സൗദി നിരത്തുകൾ ഇനി ഇലക്ട്രിക് വാഹനങ്ങളുടേതാകും; രാജ്യവ്യാപകമായി അതിവേഗ ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി പുതിയ കമ്പനി

സൗദിയിൽ ഇലക്ട്രിക് കാർ നിർമാണം ആരംഭിച്ചതിന് പിറകെ,  ഇലക്ട്രിക് കാറുകൾക്കായി അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി പുതിയ  കമ്പനി രൂപീകരിച്ചു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സൗദി ഇലക്‌ട്രിസിറ്റി കമ്പനിയും ചേർന്നാണ് ഇലക്‌ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചത്. പുതിയ കമ്പനിയിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 75 ശതമാനവും,  സൗദി ഇലക്‌ട്രിസിറ്റി കമ്പനിക്ക് 25 ശതമാനവും പങ്കാളിത്തമാണ് ഉണ്ടാവുക.

ഇലക്ട്രിക് വാഹനങ്ങളുടെ അതിവേഗ ചാർജിംഗ് സേവനങ്ങൾക്ക് വേണ്ടി ഉയർന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് പ്രാദേശികമായി ഇലക്ട്രിക് കാർ സംവിധാനം ശക്തിപ്പെടുത്തുന്നതിനും അവയുടെ ഉപയോഗം വ്യാപകമാക്കുന്നതിനും സഹായിക്കും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

2030-ഓടെ രാജ്യത്തുടനീളം 5,000-ലധികം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മുഴുവൻ നഗരങ്ങളിലും അവയെ ബന്ധിപ്പിക്കുന്ന റോഡുകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.

ഇലക്ട്രിക് കാർ കമ്പനികളുമായി സഹകരിച്ച് ഭാവിയിലെ ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയുടെയും അതിന്റെ സംവിധാനത്തിന്റെയും വളർച്ച വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ചാർജിംഗ് പോയിൻ്റുകളുടെ ശൃംഖല വികസിപ്പിക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കും. കൂടാതെ പ്രാദേശിക വൈദഗ്ധ്യവും വഴക്കവും വർദ്ധിപ്പിക്കുന്നതിനായി നൂതന സാങ്കേതികവിദ്യകൾ ആവശ്യമുള്ള വസ്തുക്കളുടെ ഗവേഷണം, വികസനം, നിർമ്മാണം എന്നിവ പ്രാദേശികവൽക്കരിക്കാനും ഇതിലൂടെ ലക്ഷ്യംവെക്കുന്നു.

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർനിർമാതാക്കളായ ലൂസിഡ് കമ്പനി സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം നിർമാണം ആരംഭിച്ചിരുന്നു. 117 ബില്യൺ ഡോളറിെൻറ കയറ്റുമതി പ്രതീക്ഷിക്കുന്ന കമ്പനി പ്രാദേശിക വിപണിയും ലക്ഷ്യം വെക്കുന്നുണ്ട്. ഇതിന് സഹായകരാകുംവിധമാണ് ചാർജിംഗ് പോയിൻ്റുകളുടെ നിർമാണം.

ജിദ്ദക്ക് സമീപം റാബിഖിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ലൂസിഡ് ഗ്രൂപ്പിെൻറ എ.എം.പി-2 ഫാക്ടറി പ്രവർത്തിക്കുന്നത്.  ആദ്യഘട്ടത്തിൽ പ്രതിവർഷം 5,000 കാറുകളാണ് നിർമിക്കുന്നത്. തുടർ ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ഉദ്പാദന ശേഷി പ്രതിവർഷം 1,55,000 കാറുകളായി ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

 

 

ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ ഇലക്ട്രിക് കാറുകളുടെ വ്യാപകമായ ഉപയോഗത്തിലേക്കുള്ള മാറ്റത്തിനാണ് ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ഉദ്ധേശിക്കുന്നതെന്ന്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലെ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഒമർ അൽ-മാഡി ഊന്നിപ്പറഞ്ഞു.

“ഇലക്‌ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി” യുടെ സമാരംഭം, ഓട്ടോമോട്ടീവ് മേഖലയിലെ രാജ്യത്തിന്റെ കഴിവുകളും ആഗോളതലത്തിലെ മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിനും, ഈ മേഖലയിലെ അന്താരാഷ്ട്ര നേതൃത്വത്തെ ഏകീകരിക്കുക എന്ന ഭാവി ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നീക്കത്തിൻ്റെ ഭാഗമാണ്.

രാജ്യത്തെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളെ കമ്പനി പിന്തുണയ്ക്കുകയും മൊത്തം ആഭ്യന്തര ഉൽപ്പാദന വളർച്ച വർദ്ധിപ്പിക്കുകയും ഓട്ടോമോട്ടീവ്, മൊബിലിറ്റി മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!