ഇസ്രായേലിൻ്റെ യുദ്ധ തന്ത്രം പാളുന്നു; ഹമാസിനെ നേരിടാൻ സാധിക്കുന്നില്ലെന്ന് വിമർശനം, സാധാരണക്കാർക്ക് നേരെ ആക്രമണം തുടരുന്നു – വീഡിയോ

ഇസ്രായേൽ-ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിൻ്റെ യുദ്ധ തന്ത്രങ്ങൾ പാളുന്നതായി നിരീക്ഷണം. ശനിയാഴ്ച ഹമാസിൻ്റെ ഭാഗത്ത് നിന്ന് ആരംഭിച്ച ശക്തമായ ആക്രമണത്തിന് കാര്യമായി തിരിച്ചടിക്കാൻ പോലും ഇത് വരെ ഇസ്രായേലിന് സാധിച്ചില്ലെന്നാണ് ആഗോള വിദഗ്ധരുടെ വിലയിരുത്തൽ. ഹമാസിൻ്റെ മിലിട്ടറി സംവിധാനങ്ങളെ കാര്യമായി ആക്രമിക്കാൻ ഇത് വരെ ഇസ്രായേലിന് സാധിച്ചിട്ടില്ല. എന്നാൽ ഹമാസ് ആക്രമണത്തിൽ  ഇത് വരെ ഇസ്രായേലിൻ്റെ 220 സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിന് പ്രതികാരമായി ഗസ്സയിലെ സാധാരാണക്കാരായ ആളുകൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. ഇതിനെതിരെ ഇസ്രായേലിനകത്തും അന്താരാഷ്ട്ര സമൂഹത്തിലും ശക്തമായ വിമർശനമാണ് ഉയരുന്നത്.

 

 

ഹമാസ് പോരാളികളുടെ 1500 ലധികം മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ കഴിഞ്ഞ ദിവസം  വ്യക്തമാക്കിയിരുന്നു. എന്നാൽ യാഥാർത്ഥ്യമല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഹമാസിൻ്റെ വളരെ കുറച്ച് പോരാളികൾ മാത്രമാണ് ഇത് വരെ ഇസ്രായേലിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഗസ്സയിലെ സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന സാധാരണക്കാരായ ആളുകളെ കൊന്നൊടുക്കുന്നതിലും, ആശുപത്രികളും, താമസ സ്ഥലങ്ങളും ബോംബിട്ട് തകർക്കുന്നതിലുമാണ് ഇസ്രായേൽ സേന ശ്രദ്ധ കൊടുക്കുന്നത്. ഇത്തരത്തിൽ  1350 പേരെ ഇസ്രായേൽ സേന കൊന്നൊടുക്കുകയും, 6050 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുൾപ്പടെ ഇത് വരെ ഇരുഭാഗത്തുമായി 2500 ഓളം പേർ കൊല്ലപ്പെട്ടാതായാണ് റിപ്പോർട്ടുകൾ.

 

 

 

വൻ സന്നാഹങ്ങളോടെ കരയുദ്ധം ആരംഭിക്കാനുള്ള ഒരുക്കങ്ങളും ഇസ്രായേലിൻ്റെ ഭാഗത്ത് സജീവമാണ്. ഇതിലൂടെയും ലക്ഷ്യം വെക്കുന്നത് ഗസ്സയെ തുടച്ച് നീക്കുക എന്നതാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. ഹമാസിൻ്റെ മിലിട്ടറി സംവിധാനങ്ങളോട് പോരാടാൻ ഇസ്രായേലിന് സാധിക്കുന്നില്ല എന്നാണ്  ഇത് വ്യക്തമാക്കുന്നത്. ഗസ്സയിലെ സാധാരമക്കാരായ ആളുകൾക്ക് കുടി വെള്ളം പോലും നിഷേധിക്കുകയും, വൈദ്യുതിയും ഭക്ഷണവും നൽകാതെ ഉപരോധിക്കുകയും, ആക്രമണത്തിൽ  പരിക്കേൽക്കുന്നവരെ ചികിത്സിക്കുന്ന ആശുപത്രികൾ ബോംബിട്ട് തകർക്കുകയും ചെയ്യുന്ന ക്രൂരത മാത്രമാണ് ഇത് വരെ ഇസ്രായേൽ ചെയ്തിട്ടുള്ളത്. മാത്രവുമല്ല  ഗസ്സയിലെ ദുരന്തത്തിനിരയായ സാധാരണക്കാർക്ക് ആവശ്യമായ സഹായങ്ങളെത്തിക്കുന്ന വാഹനങ്ങളേയും ഇസ്രായേൽ  സേന തകർക്കുന്നു. അന്താരാഷ്ട്ര മാനദണ്ഢങ്ങൾ ലംഘിച്ചുകൊണ്ടുള്ള കൊടും ക്രൂരതയാണിതെന്ന്  വ്യാപക വിമർശനം ഉയരുമ്പോഴും ഇസ്രായേൽ ക്രൂരത തുടരുകയാണ്.

 

 

ഹമാസിൻ്റെ ധനമന്ത്രിയെ കഴിഞ്ഞ ദിവസം ഇസ്രായേൽ വധിച്ചിരുന്നു. അദ്ദേഹമാകട്ടെ ഹമാസിൻ്റെ ഭരണ നേതൃത്വത്തിലുള്ള ആളാണ്. ഹമാസ് പോരാളികളുമായി ബന്ധമൊന്നും ഇല്ല. ഗസ്സയെ തുടച്ച് നീക്കാനുളള ഇസ്രയേൽ നീക്കം എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രായേലിന് സഹായകരമായി പ്രവർത്തിച്ചിരുന്ന ഈജിപ്തും ഇപ്പോൾ നിലപാടിൽ മാറ്റം വരുത്തി തുടങ്ങിയിരിക്കുന്നു. ഈജിപ്ത് വഴി ഗസ്സയിലേക്ക് പോകുന്ന റഫ അതിർത്തി വഴി ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള നീക്കം തടയണമെന്ന് ഇസ്രായേൽ ഈജിപിതിന് നിർദേശം  നൽികിയിരുന്നുവെങ്കിലും, ഈജിപ്ത് അത് അംഗീകരിച്ചിട്ടില്ല. മാത്രവുമല്ല ഗസ്സയിലേക്കുള്ള  സഹായങ്ങൾ ഈജിപ്ത് വഴി എത്തിക്കാൻ സൌകര്യം ചെയ്ത് നൽകുമെന്ന് ഈജിപ്ത് പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ റഫ അതിർത്തിക്ക് നേരെയുള്ള ആക്രമണത്തിൽ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് ഈജിപ്ത് ആവശ്യപ്പെട്ടിട്ടുമുണ്ട്.

യുസ് പടക്കപ്പലുകളും യുദ്ദ വിമാനങ്ങളും ഇസ്രായേലിന് പിന്തുണമയുമായി എത്തുന്നുണ്ടെങ്കിലും ഇറാൻ, റഷ്യ, യെമനിലെ ഹൂത്തികൾ എന്നിവരുടെ മുന്നറിയിപ്പുകൾ അമേരിക്കക്ക് ഭീഷണിയായി നിലനിൽക്കുന്നുണ്ട് എന്നതും ഇസ്രായേലിനെ പ്രതിസന്ധിയിലാക്കുന്നു.

 

 

 

ഇതിനിടെ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിന്റെ അടിയന്തര യോഗം ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് സഹായമെത്തിക്കാൻ അന്താരാഷ്ട്ര ഇടപെടലിനും കെയ്‌റോയിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം ആഹ്വാനം ചെയ്തു. ഫലസ്തീന്റെ ആവശ്യപ്രകാരം വിളിച്ചു ചേർത്തതായിരുന്നു അറബ് ലീഗ് അടിയന്തിര യോഗം.

സൗദിയും ഖത്തറും യുഎഇയും ഉൾപ്പെടെ 22 രാജ്യങ്ങളുടെ കൂട്ടായ്മയാണ് അറബ് ലീഗ്. ഈ സമ്മേളനത്തിലാണ് ഫലസ്തീന് അനുകൂലമായി പ്രമേയം പാസാക്കിയത്. ഇസ്രായേൽ ബോംബാക്രമണം അവസാനിപ്പിക്കാനും ഗസ്സയിലേക്ക് സഹായമെത്തിക്കാനും അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്താൻ യോഗം തീരുമാനിച്ചു. ഭക്ഷണവും വെള്ളവും മരുന്നുമടക്കം ഗസ്സയിലേക്കെത്തിക്കാൻ ശ്രമം തുടരും. ഇരുകൂട്ടരേയും സമാധാന ചർച്ചയിലേക്ക് തിരികെ കൊണ്ടു വരാനും വിഷയം ഗൗരവപൂർവും പിന്തുടരാനും യോഗം തീരുമാനിച്ചു.

ആക്രമണം തുടരുന്നതിനിടെ ആദ്യമായി ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചർച്ച നടത്തി. ചൈനീസ് മധ്യസ്ഥതയിൽ ഇറാൻ സൗദി ബന്ധം പുനഃസ്ഥാപിച്ചത ശേഷം ആദ്യമാണ് ഇരു രാഷ്ട്ര നേതാക്കളും സംസാരിക്കുന്നത്. അര മണിക്കൂറിലേറെ ഇവർ വിഷയം ചർച്ച ചെയ്തു. പ്രശ്‌നപരിഹാരത്തിന് യോജിച്ച് പ്രവർത്തിക്കുന്നതായി ഇരുവരും പറഞ്ഞു. ഇതിന് തൊട്ടുമുമ്പ് തുർക്കി പ്രസിഡണ്ടുമായും കിരീടാവകാശി ചർച്ച നടത്തി. ഫലസ്തീനൊപ്പമാണെന്നും അവകാശങ്ങൾ നേടും വരെ അവർക്കൊപ്പം തുടരുമെന്നും സൗദി കിരീടാവകാശി രണ്ടു കൂട്ടരോടും ആവർത്തിച്ചു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!