ലീഗ്-സമസ്ത ബന്ധം കൂടുതൽ വഷളാകുന്നു; സാഹചര്യം 89-ലെ പിളര്‍പ്പിന് സമാനം
കോഴിക്കോട്: സമസ്തയിലെ ചില നേതാക്കളുടെ സി.പി.എം. ബന്ധം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗില്‍ രൂപപ്പെട്ട അസ്വസ്ഥത ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കുകയാണ്. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ മുനവെച്ച് നടത്തിയ പരാമര്‍ശവും അതിനോടുള്ള സമസ്തയുടെ പ്രതികരണവും മുന്‍കാല അനുഭവങ്ങളില്ലാത്തതാണ്.
സലാമിന്റെ പ്രസ്താവന അതിര് കടന്നതാണെന്ന് സമസ്ത വിലയിരുത്തുന്നു. പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പോഷക സംഘടനാ നേതാക്കളും പ്രതിഷേധം അറിയിച്ചിട്ടും തിരുത്തല്‍ നടപടികള്‍ക്ക് ലീഗ് തയ്യാറായിട്ടില്ല. ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശമെന്ന പി.എം.എ. സലാമിന്റെ വിശദീകരണം പാര്‍ട്ടി അംഗീകരിച്ചു. യുവനേതാക്കള്‍ നല്‍കിയ കത്ത് പാണക്കാട് സാദിഖലി തങ്ങള്‍ തള്ളുകയും ചെയ്തു.
സലാമിന്റെ പരാമര്‍ശം ശരിയായില്ലെന്ന് സമസ്തയിലെ ലീഗ് പക്ഷത്തുള്ളവര്‍ക്ക് പോലും അഭിപ്രായമുണ്ടായിരുന്നു. കടുത്ത ലീഗ് അനുഭാവിയായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഇക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു. സലാമിനെ പാണക്കാട് തങ്ങള്‍ തിരുത്തുമെന്നും അല്ലെങ്കില്‍ സലാം തന്നെ തെറ്റ് ഏറ്റുപറയുമെന്നും സമസ്ത നേതാക്കള്‍ കരുതി. ഒന്നും നടന്നില്ലെന്ന് മാത്രമല്ല, തലയുള്ളപ്പോള്‍ വാല് ആടേണ്ടെന്ന സാദിഖലി തങ്ങളുടെ പ്രതികരണം വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനം കൂടിയായി വ്യാഖാനിക്കപ്പട്ടു. സലാമിനെതിരെ സമസ്തയില്‍ ഉയര്‍ന്ന പ്രതിഷേധം ഇപ്പോള്‍ സാദിഖലി തങ്ങള്‍ക്കെതിരെ കൂടി തിരിയുകയാണ്. സമസ്ത കേന്ദ്രങ്ങളില്‍നിന്നു സമൂഹമാധ്യമങ്ങള്‍ വഴി വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
പി.എം.എ. സലാമിനെതിരെ നല്‍കിയ കത്തില്‍ സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയും എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഒപ്പുവെച്ചിട്ടുണ്ട്. ഇവരൊക്കെ ഞങ്ങളുടെ തലകള്‍ തന്നെയാണെന്നാണ് സാദിഖലി തങ്ങള്‍ക്ക് സമസ്ത കേന്ദ്രങ്ങളുടെ മറുപടി. മൈ മാസ്റ്റര്‍ ഹെഡ് എന്നെഴുതി ജമലുല്ലൈലി തങ്ങളുടെ ചിത്രം നല്‍കി മകന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. അന്തരിച്ച ഉമറലി ശിഹാബ് തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ക്ക് കോഴിക്കോട് ഖാസി പദവി നല്‍കുന്ന ചിത്രവും ഹൈദരലി തങ്ങളുടെ അസാന്നിധ്യം സൂചിപ്പിക്കുന്ന കാര്‍ഡുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒപ്പം സമസ്തയിലെ യുവാക്കള്‍ക്ക് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന ജിഫ്രി തങ്ങളുടെ പഴയ പ്രസംഗവും മറുപടിയായി എത്തിയിട്ടുണ്ട്.
സലാമിനെതിരെ സമസ്ത യുവനേതാക്കള്‍ നല്‍കിയ പരാതി പ്രധാനമായും കുഞ്ഞാലിക്കുട്ടിയെയാണ് അഡ്രസ് ചെയ്തത്. സി.ഐ.സി. വിഷയത്തില്‍ സാദിഖലി തങ്ങളോട് പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടാകാതിരുന്നതാണ് കത്ത് കുഞ്ഞാലിക്കുട്ടിക്ക് നല്‍കാനുണ്ടായ കാരണം. ഇതും സാദിഖലി തങ്ങളെ പ്രകോപിപ്പിച്ചതായാണ് സൂചന.
സലാം വിഷയത്തില്‍ സമസ്തക്ക് വഴങ്ങേണ്ടെന്ന് ലീഗിലെ ഒരു പക്ഷം ശക്തമായി വാദിക്കുന്നുണ്ട്. സി.പി.എം. സഹകരണം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സമസ്ത സ്വന്തം വഴിയിലാണെന്നും ഇത് അംഗീകരിച്ചു കൊടുക്കേണ്ടെന്നുമാണ് ഇവരുടെ നിലപാട്. ഒപ്പം പാണക്കാട് കുടുംബത്തിന് സമസ്തയില്‍ നേരത്തെയുണ്ടായിരുന്ന ആദരം ഇപ്പോള്‍ കിട്ടുന്നില്ലെന്ന വിമര്‍ശനവും ഉണ്ട്.
ഇതെല്ലാം സമസ്തയിലെ സി.പി.എം. അനുകൂല പക്ഷത്തിന്റെ തീരുമാനങ്ങളാണെന്നും ഇതിനെ നേരിടണമെന്നും ഇവര്‍ നിലപാടെടുത്തു. സംഘടനയുടെ വാട്‌സപ്പ് ഗ്രൂപ്പില്‍ വന്ന ലീഗ് വൈസ് പ്രസിഡണ്ട് എം.സി. മായിന്‍ ഹാജിയുടെ ശബ്ദസന്ദേശം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എസ്.വൈ.എസ്. ഓര്‍ഗനൈസിങ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് കമ്മ്യൂണിസത്തെ വെള്ള പൂശി സംസാരിക്കുന്നുണ്ടെന്നും ഇത്തരക്കാരെ നേരിടുമെന്നുമാണ് മായിന്‍ ഹാജിയുടെ വെല്ലുവിളി.
ലീഗുമായുള്ള അകല്‍ച്ചയും സി.പി.എമ്മിനോടുള്ള അടുപ്പവും
ലീഗ് നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രമാവാന്‍ സമസ്തയില്‍ ദീര്‍ഘനാളായി ശ്രമം നടക്കുന്നുണ്ട്. പാണക്കാട് കുടുബവുമായും ലീഗുമായുമായും സമസ്തക്കുള്ള ഇഴയടുപ്പം അത്രമേല്‍ ശക്തമായതിനാല്‍ ബന്ധ വിച്ഛേദം ഉദ്ദേശിച്ച രീതിയില്‍ നടന്നിരുന്നില്ല. ജിഫ്രി തങ്ങള്‍ പ്രസിഡണ്ടായതോടെ സമസ്ത സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കുന്നതിന് വേഗം കൂടി. അതിനകം തന്നെ സമസ്തയുടെ പോഷക ഘടകങ്ങള്‍ സംഘടനാപരമായി ശാക്തീകരിക്കപ്പെട്ടിരുന്നു. പോഷക സംഘടനാ നേതൃത്വം ജിഫ്രി തങ്ങള്‍ക്ക് പിന്നില്‍ അടിയുറച്ച നിലപാടെടുത്തു.
സമസ്തയെ നിയന്ത്രിക്കാന്‍ ലീഗ് നടത്തിയ ശ്രമങ്ങളെല്ലാം പിന്നീട് വിപരീത ഫലങ്ങളുണ്ടാക്കി. സമസ്ത സ്വന്തം നിലയില്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത് തടയാന്‍ ലീഗ് ശ്രമിച്ചു. വഹാബിസത്തിനെതിരെ സമസ്ത പ്രഖ്യാപിച്ച കാംപെയിന്‍ നിര്‍ത്തിവെക്കാന്‍ ലീഗ് കേന്ദ്രങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടായി. സമസ്ത മുഖപത്രമായ സുപ്രഭാതത്തിനെതിരെ പ്രചാരണം നടത്തി. ലീഗ് നടത്തിയ ഈ നീക്കങ്ങളെല്ലാം പക്ഷെ സമസ്തക്ക് മറികടക്കാനായി.
2016-ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം സമസ്തയുമായി നേരിട്ട് ബന്ധമുണ്ടാക്കി. പൗരത്വ ബില്‍ പ്രക്ഷോഭ കാലത്തും വഖഫ് വിവാദ കാലത്തും ഇത് പ്രകടമായി. പള്ളികളില്‍ പ്രതിഷേധിക്കാനുള്ള ലീഗ് തീരുമാനം അട്ടിമറിക്കപ്പെട്ടത് സമസ്തയെടുത്ത നിലപാടിന്റെ ഫലമായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഇരുപക്ഷത്തെയും നേതാക്കള്‍ ഇടക്കിടെ ഒരുമിച്ചിരിക്കാറുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് തെളിയിക്കുന്നതാണ് പുതുതായി രൂപപ്പെടുന്ന വിവാദങ്ങള്‍.
ലീഗുമായി ബന്ധമുണ്ടെങ്കിലും സമസ്തക്ക് പ്രത്യേക രാഷ്ട്രീയ അനുഭാവം ഇല്ലെന്നാണ് സംഘടനയുടെ നിലപാട്. സംഘടനാപരമായി ശാക്തീകരിക്കപ്പെട്ട സമസ്തയോട് നേരിട്ട് ഏറ്റുമുട്ടുന്നത് പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കുമെന്ന് ആശങ്കപ്പെടുന്ന ലീഗ് നേതാക്കളുമുണ്ട്. സാഹചര്യം സി.പി.എം. ഉപയോഗിക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. കെ.ടി. ജലീലിന്റെ ഇപ്പോഴത്തെ സമസ്ത സ്‌നേഹവും ഇതിന്റെ ഭാഗമായിട്ടാണ് ഇവര്‍ കാണുന്നത്.
89-ലും സമാന സാഹചര്യം ലീഗ് നേരിട്ടതാണ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സമസ്തയുടെ സ്വതന്ത്ര അസ്ഥിത്വത്തിന് വാദിച്ചപ്പോള്‍ സമസ്തയെ പിളര്‍ത്തിയാണ് ലീഗ് അത് കൈകാര്യം ചെയ്തത്. അന്ന് സമസ്തയിലെ ബഹുഭൂരിപക്ഷത്തിനെയും ഒപ്പം നിര്‍ത്താന്‍ ലീഗിന് കഴിഞ്ഞു. ജിഫ്രി തങ്ങളുടെ നിലപാടുകള്‍ക്കൊപ്പമാണ് ഇപ്പോള്‍ സമസ്തയിലെ ഭൂരിപക്ഷവുമുള്ളത്. എന്നാൽ ചരിത്രത്തിന്റെ ആവര്‍ത്തനം ഇനി അത്ര എളുപ്പമാകില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക