സംഘര്‍ഷം സൈബര്‍ മേഖലയിലും; ഇസ്രയേലിൻ്റെ സർക്കാർ സൈറ്റുകളും വ്യോമ പ്രതിരോധ സംവിധാനവും ഹാക്കർമാർ തകർത്തു, ഹമാസ് സൈറ്റുകൾ ആക്രമിച്ച് ഇന്ത്യൻ ഹാക്കർമാരും

ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷം സൈബര്‍ മേഖലയിലേക്കും വ്യാപിക്കുന്നു. റഷ്യന്‍ ഹാക്കര്‍മാരും ഇസ്രയേല്‍ വിരുദ്ധ രാജ്യങ്ങളിലെ ഹാക്കര്‍മാരും ചേര്‍ന്ന് ഇസ്രയേലിനെതിരെ സൈബര്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ തൊട്ട് സുപ്രധാന വ്യോമ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോം വരെ സൈബര്‍ ആക്രമണത്തിന് ഇരയായി. ഇതിനു മറുപടിയായി ഹമാസിന്റെ വെബ് സൈറ്റുകള്‍ക്കു നേരെ ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘം ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഇസ്രയേലി വെബ് സൈറ്റായ gov.il ന്റെ പ്രവര്‍ത്തനം താറുമാറായതിനു പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ സംഘമായ കില്‍നെറ്റാണ്. ടെലഗ്രാമിലെ തങ്ങളുടെ പേജ് വഴി കില്‍നെറ്റ് തന്നെ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നണ് റിപ്പോർട്ട്. ‘ഈ രക്തചൊരിച്ചിലിന് ഉത്തരവാദി ഇസ്രയേലി സര്‍ക്കാരാണ്. 2022ല്‍ യുക്രെയ്‌നിലെ ഭീകരരുടെ ഭരണകൂടത്തെ പിന്തുണച്ചവരാണ് നിങ്ങള്‍. റഷ്യയെ ചതിച്ചവര്‍. ഇസ്രയേലിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ വെബ് സൈറ്റുകളേയും ഞങ്ങള്‍ ആക്രമിച്ചിരിക്കുന്നു’ എന്നാണ് കില്‍നെറ്റിന്റെ സന്ദേശം പറയുന്നത്. ഇസ്രയേലി പൗരന്മാര്‍ക്കു നേരെയല്ല ഭരണകൂടത്തിനെതിരെയാണ് തങ്ങളുടെ ആക്രമണണെന്നാണ് കില്‍നെറ്റ് വിശദീകരിക്കുന്നത്.

അനോണിമസ് സുഡാന്‍ എന്ന ഹാക്കിവിസ്റ്റ് ഗ്രൂപ്പും ഹമാസ് പക്ഷത്തു ചേര്‍ന്ന് ഇസ്രയേലിനെതിരെ സൈബര്‍ ആക്രമണം നടത്തിയതായി പറയപ്പെടുന്നു. ഇവര്‍ക്ക് സുഡാനുമായല്ല റഷ്യയുമായാണ് ബന്ധമെന്നും ആരോപണവുമുണ്ട്. ദ ജറൂസലേം പോസ്റ്റ് എന്ന ഇസ്രയേലി മാധ്യമത്തിന്റെ വെബ്‌സൈറ്റാണ് അനോണിമസ് ലക്ഷ്യം വെച്ചത്. തങ്ങളുടെ വെബ് സൈറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായെന്ന വിവരം എക്‌സ് വഴി ദ ജറൂസലേം പോസ്റ്റ് തന്നെയാണ് അറിയിച്ചത്.

ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിനെ തന്നെ ആക്രമിച്ച് യുദ്ധത്തില്‍ നേരിട്ട് ഇടപെടാന്‍ അനോണിമസ് സുഡാന്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മാത്രമല്ല ഇസ്രയേലിലെ മുന്നറിയിപ്പ് സംവിധാനങ്ങളിലും ഈ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. മറ്റൊരു റഷ്യന്‍ ഹാക്കര്‍മാരുടെ സംഘമായ സൈബര്‍ ആര്‍മി ഓഫ് റഷ്യ ഇസ്രയേലിനെയാണോ ഫലസ്തീനെയാണോ പിന്തുണക്കേണ്ടത് എന്നു ചോദിച്ചുകൊണ്ട് അഭിപ്രായ സര്‍വേയും നടത്തി.

ഇസ്രയേല്‍ അനുകൂല ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘം ഹമാസ് വെബ്‌സൈറ്റിനു നേരെ സൈബര്‍ ആക്രമണം നടത്തി. ഇന്ത്യ സൈബര്‍ ഫോഴ്‌സ് എന്ന പേരിലുള്ള ഹാക്കര്‍മാരാണ് ഹമാസിനെതിരെ തിരിഞ്ഞത്. നാഷണല്‍ ബാങ്ക് (tns.ps/en), ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി (palter.ps) എന്നീ വെബ്‌സൈറ്റുകള്‍ക്കു നേരേയും ഹമാസിന്റെ ഔദ്യോഗിക സൈറ്റായ hamas.ps നു നേരെയുമാണ് ആക്രമണമുണ്ടായത്. സൈലന്‍വണ്‍, ഗരുണ ഓപ്‌സ്, ടീം യുസിസി ഓപ്‌സ് എന്നീ ഹാക്കര്‍മാരുടെ സംഘങ്ങളും ഇസ്രയേലിന് അനുകൂലമായി സൈബര്‍ ലോകത്ത് അണി നിരന്നിട്ടുണ്ട്.

പാകിസ്ഥാനില്‍ നിന്നുള്ള ടീം ഇന്‍സേന്‍ പികെ ഇസ്രയേലിലെ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കിയെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും പാക് ഹാക്കര്‍മാര്‍ അറിയിച്ചു. ഹാക്കര്‍മാര്‍ ഇസ്രയേലി -ഹമാസ് വെബ് സൈറ്റുകള്‍ക്കും ഐ.ടി സംവിധാനങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടാവുന്നുണ്ടെന്ന് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഗ്രൂപ്പ് ഐബി എന്ന സൈബര്‍ സുരക്ഷാ കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!