പ്രതിപക്ഷ പാർട്ടി നേതാവിനെ ഉള്‍പ്പെടുത്തി ഇസ്രയേലിൽ അടിയന്തര സര്‍ക്കാര്‍; യുദ്ധം കടുക്കുമെന്ന് ആശങ്ക

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്‌സിനെയും ഉള്‍പ്പെടുത്തിയാണ് നെതന്യാഹുവിന്റെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം.  നെതന്യാഹുവിനും ഗാൻസിനും പുറമേ പ്രതിരോധ മന്ത്രി യൊആവ് ഗാലൻഡും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന. ഗാൻസിന്റെ നാഷണൽ യൂണിറ്റി പാർട്ടി ഇതുസംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ, കരയുദ്ധത്തിലേക്ക് ഇസ്രയേൽ നീങ്ങുന്നെന്ന സൂചന നൽകി ഗാസ മുനമ്പിലും അതിർത്തി മേഖലകളിലും സൈനികനീക്കം ശക്തമായതായും റിപ്പോർട്ടുണ്ട്.

 

 

ബുധനാഴ്ച ചേര്‍ന്ന യോഗത്തിന് പിന്നാലെ അടിയന്തര സര്‍ക്കാരിനും യുദ്ധം കൈകാര്യം ചെയ്യാനുള്ള ‘വാര്‍ കാബിനറ്റി’നും രൂപം നല്‍കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചതായി സംയുക്ത പ്രസ്താവനയില്‍ നെതന്യാഹുവും ഗാന്റ്‌സും അറിയിച്ചു. ഇസ്രയേലിന്റെ മുന്‍ പ്രതിരോധമന്ത്രി കൂടിയാണ് ഗാന്റ്‌സ്. അതേസമയം, ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് വാര്‍ കാബിനറ്റില്‍ അംഗമല്ല. യുദ്ധകാല മന്ത്രിസഭയിൽ ഇദ്ദേഹത്തിനായി ഒരു സീറ്റ് മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം.

 

 

നെതന്യാഹു, ഗാന്റ്‌സ്, നിലവിലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് വാര്‍ കാബിനറ്റ്. ഗാന്റ്‌സിന്റെ പാര്‍ട്ടിയില്‍നിന്നുള്ള അംഗവും മുന്‍സൈനിക മേധാവിയുമായ ഗാദി ഈസെന്‍കോട്, സ്ട്രാറ്റജിക് അഫയേഴ്‌സ് വകുപ്പ് മന്ത്രി റോണ്‍ ഡെര്‍മര്‍ എന്നിവര്‍ വാര്‍ കാബിനറ്റില്‍ നിരീക്ഷകരായും പ്രവര്‍ത്തിക്കും.
ഹമാസുമായുള്ള പോരാട്ടം തുടരുന്നിടത്തോളംകാലം ഇസ്രയേല്‍ സര്‍ക്കാര്‍ യുദ്ധവുമായി ബന്ധമില്ലാത്ത നിയമങ്ങള്‍ പാസാക്കുകയോ തീരുമാനങ്ങള്‍ കൈക്കൊള്ളുകയോ ഇല്ലെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അതിനിടെ, ഇസ്രയേല്‍- ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലെത്തുമ്പോള്‍ ഇരുഭാഗത്തുമായി മരണം 3,600 കടന്നു.
കരയുദ്ധത്തിലേക്ക് ഇസ്രയേൽ സൈന്യം കടന്നേക്കുമെന്നാണ് അന്തർദേശീയ മാധ്യമ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഗാസ മുനമ്പില്‍ സൈന്യം തമ്പടിച്ചിട്ടുള്ളതായി ഇസ്രയേല്‍ വ്യക്തമാക്കി. ഗാസ മുനമ്പ് പൂര്‍ണമായും തങ്ങളുടെ അധീനതയിലായെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.

അതിനിടെ ഇസ്രായേൽ ഉപരോധത്തെ തുടർന്ന് ഗസ്സയിലെ ഏക വൈദ്യുതിനിലയവും പ്രവർത്തനം നിർത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് ​വൈദ്യുതിനിലയത്തിന്റെ പ്രവർത്തനം നിർത്തിവെച്ചത്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗസ്സക്ക് മേൽ ഇസ്രായേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഭക്ഷണവും വെള്ളവും പോലും നൽകാതെയായിരുന്നു ഇസ്രായേലിന്റെ ഉപരോധം.ഗസ്സക്കുള്ള ഇന്ധനവിതരണവും ഇസ്രായേൽ നിർത്തിയിരുന്നു. ഇതോടെയാണ് ഗസ്സയിലെ ഏക വൈദ്യുതി നിലയത്തിന്റെ പ്രവർത്തനം നിർത്താൻ അധികൃതർ നിർബന്ധിതരായത്. തിങ്കളാഴ്ചയാണ് ഗസ്സക്ക് മേൽ സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് ഇസ്രായേൽ അറിയിച്ചത്. ഗസ്സയുടെ തീ​രപ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്.

Share
error: Content is protected !!