ഗസ്സയിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ആകില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ഫലസ്തീന് പിന്തുണ അറിയിച്ച് മോദി, ഫലസതീൻ ജനതക്കുള്ള സഹായം ഇന്ത്യ തുടരുമെന്നും പ്രധാന മന്ത്രി

സാഹചര്യം അനൂകൂലമല്ലാത്തതിനാൽ ഗസ്സയിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഉടൻ നാട്ടിലേക്ക് എത്തിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടനെ ഇവരെ നാട്ടിലേക്ക് എത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതായോ പരിക്കേറ്റതായോ റിപ്പോർട്ടുകളില്ലെന്നും ഇസ്രായേലിനെതിരായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

തെക്കൻ ഇസ്രായേലിലെ അഷ്‌കെലോണിൽ ഒരു ഇന്ത്യക്കാരന് യുദ്ധത്തിൽ പരിക്കേറ്റിരുന്നു. ഓപ്പറേഷൻ അജയ് എന്ന പേരിൽ അഞ്ച് വിമാനങ്ങളിലായി 18 നേപ്പാളി പൗരന്മാരുൾപ്പെടെ 1200 പേരെ ഇന്ത്യ ഇസ്രായേലിൽ നിന്ന് തിരിച്ചെത്തിച്ചിരുന്നു.

ഇതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസതീന് പിന്തുണയറിയിച്ചു. ഗസ്സയിലെ അൽ-അഹ്ലി അൽ-അറബ് ആശുപത്രിയിൽ പൗരമാന്മാർക്ക് ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഫലസതീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിനോട് സംസാരിച്ചെന്നും ഫലസതീൻ ജനതയ്ക്കുള്ള സഹായം ഇന്ത്യ തുടരുംമെന്നും മോദി പറഞ്ഞു. പശ്ചിമേഷ്യയിലെ ഭീകരവാദത്തിലും ആക്രമണത്തിലും മോദി ആശങ്ക അറിയിക്കുകയും ചെയ്തു.

അഗാധമായ ഞെട്ടൽ രേഖപ്പെടുത്തുന്നുവെന്നും ആക്രമണത്തിലെ കാരണക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മോദി ഇന്നലെ എക്സിൽ പ്രതികരിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരായ ഇസ്രായേലിന്റെ പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ പ്രതികരണം. ആക്രമത്തിൽ 500 ലേറെ പേരാണ് കൊല്ലപ്പെട്ടത്.

ഗസ്സയിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ സൈന്യം ഇപ്പോഴും ആക്രമണം തുടരുകയാണ്. വെസ്റ്റ് ബാങ്കിലെ നൂർഷാം അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മുന്ന് ഫലസതീനികൾ കൊല്ലപ്പെട്ടു. ഇന്ന് നടന്ന ആക്രമണത്തിൽ ഹമാസ് ദേശീയ സുരക്ഷാ നേതാവ് ജിഹാദ് മെഹ്‌സിനും പോളിറ്റ് ബ്യുറോയിലെ ഏക വനിതാംഗമായ ജമീല അൽ ശൻത്വിയും കൊല്ലപ്പെട്ടു.

യുദ്ധം നടക്കുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രായേൽ സന്ദർശിച്ചു. ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഋഷി സുനക് ഫലസ്തീൻ ജനതക്ക് അടിയന്തര സഹായം നൽകാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായും പറഞ്ഞു.

ഇന്നലെ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഗസ്സയിലെ ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിന്റെ പക്ഷം ചേർന്നായിരുന്നു ബൈഡന്‍റെ പ്രതികരണം. ‘ഇത് ചെയ്തത് നിങ്ങളല്ല, മറ്റേ ടീമാണെന്ന് തോന്നുന്നു’വെന്നായിരുന്നു ഗസ്സയിലെ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയെ ചൂണ്ടി ബൈഡൻ ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞത്. ഫലസ്തീനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിനുള്ള പിന്തുണ തുടരുമെന്നും നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു.

ആശുപത്രി ആക്രമണം ഏറെ ഞെട്ടിച്ചുവെന്നും രോഷം കൊള്ളിച്ചുവെന്നും പറഞ്ഞ ബൈഡൻ, ഹമാസ് ആക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂ എന്ന് നെതന്യാഹുവിനെ ഉപദേശിക്കുകയും ചെയ്തു.

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് സുരക്ഷാ സേന നേതാവ് ജിഹാദ് മെഹ്‌സിൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം ജമീലാ അൽ ശൻത്വിയും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഹമാസിന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഹമാസ് സഹസ്ഥാപകൻ അബ്ദുൽ അസീസ് അൽ റൻതീസിയുടെ ഭാര്യയാണ് ജമീലാ അൽ ശൻത്വി. ഗസ്സയിലെ ഇസ്രായേലിന്റെ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു ഇതിൽ ഏഴു പേർ കുട്ടികളാണ്.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!