കനത്ത മഴ: തലസ്ഥാനത്ത് ‘അസാധാരണ സാഹചര്യം’; രക്ഷാ പ്രവർത്തനങ്ങൾ ഊർജിതം

കഴിഞ്ഞ ദിവസം രാത്രിമുതൽ പെയ്യുന്ന മഴയിൽ തിരുവനന്തപുരം നഗരത്തിൽ കനത്ത വെള്ളക്കെട്ട്. കടൽവെള്ളം കയറിയത് പിൻവാങ്ങാത്ത സാഹചര്യവും പലയിടത്തും നിലനിൽക്കുന്നു. അസാധാരണ സാഹചര്യമാണ് തിരുവനന്തപുരം നഗരത്തിൽ നിലനിൽക്കുന്നതെന്നും ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു.

തിരുവനന്തപുരം ഗൗരീശപട്ടത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറി. നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളം കയറിയനിലയിലാണ്. തെറ്റിയാർ കരകവിഞ്ഞൊഴുകുന്നു. ടെക്നോപാർക്ക് മെയിൻ ഗേറ്റ് വഴി വാഹനഗതാഗതം താത്ക്കാലികമായി നിർത്തിവെച്ചു.

12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം – ഡൽഹി കേരള എക്സ്പ്രസ് (12625) ഏഴ് മണിക്കൂർ വൈകി പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു. വൈകിട്ട് 7.35-നായിരിക്കും ട്രെയിൻ പുറപ്പെടുക. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കൊച്ചുവേളി പിറ്റ് ലൈനിൽ വെള്ളം കയറിയ നിലിയിലാണ്.
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുണ്ട്. സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.
ജില്ലയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ എത്താൻ ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് നിർദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതുജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മഴക്കെടുതിയിൽ തിരുവനന്തപുരം ജില്ലയിൽ വീടുകളിൽ താമസിപ്പിക്കാൻ പറ്റാത്ത കുട്ടികൾക്ക് തൈക്കാട് സമിതി ആസ്ഥാനത്ത് താത്ക്കാലിക ഷെൽട്ടർ ഒരുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ആറ് വയസിന് താഴെയുള്ള കുട്ടികളെ ശിശുപരിചരണ കേന്ദ്രത്തിലും ആറ് വയസ് മുതൽ പതിനെട്ട് വയസ് വരെയുള്ള പെൺകുട്ടികളെ വീട് – ബാലിക മന്ദിരത്തിലും പാർപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ : 1517-ൽ ബന്ധപ്പെടുക.

മഴക്കെടുതിയുടെ സാഹചര്യത്തിൽ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ അടിയന്തരയോഗം വിളിച്ചു. മന്ത്രിമാരായ കെ. രാജൻ, വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു തുടങ്ങിയവരാണ് പങ്കെടുക്കുക.

 

 

താലൂക് കൺട്രോൾ റൂം നമ്പറുകൾ

തിരുവനന്തപുരം താലൂക്
0471 2462006
9497711282

നെയ്യാറ്റിൻകര താലൂക്
0471 2222227
9497711283

കാട്ടാകട താലൂക്ക്
0471 2291414
9497711284

നെടുമങ്ങാട് താലൂക്
0472 2802424
9497711285

വർക്കല താലൂക്
0470 2613222
9497711286

ചിറയിൻകീഴ് താലൂക്
0470 2622406
9497711284

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!