ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ പ്രത്യേക യോഗം ജിദ്ദയിൽ ആരംഭിച്ചു; ഇസ്രായേലിനെ ഉപരോധിക്കണമെന്ന് ഇറാൻ

ജിദ്ദ: ഇസ്ലാമിക  രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) വിളിച്ച് ചേർത്ത യോഗം ജിദ്ദയിൽ ആരംഭിച്ചു. 57 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിലുള്ളത്. ഇസ്രായേലിനെതിരായ നിലപാട് ഒഐസി യോഗത്തിൽ തീരുമാനിക്കും. യോഗം  നേരത്തെ തീരുമാനിച്ചതായിരുന്നുവെങ്കിലും ഇന്നലെ ഗസ്സയിലെ ആശുപത്രിക്ക് നേരയുണ്ടായ ആക്രമണത്തിൻ്റെ പശ്ചാതലത്തിൽ സവിശേഷ പ്രാധാന്യമാണ് ഇന്നത്തെ ഒഐസി യോഗത്തിനുള്ളത്.

അസാധാരണമായ വംശീയ ഉന്മൂലനമാണ് ഫലസ്തീനിൽ നടക്കുന്നതെന്ന് പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് യോഗത്തിൽ വ്യക്തമാക്കി. വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രിയും ആവർത്തിച്ചു. ‘ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോബിട്ടത് മനഃപൂർവമാണ്. അത് ചെയ്യുമെന്നവർ നേരത്തെ പ്രഖ്യപിച്ചിരുന്നു. ഇസ്രായേലിന് സമ്മതം കൊടുത്തവരും ആയുധം കൊടുത്തവരും ഇതിൽ കുറ്റക്കാരാണ്. കാടൻ നിയമമാണ് ഇസ്രായേൽ ഫലസ്തീനെതിരെ പ്രയോഗിക്കുന്നത്. ഓരോ മിനിറ്റിലും 15 ഫലസ്തീനികളെ ഇസ്രായേൽ കൊന്ന് തള്ളുന്നുവെന്നും വിദേശകാര്യമന്ത്രി വിമർശിച്ചു. ക്രൈസ്തവ- മുസ്‌ലിം ആരാധനാലയങ്ങൾ ഇസ്രായേൽ തകർക്കുമെന്ന് തങ്ങൾ നേരത്തെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര നിയമം പാലിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനല്ല ഇസ്രായേൽ ശ്രമിച്ചതെന്നും ഇസ്രയേലിന് എന്തും ചെയ്യാനുള്ള അവസരം ലോകരാഷ്ട്രങ്ങൾ ഒരുക്കി കൊടുത്തെന്നുംഫലസ്തീൻ വിദേശകാര്യ മന്ത്രി ഒഐസി യോഗത്തിൽ പറഞ്ഞു. പുതിയ സ്ഥലങ്ങൾ ഇന്നലെയും ഇസ്രായേൽ കയ്യേറിയെന്നും പ്രതിരോധമെന്ന പേരിൽ ഇസ്രായേൽ ചെയ്തു കൂട്ടുന്നത് തടയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഫലസ്തീന്റെ കൂടെ നിന്നതിന് സൗദി അറേബ്യയോട് നന്ദിയുണ്ടെന്നും ഫലസ്തീൻ അറിയിച്ചു. സാധാരണക്കാർക്ക് സുരക്ഷിത പാതയൊരുക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി അറേബ്യ യോഗത്തിൽ ആവശ്യപ്പെട്ടു.

ഫലസ്തീനും ഇസ്രയേലുമായി രണ്ട് രാഷ്ട്രങ്ങൾ സൃഷ്ടിക്കുകയാണ് പരിഹാരമെന്നും നിബന്ധനകളില്ലാത്തെ വെടിനിർത്തലിലേക്ക് ഇരുകൂട്ടരും നീങ്ങണമെന്നും ഇസ്രയേൽ ചെയ്തുകൂട്ടുന്നത് അക്രമം മാത്രമാണെന്നും തുർക്കി വിദേശകാര്യ മന്ത്രി യോഗത്തിൽ പറഞ്ഞു.

അതേ സമയം ‘ഇസ്‌ലാമിക രാജ്യങ്ങൾ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട സമയമാണിതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. സയണിസ്റ്റ് അസ്തിത്വത്തിന്മേൽ രാഷ്ട്രീയവും സാമ്പത്തികവുമായ ഉപരോധം ഏർപ്പെടുത്താൻ തയ്യാറാകാണം. ഇസ്ലാമിക ലോകത്തിന്റെ ആദ്യ പ്രശ്നമായി ഫലസ്തീൻ നിലനിൽക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

അമേരിക്കയുടെയും പാശ്ചാത്യരുടെയും പിന്തുണയോടെ സയണിസ്റ്റ് അസ്തിത്വം യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവും വംശഹത്യയും ചെയ്യുകയാണെന്നും ഗസ്സയിൽ നടന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്കാണെന്നും കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്ന് ഒരു പ്രതിനിധി സംഘത്തെ ഗാസയിലേക്ക് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജിദ്ദയിലെ ഒഐസി ആസ്ഥാനത്ത് യോഗം പുരോഗമിക്കുകയാണ്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!