ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കപ്പൽ യാത്ര; അനുകൂല നിലപാട് അറിയിച്ച് കേന്ദ്ര മന്ത്രി

ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി. ഗള്‍ഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമായി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളുമായാണ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തിയത്. ഫെസ്റ്റിവല്‍ സീസണില്‍ വിമാന കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കുവാന്‍ എല്ലാ സഹകരണമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഗൾഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് സാഹചര്യമാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വർഷത്തെ ബജറ്റിൽ  വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാനാണ് ആലോചനയെന്നാണ് അഹമ്മദ് ദേവര്‍കോവില്‍ മുമ്പ് അറിയിച്ചത്.

യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

വിമാന നിരക്ക് കൊള്ളയിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ നിന്ന് ദുബൈയിലേക്ക് കപ്പൽ സർവീസ് ആരംഭിച്ചേക്കുമെന്ന് കേട്ടത് മുതൽ  പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രവാസി സംഘടനകൾ. ഇതിനായി കപ്പൽ  തയ്യാറായതായും നേരത്തെ വാർത്തകളുണ്ടായിരുന്നു.

മൂന്ന് ദിവസം അങ്ങോട്ടും 3 ദിവസം ഇങ്ങോട്ടും കപ്പലിൽ യാത്ര  ചെയ്യണം. എന്നാലും കുഴപ്പമില്ലെന്നാണ് മിക്ക പ്രവാസികളുടേയും അഭിപ്രായം. കാരണം ടിക്കറ്റിന് വെറും പതിനായിരം രൂപമാത്രമേ വരൂ. ലഗേജ് 200 കിലോ വരെ കൊണ്ടുപോകാം.  ആദ്യം ദുബൈ – കൊച്ചി, അല്ലെങ്കിൽ ദുബായ് ബേപ്പൂർ.  പിന്നെ പ്രവാസികൾ കൂടുതലുള്ള മറ്റു രാജ്യങ്ങൾ. ഇതൊന്നും വെറുതെയങ്ങ് പറയുന്നതല്ലെന്നും, ഡിസംബറിൽ നടക്കാൻ പോകുന്ന കാര്യങ്ങളാണെന്നും കപ്പൽ സർവ്വീസിനായി ഓടി നടക്കുന്ന മലയാളി സംഘടനകൾ പറയുന്നു.

1128 യാത്രക്കാരെ കൊള്ളുന്ന, സ്ലീപ്പ് ബെർത്തുകൾ ഉൾപ്പടെയുള്ള കപ്പൽ തയാറാണെന്നാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹീം പറയുന്നത്. ആദ്യംചാർട്ടർ ചെയ്തുള്ള തൽക്കാല കപ്പലാകും സർവ്വീസ് നടത്തുക. കപ്പൽ സ്വന്തമായി വാങ്ങാനും ശ്രമമുണ്ട്.  അതിന് പക്ഷെ ഡിസംബറിലെ പരീക്ഷണം വിജയിക്കണം.

എന്തായാലും കേന്ദ്ര അനുമതിയാണ് ഏറ്റവും പ്രധാനം. അനുകൂല  നിലപാടാണ് ഇപ്പോൾ കാണുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് മാരിടൈം ബോർഡുൾപ്പടെ ആവേശത്തിലാണ്. നടത്തിപ്പിന് സ്വകാര്യ കൺസോഷ്യം തയാറെങ്കിൽ പിന്തുണയ്ക്കാൻ സർക്കാർ നൂറുശതമാനം റെഡിയെന്നാണ് മാരിടൈം ബോർഡിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെടുന്നുണ്ട്. പക്ഷെ കടമ്പകൾ പലതും ഇനിയും മുന്നിലുണ്ട്.

എങ്കിലും ദുബായ്-കേരള കപ്പൽ യാത്ര എന്ന് കേട്ടപ്പോൾ തന്നെ മറ്റു ഗൾഫ് രാജ്യങ്ങളിലെ മലയാളികളും ഇതിനെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് സൌദിയിലെ പ്രവാസികൾ. എക്കാലത്തും ഏറെ യാത്ര ക്ലേശം നേരിടുന്നവരാണ് സൌദി പ്രവാസികൾ. ഉംറ തീർഥാടകരുടെ യാത്ര പ്രവാസികളുടെ വിമാനയാത്രക്ക് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. മറ്റ് ഗൾഫ് സെക്ടറിനെ അപേക്ഷിച്ച് സൌദിയിലേക്കുള്ള നിരക്ക് എപ്പോഴും ഉയർന്ന് നിൽക്കാനുള്ള കാരണവും ഇത് തന്നെയാണെന്നാണ് ട്രാവൽ രംഗത്തുള്ളവരുടെ നിരീക്ഷണം.

അതിനാൽ തന്നെ സൌദിയിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നത് എല്ലാ അർത്ഥത്തിലും പ്രവാസികൾ സ്വാഗതം ചെയ്യും. ചില സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. മൂന്ന് ദിവസം കപ്പലിൽ കഴിയേണ്ടി വന്നാലും കുടുംബത്തോടെ യാത്ര ചെയ്യുന്നവർക്കൊക്കെ ടിക്കറ്റ് നിരക്കിൽ വൻ തുക ലാഭിക്കാനാകും. മാത്രവുമല്ല കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ വിമാന കൊള്ളക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കുമെന്നുമാണ് പ്രവാസികളുടെ പ്രതീക്ഷ.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!