അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; നവംബര്‍ ഏഴിന് ആരംഭിക്കും, എന്‍ഡിഎ-ഇന്ത്യ മുന്നണികൾക്ക് നിർണായകമാകും തെരഞ്ഞെടുപ്പ്

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റ ഘട്ടമായിട്ടുമാണ് തിരഞ്ഞെടുപ്പ്‌.

മിസോറാമില്‍ നവംബര്‍ ഏഴിനാണ്‌ വോട്ടെടുപ്പ്. ഛത്തീസ്ഗഢില്‍ ആദ്യഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17നും നടക്കും. ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്ഥാനില്‍ ഒറ്റഘട്ടമായി നവംബര്‍ 23ന് നടക്കും. ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ നവംബര്‍ 30നാണ് വോട്ടെടുപ്പ്.

മിസോറാമില്‍ ഒക്ടോബര്‍ 13-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 20-നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 21-ന് സൂക്ഷ്മപരിശോധന. 23-ന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ഛത്തീസ്ഗഢില്‍ ആദ്യഘട്ടത്തിനുള്ള വിജ്ഞാപനം ഒക്ടോബര്‍ 13-ന് പുറത്തിറങ്ങും. 20-ന് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 21-ന് സൂക്ഷ്മപരിശോധന. 23-ന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പിനുമുള്ള വിജ്ഞാപനം ഒക്ടോബര്‍ 21-ന് പുറത്തിറങ്ങും. 30 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 31-ന് സൂക്ഷമപരിശോധന. നവംബര്‍ രണ്ടിന് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

രാജസ്ഥാനില്‍ ഒക്ടോബര്‍ 30-നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുക. നവംബര്‍ ആറുവരെ നാമര്‍നിര്‍ദേശപത്രിക സമര്‍പ്പിക്കാം. ഏഴിന് സൂക്ഷ്മപരിശോധന. ഒമ്പതുവരെ നാമനിര്‍ദേപത്രിക പിന്‍വലിക്കാം.

നവംബര്‍ മൂന്നിന് വിജ്ഞാപനം പുറത്തിറങ്ങുന്ന തെലങ്കാനയില്‍ 10നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി. 13ന് സൂക്ഷമപരിശോധനയും പത്രികപിന്‍വലിക്കാനുള്ള അവസാനതീയതി നവംബര്‍ 15.

ന്യൂഡല്‍ഹി ആകാശവാണിയുടെ രംഗ് ഭവന്‍ ഓഡിറ്റോറിയത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

മധ്യപ്രദേശ് ബി.ജെ.പി.യും മിസോറം എന്‍.ഡി.എ. സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടുമാണ് ഭരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസാണ് ഭരണത്തില്‍. തെലങ്കാനയില്‍ കെ. ചന്ദ്രശേഖരറാവുവിന്റെ ബി.ആര്‍.എസ്. ആണ് ഭരിക്കുന്നത്.

തെലങ്കാന, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമില്‍ ഡിസംബര്‍ 17-ന് കാലാവധി പൂര്‍ത്തിയാകും. മിസോറാമില്‍ 40, തെലങ്കാനയില്‍ 119, രാജസ്ഥാനില്‍ 200, മധ്യപ്രദേശില്‍ 230, ഛത്തീസ്ഗഢില്‍ 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ 8.52 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഛത്തീസ്ഗഢില്‍ 2.03 കോടി, മധ്യപ്രദേശില്‍ 5.6 കോടി, രാജസ്ഥാനില്‍ 5.25 കോടി, തെലങ്കാനയില്‍ 3.17 കോടി വോട്ടാര്‍മാരും ജനവിധിയെഴുതും.

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കേ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് നിര്‍ണായകമായ ജനവിധിക്കാണ് അരങ്ങൊരുങ്ങുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍ഡിഎ-ഇന്ത്യ മുന്നണികളുടെ ബലപരീക്ഷണം കൂടിയാണ് അഞ്ച് സംസ്ഥാങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!