കരയുദ്ധത്തിന് ഒരുങ്ങി ഇസ്രയേല്‍, ഒരു ലക്ഷത്തോളം സൈനികരെ വിന്യസിച്ചു; ഇരുഭാഗത്തുമായി മരണം 1100 കവിഞ്ഞു – വീഡിയോ

ഗസയിൽ ഇസ്രായേൽ സേന നടത്തികൊണ്ടിരിക്കുന്ന വ്യോമാക്രമണം തുടരുന്നതിനിടെ, ഗസയില്‍ പ്രവേശിച്ച് ഹമാസിനെതിരെ കരയുദ്ധം നടത്താന്‍ ഇസ്രയേല്‍ നീക്കമാരംഭിച്ചു. 48 മണിക്കൂറിനകം ഗാസയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഒരുലക്ഷം റിസര്‍വ് സൈനികരെ ഇസ്രയേല്‍ വിന്യസിച്ചു. അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും തുടങ്ങി. നിലവില്‍ മൂന്നിടത്തായി ഹമാസും ഇസ്രയേലും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

അതിനിടെ ഏറ്റുമുട്ടലുകളില്‍ മരിച്ചവരുടെ എണ്ണം 1100 കവിഞ്ഞു. ഇതില്‍ 700 പേര്‍ ഇസ്രയേലികളാണ്. ഇസ്രയേലിന്റെ ആക്രമണത്തില്‍ 400 പേരും മരിച്ചു. ഹമാസിന്റെ ആക്രമണം ഉണ്ടായ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്നും 260 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. അമേരിക്കന്‍ പൗരന്‍മാരടക്കമുള്ള വിദേശികള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് കണക്ക്. 100 പേരെ ഹമാസ് ബന്ദിയാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇതില്‍ അമേരിക്കന്‍ പൗരന്‍മാരടക്കമുള്ള വിദേശികളുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്.

ഇസ്രയേലിലെ ആഷ്കലോണിലേക്ക് ഗസയിൽ നിന്നും ശക്തമായ മിസൈലാക്രമണം. ഹമാസ് ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്.

അതേസമയം, ഇസ്രയേലിനെ സഹായിക്കാന്‍ മേഖലയില്‍ അമേരിക്കയും സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചു. അമേരിക്കൻ പടക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങി. ഇസ്രയേലിന് അധിക ഉപകരണങ്ങളും വെടിക്കോപ്പുകളും നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കി.

അതിനിടെ ഇസ്രയേല്‍- ഹമാസ് യുദ്ധം വിലയിരുത്താന്‍ യുഎന്‍ രക്ഷാസമിതി ചേര്‍ന്നു. ഹമാസ് ആക്രമണത്തെ അപലപിക്കണമെന്ന് അമേരിക്ക നിലപാടെടുത്തെങ്കിലും അടിയന്തര നടപടി ഉണ്ടായില്ല. ഭൂരിഭാഗം അംഗങ്ങളും ഹമാസ് ആക്രമണത്തെ അപലപിച്ചു. 15 അംഗങ്ങളും ഒറ്റക്കെട്ടായി അപലപിക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. യുദ്ധം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും റഷ്യ ആവശ്യപ്പെട്ടപ്പോള്‍ സാധാരണക്കാര്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നായിരുന്നു ചൈനയുടെ നിലപാട്.

അതേ സമയം യുദ്ധം ആരംഭിച്ചത് മുതൽ ഇത് വരെ ഇസ്രായേൽ ഗസ്സയിൽ 1,000 ടണ് ബോംബ് വർഷിച്ചതായി ഹമാസ് വ്യക്തമാക്കി.  ഗസയിൽ ഇപ്പോഴും വ്യാമാക്രമണം തുടരുകയാണ്.

 

ഗസ സ്ട്രിപ്പിലെ ഖാൻ യൂനിസിലെ പള്ളി ഇസ്രായേൽ സേന വ്യമാക്രമണത്തിലൂടെ തകർത്തു.

ഒറ്റരാത്രികൊണ്ട്, ഗാസയിലെ ഹമാസ് ഉദ്യോഗസ്ഥരുടെ ഭവന ബ്ലോക്കുകൾ, തുരങ്കങ്ങൾ, ഒരു പള്ളി, വീടുകൾ എന്നിവയ്ക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി.

വെസ്റ്റ് ബാങ്കിലും ഗാസയിലുമായി 91 കുട്ടികളടക്കം 450 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗാസ സ്ട്രിപ്പ് വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

“അധിനിവേശക്കാരനെ പിന്തുണയ്ക്കാൻ ഒരു വിമാനവാഹിനിക്കപ്പൽ ഈ മേഖലയിലേക്ക് അയയ്ക്കുന്നു എന്ന യുഎസ് പ്രഖ്യാപനം നമ്മുടെ ജനങ്ങൾക്കെതിരായ ആക്രമണത്തിൽ യഥാർത്ഥ പങ്കാളിത്തമാണെന്നും അധിനിവേശ സൈന്യത്തിന്റെ തകർന്ന മനോവീര്യം വീണ്ടെടുക്കാനുള്ള ശ്രമമാണ്” എന്നും ഹമാസ് വക്താവ് ഹസീം ഖാസിം പറഞ്ഞു,

“വർഷങ്ങളായി” ഇസ്രായേലികളെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് തടയുന്ന ഒരു പരിധിവരെ ഹമാസിന്റെ “സൈനിക, ഭരണ കഴിവുകൾ” നശിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!