ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പ്രതികാര നടപടി: ‘ബെന്‍സേമക്ക് ബ്രദർഹുഡ് ബന്ധം; പൗരത്വം റദ്ദാക്കണം’ – ആഭ്യന്തര മന്ത്രി

ഗസ്സയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് ഫുട്‌ബോൾ താരം കരീം ബെൻസേമയുടെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് പാർലമെന്റ് അംഗം. 2022ലെ ബാലൻ ദ്യോർ പുരസ്‌കാരം റദ്ദാക്കണമെന്നം ആവശ്യമുണ്ട്. ബെൻസേമയ്ക്ക് മുസ്‌ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഫ്രഞ്ച് ആഭ്യന്തര മന്ത്രിയും രംഗത്തെത്തി.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ കഴിഞ്ഞ ദിവസം ബെൻസേമയുടെ പ്രതികരണം വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ ബ്രദർഹുഡ് ആരോപണവുമായി എത്തിയത്. മുസ്‌ലിം ബ്രദർഹുഡിനെ ഭീകരവാദ സംഘടനയായാണ് ഫ്രാൻസ് കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു താരത്തെ പ്രതിരോധത്തിലാക്കാനായി മന്ത്രിയുടെ ഇടപെടൽ.

മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു താരത്തിന്റെ ഫ്രഞ്ച് പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബൂഷ് ഡ്യു ഹോനിൽനിന്നുള്ള സെനറ്റ് അംഗമായ വാലേറി ബോയർ രംഗത്തെത്തിയത്. ആരോപണം സ്ഥിരീകരിക്കപ്പെട്ടാൽ പൗരത്വം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികൾ വേണമെന്ന് സെനറ്റർ ആവശ്യപ്പെട്ടു. തുടക്കത്തിൽ പ്രതീകാത്മക നടപടി എന്ന നിലയിൽ ബാലൻ ദ്യോർ പുരസ്‌കാരം പിൻവലിക്കണമെന്നായിരുന്നു ആവശ്യം. അടുത്ത ഘട്ടത്തിൽ പൗരത്വം റദ്ദാക്കാനും ആവശ്യപ്പെടണമെന്നും ബോയർ പറഞ്ഞു. ഫ്രാൻസിൽ ഇരട്ട പൗരത്വമുള്ള, അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഒരാൾ ഇത്തരത്തിൽ നമ്മുടെ രാജ്യത്തെ ചതിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണം കള്ളമാണെന്ന് ബെൻസേമയുടെ അഭിഭാഷകൻ ഹ്യൂസ് വിജിയർ വാർത്താകുറിപ്പിലൂടെ പ്രതികരിച്ചു. ബ്രദർഹുഡുമായി കരീം ബെൻസേമയ്ക്ക് നേരിയ ബന്ധം പോലുമില്ല. യുദ്ധക്കുറ്റമെന്ന് ഇപ്പോൾ എല്ലാവരും വിശേഷിപ്പിക്കുന്ന ഗസ്സയിലെ ആക്രമണത്തിൽ സ്വാഭാവികമായ സഹാനുഭൂതിയാണു താരം പ്രകടിപ്പിച്ചത്. ഒക്ടോബർ ഏഴിനു നടന്ന ഭീകരാക്രമണത്തിന്റെ ഭീകരതയിൽനിന്ന് ഒരു നിലയ്ക്കുമുള്ള ശ്രദ്ധ തിരിക്കലല്ല ഇതെന്നും വാർത്താകുറിപ്പിൽ അഭിഭാഷകൻ വ്യക്തമാക്കി.

അന്യായ ആക്രമണത്തിന്റെ ഇരകളായി മാറിയ ഗസ്സയിലെ ജനങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ പ്രാർത്ഥനകളർപ്പിച്ചാണ് ബെൻസേമ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ‘കുട്ടികളോടും സ്ത്രീകളോടും ദയ കാണിക്കാത്ത, അന്യായ ബോംബിങ്ങിനിരകളായ ഗസ്സയിലെ ജനങ്ങൾക്ക് എന്റെ പ്രാർത്ഥനകൾ’ എന്നാണ് ബെൻസേമ ‘എക്‌സി’ൽ കുറിച്ചത്

ഫ്രഞ്ച് നഗരമായ ലയോണിൽ അൾജീരിയൻ വംശജരുടെ മകനായാണ് ബെൻസേമ ജനിക്കുന്നത്. ഒളിംപിക് ലയോണിലൂടെയാണ് ക്ലബ് ഫുട്‌ബോളിൽ അരങ്ങേറ്റം കുറിക്കുന്നത്. അവിടെനിന്നാണ് റയൽ മാഡ്രിഡ് താരത്തെ റാഞ്ചുന്നത്. പിന്നീട് ഫ്രാൻസ് ദേശീയ ടീമിന്റെ കൂടി നെടുംതൂണായി മാറി താരം. ഫ്രാൻസിനു വേണ്ടി 97 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് 37 ഗോളുകൾ നേടിയിട്ടുണ്ട് ബെൻസേമ.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!