നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ ജനരോഷം ശക്തം; ഇസ്രായേലി മന്ത്രിമാർക്ക് നേരെ പ്രതിഷേധം

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ക്യാബിനറ്റിനുമെതിരെ ജനരോഷം ഉയരുന്നു. യുദ്ധത്തില്‍ 1300 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ടതും പൊതുരോഷത്തിന് ആക്കം കൂട്ടി.

ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേലി ക്യാബിനറ്റ് മന്ത്രിയെ ആശുപത്രി സന്ദര്‍ശകരുടെ പ്രവേശന കവാടത്തില്‍ ആളുകള്‍ തടഞ്ഞു. മറ്റൊരു മന്ത്രിയുടെ അംഗരക്ഷകര്‍ക്കു നേരെ ഒരാള്‍ കാപ്പി ഒഴിക്കുകയും ചെയ്തു. ആശ്വസിപ്പിക്കാനെത്തിയ വേറൊരു മന്ത്രിയെ രാജ്യദ്രോഹി,വഞ്ചകന്‍ എന്നു വിളിച്ചാണ് ജനങ്ങള്‍ പരിഹസിച്ചത്. ‘ഒക്ടോബര്‍ 2023 പരാജയം’ എന്ന തലക്കെട്ടോടെയാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ദിനപത്രമായ യെദിയോത്ത് അഹ്റോനോത്ത് ഇറങ്ങിയത്.

1973 ഒക്ടോബറില്‍ ഒരു ഇരട്ട ഈജിപ്ഷ്യന്‍, സിറിയന്‍ ആക്രമണം മുന്‍കൂട്ടി കാണുന്നതില്‍ ഇസ്രയേലിനു സംഭവിച്ച പരാജയം ഓര്‍മ്മിപ്പിക്കാനാണ് പത്രം ഈ തലക്കെട്ട് നല്‍കിയത്. ഈ പരാജയം ഒടുവില്‍ അന്നത്തെ പ്രധാനമന്ത്രി ഗോള്‍ഡ മെയര്‍ രാജിവയ്ക്കുന്നതിനുവരെ കാരണമായി.

മാരിവ് പത്രത്തിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 21% ഇസ്രായേലികളും നെതന്യാഹു യുദ്ധാനന്തരം പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ 66 ശതമാനം പേര്‍ നെതന്യാഹുവിനെതിരെയാണ് സംസാരിച്ചത്. 13 ശതമാനം പേര്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ, നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടിക്ക് അതിന്‍റെ മൂന്നിലൊന്ന് സീറ്റുകൾ നഷ്ടപ്പെടുമെന്നും പ്രധാന എതിരാളിയായ ബെന്നി ഗാന്‍റസിന്‍റെ സെൻട്രൽ നാഷണൽ യൂണിറ്റി പാർട്ടി മൂന്നിലൊന്ന് വളർച്ച നേടുമെന്നും സർവേയില്‍ കണ്ടെത്തി.

ഉന്നത ഉദ്യോഗസ്ഥരുമായും വിദേശ പ്രതിനിധികളുമായുമുള്ള ചര്‍ച്ചകളുടെ തിരക്കിലായ നെതന്യാഹു പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്ച പരിമിതപ്പെടുത്തിയിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറോളം ആളുകളുടെ ബന്ധുക്കളെ ക്യാമറകളുടെ അകമ്പടിയില്ലാതെ അദ്ദേഹം കണ്ടിരുന്നു. മുറവിളി ഉയരുന്നതിനിടയിൽ നെതന്യാഹുവിന്‍റെ ഭാര്യയും ഒരു കുടുംബത്തെ സന്ദര്‍ശിച്ചു.

ഇസ്രായേൽ ചരിത്രത്തിലെ സിവിലിയന്മാർക്കെതിരായ ഏറ്റവും മോശമായ ആക്രമണം മുൻകൂട്ടി കാണുന്നതിനും തടയുന്നതിനും പരാജയപ്പെട്ടതായി അദ്ദേഹത്തിന്‍റെ ഉന്നത ജനറൽ, പ്രതിരോധ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിദേശകാര്യ മന്ത്രി, ധനമന്ത്രി, രഹസ്യാന്വേഷണ മേധാവികൾ എന്നിവർ സമ്മതിച്ചിട്ടും നെതന്യാഹു ഇതുവരെ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ നടത്തിയിട്ടില്ല.ഹമാസിന്‍റെ ഉന്മൂലനം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തുടങ്ങിയ യുദ്ധം മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

നെതന്യാഹു-പുടിന്‍

 

അതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ നെതന്യാഹുവിന്‍റെ ഓഫീസ് പുറത്തുവിട്ടു. ഹമാസിനെ ഉന്മൂലനം ചെയ്യുന്നതുവരെ ഇസ്രായേൽ സൈന്യം പിന്മാറില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു റഷ്യൻ പ്രസിഡന്‍റിനോട് പറഞ്ഞതായി എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

”ക്രൂരവും വെറുപ്പുളവാക്കുന്നതുമായ കൊലയാളികളാൽ ഇസ്രായേൽ ആക്രമിക്കപ്പെട്ടുവെന്നും ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും യുദ്ധത്തിനിറങ്ങിയെന്നും ഹമാസിന്‍റെ സൈന്യത്തെയും അധികാരത്തെയും നശിപ്പിക്കുന്നത് വരെ ഇസ്രായേല്‍ പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി” എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ ഗസ്സ മുനമ്പിലെ രക്തച്ചൊരിച്ചില്‍ വര്‍ധിക്കുന്നത് തടയാന്‍ റഷ്യ സ്വീകരിക്കുന്ന നടപടികളെ പുടിന്‍ പ്രത്യേകം പരാമര്‍ശിച്ചുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. “റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു,” റഷ്യയുടെ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്തു.

“ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തം രൂക്ഷമായ സാഹചര്യത്തിലുണ്ടായ പ്രതിസന്ധിയെ” കേന്ദ്രീകരിച്ചായിരുന്നു സംഭാഷണമെന്ന് മോസ്കോ വ്യക്തമാക്കി. ഫലസ്തീൻ, ഈജിപ്ത്, ഇറാൻ, സിറിയ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നടന്ന ടെലിഫോൺ കത്തിടപാടുകളുടെ വിശദാംശങ്ങളെക്കുറിച്ചും, ഇസ്രായേൽ പക്ഷത്തെ പ്രത്യേകം അറിയിച്ചിരുന്നുവെന്ന് റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ ക്രെംലിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച് മോസ്കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതോടൊപ്പം “സാഹചര്യം സാധാരണ നിലയിലാക്കുന്നതിനും അക്രമം കൂടുതൽ വർധിക്കുന്നത് തടയുന്നതിനും ഗസ്സ മുനമ്പിൽ മാനുഷിക ദുരന്തം തടയുന്നതിനും” റഷ്യ സ്വീകരിച്ച നടപടികളെക്കുറിച്ച് പുടിന്‍ ഇസ്രായേലി നേതാവിനെ അറിയിച്ചു.

പ്രതിസന്ധി അവസാനിപ്പിക്കാനും രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗ്ഗങ്ങളിലൂടെ സമാധാനപരമായ ഒത്തുതീർപ്പുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനം തുടരാനുള്ള തന്‍റെ രാജ്യത്തിന്‍റെ ആഗ്രഹത്തെക്കുറിച്ചു റഷ്യൻ പ്രസിഡന്‍റ് നെതന്യാഹുവിനോട് പറഞ്ഞതായി മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!