റിയാദ്, ജിദ്ദ, ദമ്മാം എന്നീ മേഖലകളെയും, 200 നഗരങ്ങളേയും ബന്ധിപ്പിച്ച് വൻ ഗതാഗത പദ്ധതി ആരംഭിച്ചു

സൗദിയിൽ വൻ പൊതുഗതാഗത പദ്ധതി ആരംഭിച്ചു. 200 നഗരങ്ങളെയും ഗവർണറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ബസ് ഗതാഗത പദ്ധതിയാണ് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ പൊതുഗതാഗത അതോറിറ്റി ആരംഭിച്ചത്. പ്രതിവർഷം 60 ലക്ഷം പേർക്ക് യാത്ര സൌകര്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആധുനിക സൌകര്യങ്ങളുള്ള ഏറ്റവും പുതിയ ബസുകൾ തന്നെ ഉപയോഗിക്കും. ഇപ്പോൾ അഞ്ച് നഗരങ്ങളിലാണ്  സേവനം ലഭിക്കുക. ഉദ്ഘാടന ചടങ്ങിൽ  ലോജിസ്റ്റിക്‌സ് സർവീസസ് മന്ത്രി സാലിഹ് അൽ ജാസർ, വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽ ഖൊറൈഫ്, മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രി മാജിദ് അൽ ഹൊഗെയ്ൽ എന്നിവരും പങ്കെടുത്തു.

സൌദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ-ജാസർ പറഞ്ഞു. വിവിധ നഗരങ്ങളേയും വിദേശ രാജ്യങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതി തുടക്കത്തിന് പ്രധാന കാരണം പ്രധാനമന്ത്രി കൂടിയായ കിരീടാവകാശിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയാടിസ്ഥാനത്തിലുള്ള ഗാതാഗ പദ്ധതികൾ ആരംഭിച്ചതിന് ശേഷം ഗതാഗത സംവിധാനം തുടർച്ചയായി പുരോഗമിക്കുകയാണ്. അതിലൂടെ ഉരുത്തിരിഞ്ഞ ലാൻഡ് ട്രാൻസ്‌പോർട്ടും മറ്റുള്ളവയും 2022 ൽ വൻ വിജയമായിരുന്നു. കഴിഞ്ഞ വർഷം നഗരങ്ങളിൽ പൊതുഗതാഗത യാത്രകളുടെ എണ്ണം 50 ദശലക്ഷം ട്രിപ്പുകൾ എത്തിയതായി അൽ ജാസർ കൂട്ടിച്ചേർത്തു. .

സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഉയർന്ന തലത്തിലുള്ള ബസ് ഗതാഗത സേവനങ്ങളും ഉപകരണങ്ങളുമാണ് ഉപയോഗിക്കുക. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രോജക്റ്റിനായുള്ള കരാറുകളിൽ ഒപ്പിട്ടത് മുതൽ, ട്രാൻസ്‌പോർട്ട് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ആവശ്യകതകൾക്കും സ്പെസിഫിക്കേഷനുകൾക്കും അനുസൃതമായി ബസുകൾ നിർമ്മിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടന്ന് വരുന്നുണ്ടെന്ന് അതോറിറ്റി ചെയർമാൻ റുമൈഹ് അൽ-റുമൈഹ് വ്യക്തമാക്കി.

റിയാദ്, ജിദ്ദ, ദമ്മാം എന്നിവയുൾപ്പെടെ 3 മേഖലകളിൽ സർവീസ് നടത്തുമെന്നും യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് പരസ്പരം മത്സരിച്ചുകൊണ്ട് ബസ് ഗതാഗത വിപണി ഉദാരമാക്കാൻ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ രാജ്യത്തെ എല്ലാ ലൈനുകളിലേക്കും സേവനം ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ കൺസഷൻ ഏരിയകൾ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!