‘സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല’; 3-2ന് ഹരജികള്‍ തള്ളി സുപ്രിംകോടതി

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല. നിയമസാധുത തേടിക്കൊണ്ടുള്ള ഒരുകൂട്ടം ഹരജികള്‍ തള്ളി സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെടെ രണ്ട് അംഗങ്ങള്‍ ഹരജിക്കാരെ അനുകൂലിച്ചെങ്കിലും മൂന്നുപേര്‍ എതിര്‍ക്കുകയായിരുന്നു.

ജസ്റ്റിസുമാരായ ഹിമ കോലി, രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരാണു ഹരജിയെ എതിര്‍ത്തത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗൾ ഹരജിക്കാരെ അനുകൂലിച്ച് സ്വവര്‍ഗ പങ്കാളികള്‍ക്കും വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടെടുത്തു. നിയമം ഇല്ലാത്തതിനാൽ സ്വവര്‍ഗാനുരാഗികള്‍ക്കു വിവാഹം കഴിക്കാന്‍ സർക്കാർ നിയമസാധുത നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം നിലനിൽക്കില്ലെന്ന് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. എന്നാല്‍,

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട വിധിപ്രസ്താവം തുടങ്ങിയത് ചീഫ് ജസ്റ്റിസായിരുന്നു. ഇക്കാര്യത്തില്‍ ബെഞ്ചിന് ഏകീകൃത വിധിയില്ലെന്നും നാല് വിധികളുണ്ടെന്നും അറിയിച്ചാണ് ജ. ഡി.വൈ ചന്ദ്രചൂഡ് തുടങ്ങിയത്. കോടതിക്കു നിയമം ഉണ്ടാക്കാനാകില്ല. നിയമം വ്യാഖ്യാനിക്കാനേ കഴിയൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പിന്നീട് ഹരജിക്കാരെ അനുകൂലിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിലപാട് വ്യക്തമാക്കി. സ്വവർഗ ലൈംഗികത നഗരകേന്ദ്രീകൃത, വരേണ്യവര്‍ഗത്തിന്‍റെ സങ്കൽപമല്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹിമ കോലി, രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഒരുകൂട്ടം ഹരജികളിൽ അന്തിമതീർപ്പ് കൽപിക്കുന്നത്. മേയ് 11നു വാദം പൂർത്തിയാക്കിയ ഹരജികളിലാണ് അഞ്ചു മാസത്തിനുശേഷം വിധി പറയുന്നത്.

വിധിയിൽ സ്വന്തം നിലപാടാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുള്ളത്. വിവാഹം സ്ഥിരവും മാറ്റം ഇല്ലാത്തതും ആണെന്ന നിലപാട് തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്വവർഗ വിവാഹം അംഗീകരിക്കുന്നെന്നു വ്യക്തമാക്കിയ ജ. ചന്ദ്രചൂഡ് പങ്കാളിയെ കണ്ടെത്തുക എന്നത് മാനുഷിക ആവശ്യമാണെന്നും മൗലികാവകാശങ്ങൾ പൗരന്മാരെ സംരക്ഷിക്കാനുള്ളതാണെന്നും വ്യക്തമാക്കി. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിനു മാത്രം അംഗീകാരം നൽകുന്ന പ്രത്യേക വിവാഹ നിയമത്തിലെ സെക്ഷൻ നാലിനോട് ചീഫ് ജസ്റ്റിസ് എതിർപ്പറിയിക്കുകയും ചെയ്തു. എന്നാൽ, പ്രത്യേക വിവാഹനിയമം റദ്ദാക്കാൻ കോടതിക്കാകില്ലെന്നും വ്യക്തമാക്കി.

സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ മാറ്റം വരുത്തേണ്ടത് പാർലമെന്റാണ്. പാർലമെന്റ് ഇതുവരെ ഇക്കാര്യത്തിൽ നിയമ നിർമാണം നടത്തിയിട്ടില്ല. സ്‌പെഷ്യൽ മാരേജ് ആക്ടിൽ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്വവർഗ ലൈംഗികത ഉയർന്ന ജീവിത നിലവാരം ഉള്ള ആളുകൾക്ക് മാത്രം അവകാശപ്പെട്ടതല്ല. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും അതിനു അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!