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എകസിലൂടെ അറിയിച്ചതാണിക്കാര്യം.

ജീവന്‍രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, ശുചീകരണ വസ്തുക്കള്‍, ജല ശുദ്ധീകരണ ടാബ്ലറ്റുകള്‍ തുടങ്ങിയ വസ്തുക്കളടങ്ങുന്നതാണ് ഇന്ത്യ അയച്ച സഹായമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം’ എന്ന് സഹായ പായ്ക്കുകളില്‍ ഒട്ടിച്ചിട്ടുണ്ട്.

 

 

 

 

യുദ്ധവും ഉപരോധവും തകര്‍ത്തുകളഞ്ഞ ഗാസയിലെ ജനങ്ങള്‍ക്ക് ആദ്യഘട്ട മാനുഷികസഹായമെത്തിക്കുന്നതിന് ഈജിപ്തിലെ റാഫ അതിര്‍ത്തി കഴിഞ്ഞ ദിവസം തുറന്നിരുന്നു. ദിവസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ശനിയാഴ്ച ഗാസയിലെ യുദ്ധമുഖത്തേക്ക് മനുഷ്യത്വത്തിന്റെ വെളിച്ചം അല്പമെങ്കിലുമെത്തിയത്.

സഹായവുമായെത്തിയ ഈജിപ്ഷ്യന്‍ റെഡ് ക്രെസന്റിന്റെ 20 ട്രക്കുകളെയാണ് നിലവില്‍ കടത്തിവിട്ടത്. യുദ്ധം അഭയാര്‍ഥികളാക്കിയ ലക്ഷക്കണക്കിന് ആളുകളാണ് കുടിവെള്ളവും ഭക്ഷണവുമില്ലാതെ ഗാസയില്‍ ദുരന്തമുഖത്തുള്ളത്. പരിക്കേറ്റവര്‍പോലും അഭയതീരം തേടി പലായനത്തിലാണ്. 23 ലക്ഷത്തിലേറെ ജനങ്ങളുള്ള ഗസയില്‍ 20 ട്രക്ക് സഹായംകൊണ്ട് ഒന്നുമാവില്ലെന്ന് റെഡ് ക്രെസന്റ് അറിയിച്ചിരുന്നു.

അടുത്ത ഘട്ട ട്രക്ക് വ്യൂഹത്തിന് ഉടന്‍ റഫാ അതിര്‍ത്തിയിലൂടെ കടന്നെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎന്‍ അറിയിച്ചു. 30 ഓളം ട്രക്കുകളാണ് രണ്ടാം ഘട്ടത്തില്‍ ഗസയിലെത്തുകയെന്നാണ് വിവരം.

ഇന്ത്യയെ കൂടാതെ വിവിധ രാജ്യങ്ങള്‍ ഇതിനോടകം ഗസയ്ക്കായി ഈജിപ്തിലേക്ക് സഹായം അയച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വ്യോമാക്രമണം ശക്തമാക്കുമെന്നും വടക്കന്‍ ഗസയില്‍ നിന്ന് ജനങ്ങള്‍ പാലായനം ചെയ്യണമെന്നുള്ള ഇസ്രയേല്‍ ഭീഷണി ആശങ്കള്‍ക്കിടയാക്കിയിട്ടുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!