ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു; മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ബാഗുകൾ പോലും തീർന്നു – വീഡിയോ

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു. ഗസ്സയിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ 1200 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരിൽ 500 പേരും കുട്ടികളാണ്. ഇവരെ പുറത്തെടുക്കാൻ വഴിയില്ലാത്ത അവസ്ഥയിലാണ് ഗസ്സ ഇപ്പോൾ.

 

“അബ്ദുല്ലാ….നീ എവിടെയാണ്….” തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കൈ നീട്ടി തൻ്റെ കുടുംബാംഗങ്ങളെ തെരയുന്ന ഫലസ്തീൻ യുവാവ്.

 

 

 

അതേസമയം ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ല- ഇസ്രായേൽ സംഘർഷം രൂക്ഷമായി. സുരക്ഷ മുൻനിർത്തി അഞ്ച് വിമാനങ്ങൾ ഇസ്തംബൂളിലേക്ക് മാറ്റിയെന്ന് ലബനാൻ അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ നാല് ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടു. ലബനാൻ ഹിസ്ബുല്ലയുടെ ബന്ദിയാണെന്ന് ഇസ്രായേൽ ആരോപിച്ചു. ഹിസ്ബുല്ലയുടെ ആക്രമണം നേരിടാൻ സജ്ജമെന്നും ഇസ്രായേൽ വ്യക്തമാക്കി. ലെബനാൻ അതിർത്തിയിലേക്ക് ഇസ്രയേൽ കൂടുതൽ സൈനികരെ നിയോഗിച്ചു. ശക്തമായ ആക്രമണമാണ് ഹിസ്ബുല്ല ഇസ്രായേലിന് നേരെയും നടത്തുന്നത്.

 

 

അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേലിലെത്തും. ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കാൻ അനുവദിക്കുമെന്ന ഉറപ്പ് ഇസ്രായേലിൽ നിന്ന് ബൈഡന് ലഭിച്ചെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇതുവരെ റഫാ അതിർത്തി തുറക്കാത്തതിനാൽ ഗസ്സ നരകയാതനയാണ് അനുഭവിക്കുന്നത്. ഇസ്രായേൽ മുന്നറിയിപ്പ് പ്രകാരം തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്തവരും ഇസ്രയേലിൻ്റെ വ്യോമാക്രമണത്തിന് ഇരയായി.

 

 

 

യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള നോർത്ത് ഗസ്സയുടെ ഇന്നത്തെ അവസ്ഥ

 

ഇന്ധനം തീർന്നതിനാൽ ഗസ്സയിലെ പല ആശുപത്രികളും അടച്ച് പൂട്ടാനൊരുങ്ങുകയാണ്.  മിനിറ്റിൽ ഒരാൾ വീതം ഗസ്സയിലെ ആശുപത്രികളിൽ എത്തുന്നുമുണ്ട്. മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ബാഗുകൾ പോലും തീർന്നു. അടിയന്തര സഹായമെത്തിയില്ലെങ്കിൽ വൻദുരന്തമുണ്ടാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഈജിപ്ത് റഫാ അതിർത്തി ഇതുവരെ തുറന്നിട്ടില്ല. യുഎന്നും വിവിധ രാജ്യങ്ങളും എത്തിച്ച മരുന്നും അവശ്യവസ്തുക്കളും ഈജിപ്തിലെ റഫാ അതിർത്തിയിൽ അനുമതിക്കായി  ദിവസങ്ങളായി കാത്തുകെട്ടിക്കിടക്കുകയാണ്.

 

 

ഇതിനിടെ ഹമാസ്-ഇസ്രായേൽ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഒമാനിലെത്തി തുടങ്ങി. മേഖലയിൽ സമാധാനം പുനസ്ഥിപ്പിക്കുന്നതിനും ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമം അവസാനിപ്പിക്കുന്നതിനും, ഗസ്സയിലേക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യാനാണ് ഒമാൻ ഗൾഫ് വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചത്. നാളെ ജിദ്ദയിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

 

 

 

ഗസ്സക്ക് നേരെ ഇസ്രായേൽ നടത്തുന്ന ക്രൂര നടപടിക്കെതിരെ ഇറാൻ ശക്തമായി പ്രതികരിച്ചിരുന്നു. നടപടി തുടരുകയാണെങ്കിൽ യുദ്ധത്തിൻ്റെ മുഖം മാറുമെന്നായിരുന്നു ഇറാൻ മുന്നറിയിപ്പ്. അതിനിടെ ഇറാന് ഔദ്യോഗികമായി തന്നെ മുന്നറിയിപ്പുമായി അമേരിക്കയും രംഗത്ത് വന്നു. സംഘർഷത്തിൽ ഇറാൻ നേരിട്ട് ഇടപെടുന്ന പക്ഷം ശക്തമായ സൈനിക നടപടി ഇറാൻ നേരിടേണ്ടി വരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. മാത്രവുമല്ല ഗസ്സയുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും  ഇറാൻ അവസാനിപ്പിക്കണമെന്നും അമേരിക്ക പ്രത്യക  സന്ദേശത്തിലൂട അറിയിച്ചു. യു എന്നിലെ ഇറാൻ പ്രതിനിധി വഴിയാണ് അമേരിക്ക ഈ വിവരം ഇറാന് കൈമാറിയത്.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!