58 വർഷമായിട്ടും മലയാളിയായ രാധക്ക് ‘ഇന്ത്യക്കാരി’യാവാൻ 35 വർഷം കാത്തിരിക്കേണ്ടി വന്നു
പാലക്കാട്: സാങ്കേതികത്വങ്ങളുടെ നൂലാമാലകളിൽ പെട്ട് 35 വർഷമായി ഇന്ത്യൻ പൌരത്വം നിഷേധിക്കപ്പെട്ട രാധ ഒടുവിൽ ഔദ്യോഗികമായി ഇന്ത്യക്കാരിയായി. പാലക്കാട് കളക്ടർ എസ് ചിത്ര ഇത് സംബന്ധിച്ച രേഖകൾ കൈമാറുമ്പോൾ നിറഞ്ഞ സന്തോഷവും അഭിമാനവുമായിരുന്നു രാധയുടെ മുഖത്ത്. 58 വർഷമായി ഇന്ത്യയിൽ തന്നെ ജീവിക്കുന്ന ശിവപാർവതിപുരം കല്ലങ്കണ്ടത്തു വീട്ടിൽ യു രാധയുടെ പൌരത്വം സംബന്ധിച്ച പ്രശ്നം 35 വർഷം മുമ്പാണ് തുടങ്ങുന്നത്.
1964-ൽ മലേഷ്യയിൽ പത്തിരിപ്പാല പേരൂരിൽ ഗോവിന്ദൻ നായരുടെയും ശ്രീദേവിയമ്മയുടെയും രണ്ടാമത്തെ മകളായാണ് രാധ ജനിച്ചത്. ഗോവിന്ദൻ നായരുടെ ജോലി സംബന്ധമായായിരുന്നു കുടുംബം മലേഷ്യയിലെത്തിയത്. ജനന ശേഷം അമ്മയും രാധയും ഇന്ത്യയിലേക്ക് തിരിച്ചെത്തി. പത്തിരിപ്പാലയിൽ തന്നെ സ്കൂൾ വിദ്യാഭ്യാസവും ആരംഭിച്ചു.
പത്തരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു രാധ എസ്എസ്എൽസി പൂർത്തിയാക്കിയത്. തുടർന്നാണ് അച്ഛന്റെ നിർദശ പ്രകാരം ജോലിയുടെ ആവശ്യത്തിന് പാസ്പോർട്ട് എടുക്കുന്നതും 1980-ൽ മലേഷ്യയിലേക്ക് പോയ രാധ പ്രവാസ ജീവിതം തുടങ്ങി. 1981 -ൽ വീണ്ടും തിരിച്ചെത്തി. ശേഷം നാട്ടിൽ തുടരുകയായിരുന്ന രാധ 1985-ൽ കഞ്ചിക്കോട് പുതുശ്ശേരി സ്വദേശിയായ കെ രാധാകൃഷ്ണനെ വിവാഹം ചെയ്തു. വീണ്ടും മലേഷ്യയിലേക്ക് പോകാനായി പാസ്പോർട്ട് പുതുക്കാൻ ശ്രമിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
ജനനംകൊണ്ട് രാധ മലേഷ്യൻ പൌരത്വമുള്ളയാളാണെന്ന് അധികൃതർ അറിയിച്ചു. ഒപ്പം ഇന്ത്യയിൽ തുടരാൻ മലേഷ്യൻ ഹൈക്കമ്മീഷണറുടെ അനുമതി വേണമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. തുടർന്നാണ് 1988-ൽ ഇന്ത്യൻ പൌരത്വത്തിനായി രാധ അപേക്ഷ നൽകിയത്. എന്നാൽ സാങ്കേതികത്വങ്ങളിൽ കുടുങ്ങി അപേക്ഷ അങ്ങനെ കിടന്നു. ജില്ലാ കളക്ട്രേറ്റിലും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലും വരെ രാധ കയറിയിങ്ങി. നിരവധി അപേക്ഷകളും നിവേദനങ്ങളും നൽകി. ഇതിനെല്ലാം പിന്തുണയുമായി ഭർത്താവും മക്കളായ ഗിരിധരനും ഗിരിജനം ഒപ്പം നിന്നു. ഒടുവിൽ രാധ വീണ്ടും ഇന്ത്യക്കാരിയായി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക